Connect with us

National

ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ തേടി റിസര്‍വ് ബേങ്ക്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ പരിശോധിക്കാനൊരുങ്ങി റിസര്‍വ് ബേങ്ക്. രണ്ടുദിവസം നീണ്ടുനിന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) യോഗത്തിലാണ് ഡിജിറ്റല്‍ കറന്‍സിയേക്കുറിച്ച് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ബി പി കന്‍വുഗോ സൂചന നല്‍കിയത്. പല കേന്ദ്രബാങ്കുകളും ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.

ആര്‍ ബി ഐ നിയോഗിച്ച കമ്മിറ്റി ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ബി പി കന്‍വുഗോ പറഞ്ഞു. ജൂണ്‍ അവസാനത്തോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റല്‍ കറന്‍സിയുടെ പ്രായോഗികത, അതിനുവേണ്ടി നടപ്പിലാക്കേണ്ട ചട്ടങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഡിജിറ്റല്‍ കറന്‍സി അഭിലഷണീയമാണോ തുടങ്ങിയ കാര്യങ്ങളാകും പുതിയ സമിതി പരിശോധിക്കുക. ഡിജിറ്റല്‍ കറന്‍സി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് സുസ്ഥിരത വര്‍ധിപ്പിക്കുമെന്നാണ് ആര്‍ ബി ഐ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്കെതിരെ ആര്‍ ബി ഐ രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോള്‍ സ്വന്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള നീക്കത്തിലാണ് കേന്ദ്രബാങ്ക്.

 

Latest