Connect with us

Sports

കോസ്റ്റയുടെ ഗോളില്‍ അത്‌ലറ്റിക്കോ; ആഴ്‌സണല്‍ പുറത്ത്

Published

|

Last Updated

ആഴ്‌സണലിനെതിരെ അത്‌ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ ഗോള്‍ നേടുന്നു

യുവേഫ യൂറോപ ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്-മാഴ്‌സെ പോരാട്ടം. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിന്റെ പ്രതീക്ഷകള്‍ രണ്ടാം പാദ സെമിയില്‍ 1-0ന് അവസാനിപ്പിച്ചാണ് സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റം(ഇരുപാദസ്‌കോര്‍ 2-1). എഫ് സി റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനോട് രണ്ടാം പാദ സെമിയില്‍ പരാജയപ്പെട്ടെങ്കിലും (2-1) ഇരുപാദത്തിലുമായി 3-2ന് മുന്നിലെത്തിയാണ് മാഴ്‌സെ ഫൈനല്‍ ടിക്കറ്റെടുത്തത്.

ഡിയഗോ
കോസ്റ്റയുടെ ഗോള്‍..

ആഴ്‌സണലിന്റെ വലയിലേക്ക് സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ പതിവ് പോലെ പന്തെത്തിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഈ സ്‌കോറിംഗ്. ആദ്യ പാദ സെമിയില്‍ ഹോം ഗ്രൗണ്ടില്‍ 1-1ന് സമനില വഴങ്ങിയ ആഴ്‌സണലിന് എവേ ഗോളിന്റെ കടം വീട്ടേണ്ടതുണ്ടായിരുന്നു. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ കുപ്പായത്തില്‍ കളിച്ചതുള്‍പ്പടെ ആഴ്‌സണലിനെതിരെ ഏഴ് മത്സരങ്ങളില്‍ നിന്ന് നാലാം ഗോള്‍ കണ്ടെത്തിയ കോസ്റ്റ എല്ലാം തകിടം മറിച്ചു. കോസ്റ്റയുടെ ഗോളോടെ ആഴ്‌സണലിന് രണ്ട് ഗോള്‍ കൂടുതലായി നേടേണ്ട ഗതികേടായി.
അന്റോയിന്‍ ഗ്രിസ്മാന്റെ പാസില്‍ നിന്നായിരുന്നു കോസ്റ്റയുടെ ഗോള്‍.

ആര്‍സെന്‍ വെംഗര്‍ക്ക് യൂറോപ്യന്‍ മഹത്വമില്ല..

ആഴ്‌സണലിനൊപ്പം രണ്ട് ദശാബ്ദത്തോളം പരിശീലകനായി പ്രവര്‍ത്തിച്ച ആര്‍സെന്‍ വെംഗര്‍ക്ക് ടീമിനെ യൂറോപ്പില്‍ ചാമ്പ്യന്‍മാരാക്കാന്‍ മാത്രംസാധിച്ചില്ല. ഒരു തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിച്ച വെംഗര്‍ ഇത്തവണ ടീമിനെ യൂറോപ ലീഗിന്റെ സെമിവരെ നയിച്ചു. ആഴ്‌സണലിനൊപ്പം വെംഗറുടെ 250താം യൂറോപ്യന്‍ മത്സരമായിരുന്നു ഇത്.

മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഏഴ് എഫ് എ കപ്പുകള്‍ എന്നിവയാണ് ആഴ്‌സണലില്‍ വെംഗറുടെ നേട്ടം.
2000 യുവേഫ കപ്പ് ഫൈനലില്‍ ഗലാത്സരെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട വെംഗറുടെ ആഴ്‌സണല്‍ 2006 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 2-1ന് ബാഴ്‌സയോടും തോറ്റു.

ചാമ്പ്യന്‍സ് ലീഗ് സ്‌പോട്ടും നഷ്ടം..

തുടരെ രണ്ടാം സീസണിലും ആഴ്‌സണലിന് ചാമ്പ്യന്‍സ് ലീഗ് സ്‌പോട് നഷ്ടമാകും. യൂറോപ കപ്പ് ജേതാവായിരുന്നെങ്കില്‍ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സ്‌പോട് ഉറപ്പിക്കാമായിരുന്നു. ആ വാതില്‍ അടഞ്ഞ ആഴ്‌സണലിന് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ ഫിനിഷിംഗും സാധ്യമല്ല.

ഒസിലിനെ ഒഴിവാക്കണമെന്ന് മുന്‍ താരം..

ആഴ്‌സണലിന് അധികപ്പെറ്റാണ് മെസുറ്റ് ഒസിലിനെ പോലുള്ള കളിക്കാരെന്ന് മുന്‍ താരം മാര്‍ട്ടിന്‍ കിയോന്‍. യാതൊരു പ്രതിബദ്ധതയുമില്ലാതെയാണ് ഒസില്‍ കളിക്കുന്നത്. മത്സരശേഷം മുതലക്കണ്ണീരൊഴുക്കാന്‍ മാത്രമാണ് അയാള്‍ക്കറിയുക- കിയോന്‍ കുറ്റപ്പെടുത്തി. എന്നാല്‍, കോച്ച് വെംഗര്‍ തന്റെ താരത്തെ പിന്തുണക്കുന്നു. ടീം ആണ് തോറ്റത്, ഏതെങ്കിലും ഒരു വ്യക്തിയല്ല – വെംഗര്‍ മറുപടി നല്‍കി.

Latest