Connect with us

Kerala

മലബാര്‍ മെഡി. കോളജ് പ്രവേശനം: മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതി വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളജ് പ്രവേശനം റദ്ദാക്കിയതിനെതിരെ പത്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ഇന്നത്തേക്ക് മാറ്റി. സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് ബഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പണം വാങ്ങി അനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് സീറ്റ് നല്‍കുന്നത് മാനേജ്‌മെന്റുകളുടെ രീതിയാണെന്ന് കോടതി വിമര്‍ശിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ പ്രവേശനം നിഷേധിക്കുകയാണ്. നിരവധി കേസുകളില്‍ നിന്ന് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കോടതിയില്‍ എത്തിയ ഒമ്പതില്‍ അഞ്ച് വിദ്യാര്‍ഥികളും ആദ്യ വര്‍ഷ പരീക്ഷ തോറ്റവരാണെന്നും കോടതി വ്യക്തമാക്കി. പിന്നീട് ഹരജിയില്‍ ഉച്ചക്ക് രണ്ട് മണിക്ക് വിശദമായ വാദം കേള്‍ക്കാനായി മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഉച്ചക്ക് പരിഗണിച്ചില്ല. തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

2016- 17 അധ്യയന വര്‍ഷം സ്പോട്ട് അഡ്മിഷനിലൂടെ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ച 10 വിദ്യാര്‍ഥികളാണ് പ്രവേശനം സാധുവായി കിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശന മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. പ്രവേശനത്തിനുള്ള രേഖകള്‍ ഓണ്‍ലൈനായി അപേക്ഷിക്കാത്ത ഈ വിദ്യാര്‍ഥികളും കോളജും തമ്മില്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന് പ്രവേശന മേല്‍നോട്ട സമിതി ആരോപിക്കുന്നു. എന്നാല്‍, പ്രവേശന മേല്‍നോട്ട സമിതി അംഗീകരിച്ച കോളജിന്റെ പ്രോസ്പെക്ടസ് പ്രകാരമുള്ള സമയപരിധിക്കുള്ളില്‍ പ്രവേശനത്തിന് ആവശ്യമുള്ള അപേക്ഷയും രേഖകളും കോളജിന് കൈമാറി എന്നാണ് വിദ്യാര്‍ഥികളുടെ അവകാശം. നേരത്തെ ഹൈക്കോടതി ഇവരുടെ പ്രവേശനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് വിധി പ്രസ്താവിച്ചിരുന്നു.

Latest