Connect with us

National

തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്ത സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരു രാജ രാജേശ്വരി മണ്ഡലത്തില്‍ നിന്ന് പതിനായിരത്തോളം വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ മുനിരത്‌നക്കെതിരെയും കേസെടുത്തു. ഇയാളെ പതിനാലാം പ്രതിയാക്കിയാണ് കേസെടുത്തത്.

ജാലഹള്ളിയില്‍ മഞ്ജുള നന്‍ജമാരിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് 9,746 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുമ്പോള്‍ നല്‍കുന്ന ഒരു ലക്ഷം സ്ലിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. മുനിരത്‌നയുടെ അനുയായിയാണ് ഫഌറ്റുടമ. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ നിന്ന് വന്‍തോതില്‍ വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. ആര്‍ ആര്‍ നഗര്‍ മണ്ഡലത്തില്‍ ആകെ 4,35,000 വോട്ടര്‍മാരാണുള്ളത്. പുതിയ ഐ ഡി കാര്‍ഡുകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തല്‍ ഇപ്പോള്‍ 4.71 ലക്ഷം വോട്ടര്‍മാരുണ്ട്. അതായത് ഏകദേശം 45,000 വോട്ടര്‍മാര്‍ കൂടിയതായി കണ്ടെത്തി. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

 

Latest