Connect with us

National

കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി: ആധാര്‍ കൊണ്ട് തട്ടിപ്പ് തടയാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബേങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാര്‍ ഉപകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി സുപ്രീം കോടതി. തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആധാര്‍ ഉപകരിക്കുമെങ്കിലും തട്ടിപ്പ് തടയാന്‍ ആധാറിന് ശേഷിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബേങ്ക് തട്ടിപ്പുകളും ഓഫീസര്‍മാര്‍ നടത്തുന്ന ക്രമക്കേടുകളും കണ്ടെത്താന്‍ ആധാര്‍ കൊണ്ട് സാധിക്കില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബേങ്കിംഗ് സേവനങ്ങള്‍ക്കടക്കം ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരായ ഹരജി പരിഗണിക്കവെയായിരുന്നു കോടിതിയുടെ പരാമര്‍ശം.

ബേങ്ക് തട്ടിപ്പുകള്‍ പിടികൂടുന്നതിന് ആധാര്‍ സഹായിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദത്തിനിടെ വ്യക്തമാക്കിയതോടെയായിയിരുന്നു ബഞ്ചിന്റെ പരാമര്‍ശം. ആര്‍ക്കൊക്കെയാണ് വായ്പകള്‍ കൊടുക്കുന്നതെന്ന് ബേങ്കുകള്‍ക്ക് അറിയാം. ബേങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മില്‍ അടുപ്പമുണ്ട്. ആധാര്‍ കൊണ്ടൊന്നും ഈ തട്ടിപ്പ് തടയാനാകില്ല- സുപ്രീം കോടതി ബഞ്ച് വാക്കാല്‍ പറഞ്ഞു.

രാജ്യത്തെ ഓരോ പൗരനും ബയോമെട്രിക് വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധമാക്കുന്ന ആധാര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭാവിയില്‍ ഡി എന്‍ എ സാമ്പിളും രക്ത, മൂത്ര സാമ്പിളുകളും കൈമാറേണ്ടിവരില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ആധാര്‍ പദ്ധതിക്ക് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിക്ക് (യു ഐ ഡി എ ഐ) കേന്ദ്രം വലിയ അധികാരങ്ങള്‍ നല്‍കിയതിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടതി.