Connect with us

Gulf

അറ്റ്‌ലസ് രാമചന്ദ്രന്‍: നമുക്കൊപ്പമുണ്ടായിരുന്നു അപ്പോഴും

Published

|

Last Updated

അറ്റ്‌ലസ് രാമചന്ദ്രനും ഭാര്യ ഇന്ദിരയും (ഫയല്‍)

ദുബൈ: ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ കേസുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ അറിയുന്നതിന്നായി സിറാജിലെ സഹപ്രവര്‍ത്തകന്‍ റാശിദ് പൂമാടവുമൊത്ത് ബര്‍ ദുബൈയില്‍ അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര താമസിക്കുന്ന ഫഌറ്റിലെത്തിയത്. വിഷുദിനത്തിന്റെ ആഘോഷ ചുറ്റുപാടുകളൊന്നുമുണ്ടായിരുന്നില്ല ആ വീട്ടില്‍. എന്നിരുന്നാലും അവര്‍ അന്ന് അല്‍പം ആശ്വാസത്തിലായിരുന്നു. അന്ന് ഉച്ചക്ക് മുറഖബാത് പോലീസ് സ്റ്റേഷനില്‍ വെച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന തന്റെ ഏട്ടനെ അടുത്ത് നിന്ന് കാണാനും ഏതാനും വാക്കുകള്‍ സംസാരിക്കാനുമായതിലെ ആശ്വാസം. ആ സംസാരത്തിനിടെ പലപ്പോഴും വാക്കുകള്‍ മുറിഞ്ഞുപോയിരുന്നുവത്രെ. വിഷു ദിവസമല്ലേ ഇന്ന്… ഒന്ന് മാത്രം ചോദിച്ചു. വല്ലതും കഴിച്ചോ ഇന്ന്. കഴിച്ചെന്ന് മറുപടി പറഞ്ഞുവെന്ന് ഇന്ദിര.

പ്രായത്തിന്റെയും കേസുമായി എവിടെയൊക്കെയോ ഓടിത്തളരുന്നതിന്റെയും അവശതകള്‍ വാക്കുകളില്‍ അപ്പാടെയുണ്ടായിരുന്നു. പത്രത്തില്‍ നിന്നാണ് ഞങ്ങളെന്നത് അവര്‍ക്ക് അങ്കലാപ്പുണ്ടാക്കിയ പോലെയാണ് തോന്നിയത്. വാര്‍ത്ത എഴുതാനാണോ. അല്ല എന്ന് ഞങ്ങള്‍. തൊട്ട് മുന്‍ദിവസം ദുബൈയിലെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ വിഷയം അന്വേഷിച്ചുവെന്നും കേസിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ സന്ദര്‍ശനമെന്നും വാര്‍ത്ത കൊടുക്കാനല്ലെന്നും പറഞ്ഞു. ആയിടെ ചില മാധ്യമങ്ങള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാവും എന്ന രീതിയില്‍ വാര്‍ത്ത കൊടുത്തതിന്റെ ആഘാതത്തില്‍ നിന്നായിരുന്നു അവരുടെ ആശങ്ക. അത്തരം വാര്‍ത്തകള്‍ കേസിന്റെ നടപടികള്‍ക്കിടയില്‍ വലിയ വിഷമങ്ങളുണ്ടാക്കിയതായും അവര്‍ പറഞ്ഞു.

കേസിന്റെ വഴികളില്‍ അവര്‍ അനുഭവിച്ചു വരുന്ന നിരവധി കാര്യങ്ങളെക്കുറിച്ചായി സംസാരം. സഹായത്തിനു ആരുമില്ലാത്ത അവസ്ഥയില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കപ്പെട്ടതിനെ പറ്റി, ബിസിനസില്‍ ഒരിക്കല്‍ പോലും ഇടപെടാതെ കഴിഞ്ഞ തനിക്ക് പല കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടിവന്നതിന്റെയും ഏറ്റെടുക്കേണ്ടി വന്നപ്പോഴുമുണ്ടായ അങ്കലാപ്പിന്റെ, വസ്തുവകകള്‍ വില്‍പനക്ക് വെച്ചപ്പോള്‍ സാഹചര്യം മുതലെടുത്ത് വിലകുറഞ്ഞതിനെ പറ്റി തുടങ്ങി ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന ദുര്‍വിധി ഏകയായി അനുഭവിച്ചു തീര്‍ത്തതിനെക്കുറിച്ച് എല്ലാം. അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന തന്റെ പ്രിയ ഭര്‍ത്താവ് എങ്ങിനെയെങ്കിലും പുറത്തിറങ്ങിയാല്‍ ഈ കാര്യങ്ങളിലൊക്കെ ഒരു തീര്‍പുവരുത്താനാകുമെന്ന ശുഭാപ്തി വിശ്വാസം മാത്രമാണ് മുന്നോട്ടുപോകാനുള്ള ശക്തി.

സംസാരം പൂര്‍ത്തിയാക്കി പുറത്തിറങ്ങാനൊരുങ്ങവെ വീട്ടിലെ ലാന്‍ഡ് ഫോണ്‍ റിംഗ് ചെയ്തു. മറുതലക്കല്‍ രാമചന്ദ്രനാണ്. ജയിലില്‍ നിന്ന് ഒരു ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് വിളിക്കാനാവും. അത് വീട്ടിലെ ഈ നമ്പറാണ്. “ഞാന്‍ പറഞ്ഞ ആളുകളില്ലേ അവരിവിടെ ഉണ്ട്” എന്ന് പറഞ്ഞ് ഇന്ദിര വയര്‍ലസ് ഫോണ്‍ എനിക്കു തന്നു. ഞാന്‍ അഭിവാദ്യം ചെയ്ത് പരിചയപ്പെടുത്തി. അദ്ദേഹം നാടും വീടും കാര്യങ്ങളും വിശദമായി അന്വേഷിച്ചു. കാന്തപുരവുമായി കണ്ടതിന്റെ അനുഭവങ്ങള്‍ പറഞ്ഞു. സംസാരത്തിലും വാക്കുകളിലും ആത്മവിശ്വാസം ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്. പുറത്തുവന്ന് എല്ലാം ശരിയാക്കാനാവുമെന്ന ദൃഢവിശ്വാസവും. ഞാന്‍ ഇതുവരെ ഭാര്യയുമായി സംസാരിച്ച വിഷയങ്ങളെപ്പറ്റി പറഞ്ഞു. സഹായിക്കാനാവുന്നതു പോലെ ചെയ്യുമെന്നും ഒന്നിനുമായില്ലെങ്കിലും നന്മ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും ആഗ്രഹിക്കുന്ന പോലെ അങ്ങയുടെ മോചനത്തിനു പ്രാര്‍ഥനകള്‍ ഉണ്ടാവുമെന്നും അറിയിച്ചു. വാര്‍ത്തകളില്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ വരുത്തരുതേ എന്ന് അദ്ദേഹത്തിനും നിര്‍ബന്ധമുണ്ടായിരുന്നു.

വിശുദ്ധ റമസാനില്‍ എത്തുന്ന ശുഭവാര്‍ത്തകളില്‍ അങ്ങയുടെ മോചനവാര്‍ത്തയുമുണ്ടാകട്ടെയെന്ന ആശംസയുടെ പുലര്‍ച്ച പോലെ ഇപ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായ വാര്‍ത്ത എത്തിയിരിക്കുന്നു. അത് ആ നന്മയെ സ്‌നേഹിച്ച മലയാളികള്‍ക്കുള്ള സന്തോഷവാര്‍ത്തകൂടിയാണ്.

വാണിജ്യ തിരക്കിനിടയിലും കലയെ നെഞ്ചോട് ചേര്‍ത്ത സഹൃദയന്‍

ദുബൈ: മലയാളികള്‍ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ വെറുമൊരു ബിസിനസുകാരനല്ല, സാഹിത്യവും സിനിമയും ഇഷ്ടപ്പെടുന്ന നല്ലൊരു സഹൃദയന്‍ കൂടിയാണ്.

തിരക്കിട്ട ജീവിതത്തിനിടയിലും സിനിമ നിര്‍മിക്കാനും അഭിനയിക്കാനും സമയം കണ്ടെത്തിയിരുന്ന അദ്ദേഹം യു എ ഇയിലെ സാംസ്‌കാരിക സദസുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. തന്റെ സ്വന്തം വീട്ടില്‍ പോലും സാഹിത്യ പരിപാടികള്‍ സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാ ജന്മദിനത്തിലും രാമചന്ദ്രന്റെ ദുബൈയിലെ വീട്ടിലെത്തിയിരുന്നത് ഒട്ടേറെ പേര്‍. അപ്രതീക്ഷിതമായി രാമചന്ദ്രന്‍ ജയിലില്‍ ആയപ്പോള്‍ മലയാളികള്‍ക്കും അതൊരു നടുക്കമായി. ഏതാണ്ട് മൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹം ജയില്‍ മോചിതനാകുമ്പോള്‍ ആ സന്തോഷത്തില്‍ മലയാളികളും പങ്കാളിയാകുന്നു.

തൃശൂര്‍ മധുക്കര മൂത്തേടത്ത് രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ 1970കളിലാണ് ജോലി തേടി ഗള്‍ഫിലെത്തിയത്. അതിനു മുമ്പ് അദ്ദേഹം നാട്ടില്‍ ബാങ്ക് ജീവനക്കാരനായിരുന്നു. കുവൈത്തില്‍ ബാങ്ക് ജീവനക്കാരനായിട്ടായിരുന്നു തുടക്കം. 1980കളുടെ അവസാനത്തില്‍ ആ ജോലി ഉപേക്ഷിച്ച് സ്വര്‍ണ വ്യാപാരത്തിലേക്കു പ്രവേശിച്ചു അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ്. അങ്ങനെ മൂത്തേടത്ത് രാമചന്ദ്രന്‍ “അറ്റ്‌ലസ് രാമചന്ദ്രന്‍” എന്ന് അറിയപ്പെടാന്‍ തുടങ്ങി.

കുവൈത്തിനെ ഇറാഖ് ആക്രമിച്ചതോടെ ബിസിനസ് തകര്‍ച്ചയിലേക്കു നീങ്ങിയപ്പോള്‍ ബിസിനസ് ആസ്ഥാനം ദുബൈയിലേക്കു മാറ്റി. പിന്നെ, ബിസിനസില്‍ തിളക്കമാര്‍ന്ന കുതിപ്പായിരുന്നു. “ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന് പരസ്യങ്ങളിലൂടെ സ്വയം പ്രത്യക്ഷപ്പെട്ട്, വിളിച്ചുപറഞ്ഞ് ഖ്യാതി നേടിയ അറ്റ്‌ലസ് രാമചന്ദ്രന്റെ സ്വര്‍ണ ബിസിനസ് ഗള്‍ഫില്‍ എല്ലായിടത്തും പടര്‍ന്നുപന്തലിച്ചു.

വെള്ള കോട്ടും സ്യൂട്ടും ധരിച്ച്, കീശയില്‍ ചുവന്ന റോസാപ്പൂ വച്ച് ബിസിനസ് ചടങ്ങുകളില്‍ നിറപുഞ്ചിരിയുമായി പ്രത്യക്ഷപ്പെടാറുള്ള രാമചന്ദ്രന്റെ ഉള്ളിലെ കലാകാരന്‍ എപ്പോഴും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് അദ്ദേഹം സിനിമാ ലോകത്തെത്തുന്നത്. ഭരതന്‍ സംവിധാനം ചെയ്ത “വൈശാലി” എന്ന ചിത്രമായിരുന്നു രാമചന്ദ്രന്‍ ആദ്യമായി നിര്‍മിച്ചത്. ചിത്രം കലാപരമായും സാമ്പത്തികമായും വന്‍ വിജയം നേടിയപ്പോള്‍ ആത്മവിശ്വാസം കൂടി. ഷാജി എന്‍ കരുണ്‍ ഒരുക്കിയ വാസ്തുഹാര, സിബി മലയില്‍ മോഹന്‍ലാല്‍ ടീമിന്റെ ധനം, ഹരികുമാര്‍-മമ്മുട്ടി-എം ടി എന്നിര്‍ ഒന്നിച്ച സുകൃതം എന്നിവയായിരുന്നു രാമചന്ദ്രന്‍ നിര്‍മിച്ച മറ്റു ചിത്രങ്ങള്‍. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡ്ഡിങ്, തത്ത്വമസി, ബോംബെ മിഠായി തുടങ്ങി ബാല്യകാല സഖി എന്ന ചിത്രത്തിലെത്തി നില്‍ക്കുന്നു അദ്ദേഹത്തിലെ അഭിനേതാവ്.