Connect with us

Ramzan

പ്രാര്‍ഥിക്കുന്ന ചുണ്ടുകളാണ് ആവശ്യം

Published

|

Last Updated

പ്രാര്‍ഥന പ്രകൃതിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. വിശ്വാസിയുടെ രക്ഷാകവചവും വിജയമന്ത്രവുമാണ്. വിവേകത്തിന്റെ ലക്ഷണവും ഈമാനിന്റെ വിളംബരവുമാണ്. പ്രതിസന്ധി ഘട്ടങ്ങള്‍ വിജയകരമായി തരണം ചെയ്യാനുള്ള ഒറ്റമൂലിയുമാണ്. സത്യവിശ്വാസിയുടെ ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നത് നിരന്തരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ആത്മാര്‍ഥമായ പ്രാര്‍ഥനകളാണ്.

ഭൗതിക- പരിഷ്‌കരണവാദികള്‍ വികലമാക്കാന്‍ ശ്രമിക്കുന്ന പദമാണ് പ്രാര്‍ഥന- പ്രാര്‍ഥനകളേയും പ്രാര്‍ഥിക്കുന്നവരേയും വിലകുറച്ച് കാണിക്കാന്‍ പരിഹാസപൂര്‍വം പറയുന്നതിങ്ങനെ: “പ്രാര്‍ഥിക്കുന്ന ചുണ്ടുകളല്ല, പ്രവര്‍ത്തിക്കുന്ന കരങ്ങളാണാവശ്യം.” സത്യത്തില്‍ പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ക്ക് ശക്തിയും ഊര്‍ജവും പകരുന്നത് പ്രാര്‍ഥനകള്‍ തന്നെയാണ്. ലോകത്ത് നടന്ന സമരങ്ങളിലും വിജയങ്ങളിലും തെളിയിക്കപ്പെട്ട യാഥാര്‍ഥ്യവുമാണത്.

പ്രാര്‍ഥന അല്ലാഹുവോട് മാത്രമെന്ന് ചങ്ക് പൊട്ടിക്കുന്ന ബിദ്ഇകളുടെ കബളിപ്പിക്കല്‍ കേട്ടാല്‍ തോന്നും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവരുണ്ടെന്ന്. മുസ്‌ലിംകള്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ഥിക്കുന്നുള്ളൂ. നിങ്ങളെന്നോട് പ്രാര്‍ഥിക്കൂ ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കുമെന്ന് അല്ലാഹു തറപ്പിച്ചു പറയുന്നുണ്ട്. (ഗാഫിര്‍ 60)

മഹാത്മാക്കളെ സമീപിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ കൂടുതല്‍ ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരെ വിളിച്ച് സഹായം തേടുന്നുവെന്ന് മാത്രം. ഇവിടെ പ്രാര്‍ഥന അല്ലാഹുവിനോട് തന്നെയാണ്.

സത്യവിശ്വാസിയുടെ മനസ്സ് സദാ പ്രാര്‍ഥനാ നിരതമായിരിക്കണം. പ്രാര്‍ഥനകള്‍ അധരങ്ങളിലൂടെ ഒഴുകണം. അവന്റെ ജീവിതത്തെ അത് ധന്യമാക്കുകയും അവനെ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും വേണം. ജീവിതത്തിലൂടനീളം പ്രാര്‍ഥനകളാണ്. ഉണ്ണുക, ഉടുക്കുക, ഉറങ്ങുക, ഉല്ലസിക്കുക തുടങ്ങി എല്ലാ രംഗങ്ങളിലുമുണ്ട് പ്രാര്‍ഥന. ആരാധനയുടെ പ്രാര്‍ഥനയെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. “നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ രക്ഷിതാവ് നിങ്ങളെ പരിഗണിക്കില്ല”(ഫുര്‍ഖാന്‍ 77) “ദുആഇനേക്കാള്‍ അല്ലാഹുവിന് ആദരവുള്ള മറ്റൊന്നുമില്ല” (തുര്‍മിദി 3292). “ഉത്തരം കിട്ടുമെന്നുറപ്പോടെ പ്രാര്‍ഥിക്കുവീന്‍ അശ്രദ്ധമായ പ്രാര്‍ഥന അവന്‍ പരിഗണിക്കില്ല” (തുര്‍മുദി 3401)

പ്രാര്‍ഥന സ്വീകരിക്കുന്ന പ്രത്യേക സീസണുകളുണ്ട്. സമയങ്ങളും സന്ദര്‍ഭങ്ങളും സ്ഥലങ്ങളുമുണ്ട്. നിര്‍ദിഷ്ട സന്ദര്‍ഭങ്ങളില്‍ പ്രത്യേകം ഉത്തരം ലഭിക്കും. ബാങ്ക്, ഇഖാമത്തുകള്‍ക്കിടയില്‍, രാത്രിയുടെ അവസാന പകുതിയില്‍, ഫര്‍ളു നിസ്‌കാര ശേഷം, നോമ്പുകാരന്‍ നോമ്പ് തുറക്കുന്ന സമയത്തും അത്താഴ സമയത്തും മറ്റും ഉദാഹരണം മാത്രം. ഖുര്‍ആന്‍ ഓതിയ ശേഷവും സത്കര്‍മങ്ങള്‍ മുന്‍നിര്‍ത്തിയും മഹാന്മാരെ തവസ്സുലാക്കിയുമുള്ള ദുആക്ക് ഉത്തരം പ്രതീക്ഷിക്കാം. കഅബയുമായി ബന്ധപ്പെട്ട് 15ലേറെ സ്ഥലങ്ങളില്‍ പ്രത്യേകം പരിഗണിക്കപ്പെടും. വിശുദ്ധ റമസാന്‍ വിശേഷാല്‍ പ്രാര്‍ഥനയുടെ സീസണ്‍ തന്നെയാണ്. വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത്താകേണ്ട അനര്‍ഘ അവസരം.

Latest