Connect with us

International

സിറിയയില്‍ യു എസ് ആക്രമണം; നൂറോളം പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഗൗതയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നു

ദമസ്‌കസ്: സിറിയയില്‍ യു എസ് ആക്രമണം. നൂറോളം സിറിയന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയുടെ പിന്തുണയോടെ സിറിയയില്‍ ആക്രമണം നടത്തുന്ന കുര്‍ദ്, വിമത സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ് അമേരിക്ക ഇവിടെ സൈനിക നടപടിയുമായി മുന്നോട്ടെത്തിയത്.

വിമതരുടെ ശക്തി കേന്ദ്രമായ ദേര്‍ അസ്സൂറിലാണ് അമേരിക്കന്‍ സേന ആക്രമണം നടത്തിയത്. യു എസ് ആക്രമണ വാര്‍ത്ത സിറിയന്‍ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചു.
കിഴക്കന്‍ യൂഫ്രട്ടീസ് നദീതീരത്തെ സുപ്രധാന മേഖല തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ അനുകൂല സായുധ സേന മുന്നോട്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെയാണ് അമേരിക്ക ആക്രമണം അഴിച്ചുവിട്ടത്.

അതിനിടെ, ദമസ്‌കസിന് സമീപത്തെ വിമത ശക്തികേന്ദ്രമായ ഗൗതയില്‍ സൈന്യത്തിന്റെയും റഷ്യന്‍ വ്യോമസേനയുടെയും നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണം തുടരുകയാണ്. ജനവാസ കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നുണ്ടെന്നാണ് ആരോപണം. ആക്രമണത്തെ തുടര്‍ന്ന് ഭക്ഷണമടക്കമുള്ള അടിയന്തര സഹായം ലഭിക്കാതെ ജനങ്ങള്‍ വലയുകയാണ്.
നാല് ദിവസത്തിനിടെ ഗൗതയില്‍ മാത്രം ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും കുട്ടികളടക്കമുള്ള സാധാരണക്കാരാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, വിമത സേനയെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തുന്നതെന്ന് സിറിയന്‍ സര്‍ക്കാര്‍, സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Latest