Connect with us

National

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി; രാജ്യത്തെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി വിഭജിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിച്ചത് പോലെ കോണ്‍ഗ്രസ് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി ആന്ധ്രാ പ്രദേശിനേയും വിഭജിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജനം നിങ്ങളുടെ സംസ്‌കാരമാണ്. അതിന്റെ ഫലം ഇന്നത്തെ 125 കോടി ജനങ്ങളും അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ രൂപവത്കരിച്ചിച്ചു. ആ വേളയില്‍ എന്തെങ്കിലും പ്രതിസന്ധി ഉടലെടുത്തിരുന്നോ എന്നും പ്രധാനമന്ത്രി ചോദിച്ചു.

എല്ലാവരേയും വിശ്വാസത്തില്‍ എടുത്തുകൊണ്ടായിരുന്നു ആ നടപടി. എന്നാല്‍, ആന്ധ്രാപ്രദേശിനെ വിഭജിച്ച കോണ്‍ഗ്രസ് എല്ലാം തകിടംമറിച്ചു. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ തിടുക്കത്തിലായിരുന്നു യുപിഎ സര്‍ക്കാറിന്റെ ഈ നീക്കം . വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് സര്‍ദാര്‍ വല്ലഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്ന് മോദി കോണ്‍ഗ്രസിനോട് ചോദിച്ചു. സര്‍ദാറായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന്റെ കൈവശമുള്ള കാശ്മീര്‍ ഇന്ത്യയുടെ കൈവശമിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഇതാണോ അവരുടെ ചരിത്ര ബോധമെന്നും എന്തൊരു ധിക്കാരമാണിതെന്നും പ്രധാനമന്ത്രി ചോദിച്ചു. നെഹ്‌റു കാരണമാണ് രാജ്യത്ത് ജനാധിപത്യം വന്നതെന്ന കോണ്‍ഗ്രസുകാരുടെ നിലപാട് തെറ്റാണ്. രാജ്യത്തിന്റെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യം കോണ്‍ഗ്രസുകാര്‍ പരിശോധിക്കാന്‍ തയാറാകണം. പിന്തിരിഞ്ഞ് നോക്കിയാല്‍ ഒരുപാട് ജനാധിപത്യ പാരമ്പര്യം നമുക്ക് കാണാന്‍ കഴിയുമെന്നും ജനാധിപത്യം ഇന്ത്യയുടെ അഭിവാജ്യ ഘടകവും സംസ്‌കാരവുമാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസ് എല്ലാക്കാലത്തും പ്രവര്‍ത്തിച്ചത് കുടുംബ താത്പര്യത്തിന് വേണ്ടിയായിരുന്നു. രാജ്യതാത്പര്യം അവര്‍ക്ക് രണ്ടാമതായി മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും മോദി പറഞ്ഞു.

Latest