Connect with us

International

കിഴക്കന്‍ ഗൗതയില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ തുടരുന്നു

Published

|

Last Updated

കിഴക്കന്‍ ഗൗതയില്‍ വിമതരുടെ നിയന്ത്രണത്തില്‍ തുടരുന്ന ഏക പ്രദേശമായ സമല്‍കയില്‍ നിന്ന് കുടുംബവുമായി കിഴക്കന്‍ ദമസ്‌കസിലേക്ക് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടുപോകുന്നവര്‍

ദമസ്‌കസ്: സിറിയന്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നതിനിടെ കിഴക്കന്‍ ഗൗതയില്‍ നിന്ന് പതിനായിരങ്ങളെ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വന്‍തോതില്‍ ആളുകള്‍ ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ഇര്‍ബിനില്‍ നിന്ന് കഴിഞ്ഞ ദിവസം വിമതരും ദേശവാസികളുമായ അഞ്ഞൂറിലധികം പേരെ ഒഴിപ്പിച്ചതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. ഇനിയും കൂടുതല്‍ പേര്‍ ഇവിടെ നിന്ന് പലായനം ചെയ്യാന്‍ കാത്തിരിക്കുന്നുമുണ്ട്.

ഒഴിഞ്ഞുപോകുന്നവരെ സിറിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ദമസ്‌കസിലേക്കാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. മൂന്ന് വിമത ഗ്രൂപ്പുകളില്‍ രണ്ട് ഗ്രൂപ്പുകള്‍ ഇതിനകം സിറിയന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്. റഷ്യന്‍ സൈന്യവും വിമതരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണയായ കരാറനുസരിച്ചാണ് വിമതര്‍ കീഴടങ്ങിയത്. ഇവരെ ഇദ്‌ലിബിലെ വിമത നിയന്ത്രണ ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. വിമത സൈനികരോടൊപ്പം അവരുടെ കുടുംബാംഗങ്ങളെയും ഒഴിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 18 മുതല്‍ സിറിയന്‍ സൈന്യവും റഷ്യന്‍ സൈന്യവും സംയുക്തമായി കിഴക്കന്‍ ഗൗതയിലെ വിമതര്‍ക്ക് നേരെ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കിഴക്കന്‍ ഗൗതയുടെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സൈനിക നടപടിക്കിടെ 1500 പേര്‍ കൊല്ലപ്പെട്ടതായും അയ്യായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest