Connect with us

Kerala

പ്രാദേശിക സേനാ ആസ്ഥാനം കണ്ണൂരില്‍ നിന്ന് മാറ്റാന്‍ ശ്രമം

Published

|

Last Updated

കണ്ണൂരിലെ 122 ഇന്‍ഫന്ററി ബറ്റാലിയന്‍ (ടി എ) ആസ്ഥാനം

കണ്ണൂര്‍: മദ്രാസ് റെജിമെന്റിന് കീഴിലുള്ള 122 ഇന്‍ഫന്ററി ബറ്റാലിയന്‍ (ടി എ) കണ്ണൂരില്‍ നിന്ന് മാറ്റാന്‍ നീക്കം. ഇതോടെ സംസ്ഥാനത്തെ ഏക പ്രാദേശിക സേനാവ്യൂഹം നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനം ഇല്ലെന്ന ന്യായം പറഞ്ഞാണ് ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ സ്റ്റേഷന്‍ കമാന്‍ഡിന്റെ കൂടി ഒത്താശയോടെ പ്രാദേശിക സേനയെ നീക്കാനുള്ള നടപടികളാരംഭിച്ചത്.

ഇരുന്നൂറോളം സൈനികരുണ്ടായിരിക്കെ, കാന്റീന്‍ പൂട്ടാനുള്ള ഉത്തരവ് ഇറങ്ങി. ജൂണ്‍ 20ന് ശേഷം സൈനികരും കാര്‍ഡ് ഗുണഭോക്താക്കളും തൊട്ടടുത്ത ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്നാണ് ഉത്തരവ്. ഇത് ബറ്റാലിയന്‍ നിര്‍ത്തലാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണെന്നാണ് വിലയിരുത്തല്‍. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാന്റീന്‍ പൂട്ടുന്നതോടെ കണ്ണൂര്‍, വയനാട്, മാഹി പ്രദേശങ്ങളിലെ സൈനികരും ആശ്രിതരും പ്രയാസത്തിലാകും. ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നിലവില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

പ്രാദേശിക സേനയിലെ 150 ഓളം പേരുടെ സേവനം കഴിഞ്ഞയാഴ്ച മുതല്‍ ജമ്മു കശ്മീരിലേക്ക് മാറ്റിയതിലും അസ്വാഭാവികതയുണ്ടെന്നാണ് ആരോപണം. സ്വാഭാവിക നടപടിക്രമം എന്ന നിലക്ക് രണ്ടര വര്‍ഷത്തിന് ശേഷമാണ് ഇവര്‍ തിരിച്ചുവരിക. എന്നാല്‍, നേരത്തെയും സൈനികര്‍ സേവനത്തിനായി വിവിധ ഭാഗങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു നടപടിയുണ്ടായിട്ടില്ല.

2010ല്‍ പ്രാദേശിക സേനാ ആസ്ഥാനം കണ്ണൂരില്‍ നിന്ന് മാറ്റാനുള്ള നീക്കമുണ്ടായിരുന്നുവെങ്കിലും അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണി ഇടപെടുകയായിരുന്നു. കഴിഞ്ഞ മൂന്ന് തവണയായി രാജ്യത്തെ ഏറ്റവും മികച്ച ടെറിട്ടോറിയല്‍ ആര്‍മിയെന്ന അംഗീകാരം കണ്ണൂരിന് ലഭിച്ചിട്ടുണ്ട്. ദുരന്ത വേളകളില്‍ 122 ഇന്‍ഫന്ററി ബറ്റാലിയന്റെ സേവനം സംസ്ഥാനത്തിന് പ്രയോജനകരമായിരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപിടിത്തമുണ്ടായപ്പോഴടക്കം സേനയുടെ സേവനം ഏറെ ആശ്വാസകരമായിരുന്നു.

Latest