Connect with us

National

ഇന്ദിരയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരുണ്‍ ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും. ഇരുവരും ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറ്റിയവരാണെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. 1975ലെ അടിയന്തരാവസ്ഥയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരെ ആക്രമണം രൂക്ഷമാക്കാനുള്ള ബി ജെ പി തീരുമാനത്തിന്റെ ഭാഗമാണ് ജെയ്റ്റ്‌ലിയുടെ അഭിപ്രായപ്രകടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ബ്ലോഗിലാണ് ജെയ്റ്റ്‌ലിയുടെ പരാമര്‍ശങ്ങള്‍ ഉള്ളത്.

ഹിറ്റ്‌ലറേക്കാള്‍ ഒരു പടികൂടി കടന്ന് ഇന്ത്യയെ കുടംബവാഴ്ചാ ജനാധിപത്യത്തിലേക്ക് നയിക്കാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചതെന്ന് ബ്ലോഗില്‍ പറയുന്നു. ഹിറ്റ്‌ലറും ഇന്ദിരയും ഒരിക്കലും ഭരണഘടന റദ്ദാക്കിയില്ല. ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപേക്ഷിക്കുകയാണ് ചെയ്തത്. മിക്ക പ്രതിപക്ഷ അംഗങ്ങളെയും അറസ്റ്റ് ചെയ്ത് ന്യൂനപക്ഷ സര്‍ക്കാറിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സര്‍ക്കാറാക്കുകയായിരുന്നു ഹിറ്റ്‌ലര്‍. ഭരണഘടനാ വ്യവസ്ഥകളെ ഉപയോഗിച്ച് ഭരണഘടനാപരമായ ഏകാധിപത്യം സൃഷ്ടിക്കുകയാണ് ഇന്ദിര ചെയ്തതെന്നും ജെയ്റ്റ്‌ലി എഴുതുന്നു.

ജര്‍മനിക്ക് ഒരു അധികാരിയേ ഉള്ളൂ; അത് ഹിറ്റ്‌ലറാണെന്നായിരുന്നു നാസി നേതാവ് പറഞ്ഞത്. അതുപോലെ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ദേവകാന്ത ബറുവ പറഞ്ഞത് ഇന്ദിരയെന്നാല്‍ ഇന്ത്യ; ഇന്ത്യയെന്നാല്‍ ഇന്ദിര എന്നായിരുന്നുവെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.