Connect with us

International

ഉത്തര കൊറിയക്കെതിരെ 'ഏറ്റവും വലിയ' ഉപരോധവുമായി അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍/സിയൂള്‍: ഉത്തര കൊറിയക്കെതിരെ ഇന്നുവരെ പ്രഖ്യാപിച്ചതിലേറ്റവും ശക്തമായ ഉപരോധവുമായി അമേരിക്ക. ഉത്തര കൊറിയയുമായി വിപണനം നടത്തുന്ന ജലഗതാഗത കമ്പനികള്‍ക്കും 56 കപ്പലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയുള്ള ഉപരോധം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ പ്രഖ്യാപിച്ചു. കൊറിയകള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനിന്ന നയതന്ത്ര പ്രശ്‌നങ്ങള്‍ മഞ്ഞുരുക്കത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴാണ് അമേരിക്കയുടെ ഗൂഢലക്ഷ്യത്തോടെയുള്ള ഉപരോധം. ഇരുകൊറിയയുടെയും ഭരണാധികാരികള്‍ തമ്മിലുള്ള കൂടിക്കാഴ്ചക്ക് വേണ്ടിയുള്ള തിരക്കിട്ട ശ്രമം ഒരുഭാഗത്ത് സജീവമായി നടക്കുന്നതിനിടെയാണ് ട്രംപ് ഉപരോധവുമായി രംഗത്തെത്തിയത്.

ഉത്തര കൊറിയയുടെ മിസൈല്‍ പദ്ധതികളുടെ പേരില്‍ യു എന്‍ ഉപരോധം നിലനില്‍ക്കവെയാണ് അമേരിക്ക വീണ്ടും ഉപരോധം പ്രഖ്യാപിച്ചത്. ഉത്തര കൊറിയയുമായി സഹകരിക്കുന്ന ഷിപ്പിംഗ് കമ്പനികള്‍, കപ്പലുകള്‍ എന്നിവക്കെതിരെയാണ് അമേരിക്ക നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ട്രംപ് ട്രഷറി വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. ഉത്തര കൊറിയയിലേക്കുള്ള ഇന്ധന ഇറക്കുമതി ലക്ഷ്യംവെച്ചാണ് അമേരിക്ക കരുക്കള്‍ നീക്കുന്നത്.
ഉത്തര കൊറിയയുമായി ദക്ഷിണ കൊറിയ സഹകരിക്കാനുള്ള സാധ്യത നിലനില്‍ക്കെ അത്തരം ശ്രമങ്ങളെ അട്ടിമറിക്കാനാണ് ട്രംപിന്റെ പുതിയ ഉപരോധമെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശൈത്യകാല ഒളിമ്പിക്‌സിനെ തുടര്‍ന്ന് ഇരുകൊറിയകള്‍ക്കിടയിലുണ്ടായ മഞ്ഞുരുക്കം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.

യു എന്‍ ഉപരോധം മറികടന്ന് ചൈനയടക്കമുള്ള നിരവധി രാജ്യങ്ങള്‍ ഉത്തര കൊറിയയുമായി സഹകരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉത്തര കൊറിയയുമായുള്ള ആയുധക്കടത്ത് വരെ ഇപ്പോഴും തുടരുന്നുണ്ടെന്നും യു എന്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തര കൊറിയയെ സാമ്പത്തികമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്.

 

Latest