Connect with us

Articles

തിരഞ്ഞെടുപ്പ് ലക്ഷ്യത്തില്‍ കര്‍ണാടകയില്‍

Published

|

Last Updated

രാഷ്ട്രത്തിന്റെ ആത്മാവിനു നേരെ
ഫാസിസത്തിന്റെ യാഗാശ്വങ്ങള്‍- 2

2018-ലേക്ക് സംഘ്പരിവാറും മോദി സര്‍ക്കാറും ഇന്ത്യയെ നയിക്കുന്നത് അസഹിഷ്ണുതയുടെയും അക്രമോത്സുകതയുടെയും വഴിയിലൂടെയാണെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ അടിവരയിട്ട് സൂചിപ്പിക്കുന്നത്. ഇതേസമയത്ത് തന്നെ കര്‍ണാടകയില്‍ തീവ്രമായ വര്‍ഗീയവത്കരണത്തിനുള്ള ആസൂത്രിതമായ നീക്കം സംഘ്പരിവാര്‍ സംഘടനകള്‍ ആരംഭിച്ചിരിക്കുന്നു. വര്‍ഗീയ കാര്‍ഡിറക്കി ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി കടുത്ത വര്‍ഗീയവത്കരണം നടത്തുകയാണ് ബി ജെ പിയും ആര്‍ എസ് എസും.

തീരദേശ കര്‍ണാടകയില്‍ വര്‍ഗീയ സ്പര്‍ധയും വര്‍ഗീയ അക്രമങ്ങളും കുത്തിപ്പൊക്കാനുള്ള തുടര്‍ച്ചയായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വടക്കന്‍ കന്നട ജില്ലയിലെ ഹൊന്നാവാര്‍ നഗരത്തില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആസൂത്രിതമായ വര്‍ഗീയകലാപങ്ങള്‍ക്കുള്ള നീക്കങ്ങളാരംഭിച്ചതിന്റെ സൂചനയാണ്. അവിടെ പരേഷ്‌മേസ്തയെന്ന യുവാവിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ടാണ് വര്‍ഗീയകലാപങ്ങള്‍ക്ക് തീക്കൊടുക്കാന്‍ സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹൊന്നാവാര്‍ തുറമുഖത്ത് സ്വന്തം പിതാവിനെ മത്സ്യവില്‍പ്പനയില്‍ സഹായിച്ചുകൊണ്ടിരിക്കുന്ന 18-കാരനായ പരേഷ്‌മേസ്തയുടെ മൃതദേഹം ഡിസംബര്‍ 8-നാണ് ദുരൂഹസാഹചര്യത്തില്‍ ഹൊന്നാവാര്‍ തടാകത്തില്‍ കാണപ്പെടുന്നത്.
പരേഷ്‌മേസ്തയുടെ മരണം എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംഘ്പരിവാര്‍ സംഘടനകള്‍ മുസ്‌ലിംകളാണ് ഈ കൊലപാതകത്തിനുപിന്നിലെന്ന് പറഞ്ഞ് വ്യാപകമായി പ്രചാരണം ആരംഭിച്ചു.

സാമൂഹികമാധ്യമങ്ങളിലൂടെ വര്‍ഗീയവികാരം കുത്തിയുണര്‍ത്തുന്ന രീതിയില്‍ ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രചാരണം വ്യാപകമാക്കി. ഡിസംബര്‍ 1-ന് ഹൊന്നാവാറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ചന്ദാവാറില്‍ ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് മുസ്‌ലിം യുവാക്കള്‍ പച്ചക്കൊടി നാട്ടിയിരുന്നു. ഇതില്‍ പ്രകോപിതരായ ആര്‍ എസ് എസുകാര്‍ അവിടെ കാവിക്കൊടി നാട്ടി. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഡിസംബര്‍ 6-ന് ഹൊന്നാവാറില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. അന്ന് നഗരത്തിലെ ശനീശ്വര ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് പോയ പരേഷ്‌മേസ്തയെ പിന്നീട് കണ്ടത് ഡിസംബര്‍ 8-ന് ഹൊന്നാവാര്‍ തടാകത്തില്‍ മൃതദേഹമായി പൊന്തിക്കിടക്കുന്നതാണ്.

ഈയൊരു സാഹചര്യത്തെയാണ് വര്‍ഗീയത പടര്‍ത്താനും ഈ മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുമായി ബി ജെ പി ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദുമതവിശ്വാസിയാണെങ്കിലും പരേഷ്‌മേസ്തക്ക് സംഘ്പരിവാറുമായി യാതൊരു ബന്ധവുമില്ല. തന്റെ മകന് സംഘ്പരിവാറുമായി ബന്ധമില്ലെന്ന് കമാക്കര്‍മേസ്ത ആവര്‍ത്തിക്കുമ്പോഴും പരേഷിനെ തങ്ങളുടെ പ്രവര്‍ത്തകനായി ചിത്രീകരിക്കുകയാണ് ബി ജെ പി നേതാക്കള്‍. ഉത്തരകന്നടയിലെങ്ങും “ഹിന്ദുപുലി”യായും “ഹിന്ദുരക്തസാക്ഷി”യായും പാവം ഈ യുവാവിനെ ചിത്രീകരിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ത്തുകയാണവര്‍. മുസ്‌ലിം വീടുകള്‍ക്കുനേരെ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്.

ബി ജെ പിയുടെ വര്‍ഗീയ അജന്‍ഡക്ക് വളമേകിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള വര്‍ഗീയ തീവ്രവാദസംഘടനകള്‍ പ്രതിവര്‍ഗീയത വളര്‍ത്തുന്നുണ്ട്. സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡയുടെ മറുപുറം കളിക്കുകയാണവര്‍. ഇവിടെ ബി ജെ പിയുടെ രാഷ്ട്രീയ അജന്‍ഡയെ തകര്‍ക്കാനും പരേഷ്‌മേസ്തയുടെ മരണത്തെ വര്‍ഗീയസ്പര്‍ധ വളര്‍ത്താനുള്ള വിഷയമാക്കി മാറ്റുന്നതിനെ തുറന്നുകാട്ടാനും സിദ്ധാരാമയ്യ സര്‍ക്കാറിന് കഴിയുന്നില്ലെന്നതാണ് വസ്തുത. ഗൗരിലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും വധത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാനും പ്രതികളെ കസ്റ്റഡിയില്‍ എടുക്കാനും സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ അനന്തകുമാര്‍ ഹെഗ്‌ഡെയും ബി ജെ പി നേതാവും എം പിയുമായ ശോഭാകരന്ദ്‌ലാജയും തുടര്‍ച്ചയായി വിദേ്വഷ പ്രസ്താവനകള്‍ ഇറക്കുകയാണ്. നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികളായ 160-ഓളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരെ വിട്ടയക്കാനായി ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നുവരെ കേന്ദ്രമന്ത്രിയായ ഹെഗ്‌ഡെ പ്രസ്താവന ഇറക്കുകയാണ്! ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷ വ്യവസ്ഥകള്‍ മാറ്റണമെന്നും സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണതത്വങ്ങള്‍ എടുത്തുകളയണമെന്നും വരെ വാദിക്കുന്നവരാണ് ഹെഗ്‌ഡെയെപോലുള്ള കര്‍ണാടകയിലെ ബി ജെ പി നേതാക്കള്‍. നമ്മുടെ ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കറെ നിരന്തരമായി അപമാനിക്കുന്ന പ്രസ്താവനകള്‍ ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നു.
ബംഗാളില്‍ നിന്നും കുടിയേറ്റ തൊഴിലാളിയായി രാജസ്ഥാനിലെത്തിയ മുഹമ്മദ് അഫ്രസുല്ലഖാനെ “ലൗജിഹാദ്” കുറ്റത്തിനാണ് വെട്ടിയരിഞ്ഞ് പച്ചക്ക് കത്തിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡ് ജില്ലയില്‍ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയ തൊഴിലാളിയായിരുന്നു ഖാന്‍. 30 വര്‍ഷമായി രാജസ്ഥാനില്‍ ജോലിചെയ്യുകയായിരുന്ന ഇദ്ദേഹത്തെ എന്തിന്റെ പേരിലാണ് വെട്ടിവീഴ്ത്തിയത്. ഒരു മനുഷ്യന്‍ മുസ്‌ലിമായതിന്റെ പേരില്‍ വെട്ടിവീഴ്ത്തപ്പെടുകയും ചുട്ടുകരിക്കപ്പെടുകയും ചെയ്യുന്ന വംശീയഭീകരതയെ നാം എന്താണ് വിളിക്കേണ്ടത്?

ഉദയ്പൂര്‍ റെയ്ഞ്ച് ഐ ജി ആനന്ദ് ശ്രീവാസ്തവയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അഫ്രസുല്ലയെ വെട്ടിവീഴ്ത്തിയത് ശംഭുലാല്‍റെഗാര്‍ എന്ന മാര്‍ബിള്‍ വ്യാപാരിയാണ്. ഇദ്ദേഹവുമായി അഫ്രസുല്ലഖാന് മുന്‍പരിചയമില്ലെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കെന്നമട്ടില്‍ അഫ്രസുല്ലഖാനെ ശംഭുലാല്‍ ബൈക്കിന് പിന്നില്‍ കയറ്റിക്കൊണ്ടുപോകുന്നതാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം ദര്‍ശിച്ച വീഡിയോയിലുള്ളത്. ഒരു മഴു ഉപയോഗിച്ച് അഫ്രസുല്ലഖാനെ വെട്ടിവീഴ്ത്തി തീയിടുകയായിരുന്നു. ഈ ക്രൂരകൃത്യം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച വര്‍ഗീയ ഭ്രാന്തന്മാര്‍ എന്താണ് ലക്ഷ്യമിടുന്നത്? കൊലക്കു ശേഷം ക്യാമറക്കുമുന്നില്‍ നിന്ന് കോപാകുലനായി ആക്രോശിക്കുന്ന ശംഭുലാല്‍ എന്താണ് വിളിച്ചുപറഞ്ഞത്; “ലൗജിഹാദ്, ബാബ്‌റി മസ്ജിദ്, ഹിന്ദുപെണ്‍കുട്ടികള്‍, പത്മാവതി. ഈ മണ്ണ് മലിനമാക്കുന്ന ഈ മനുഷ്യരോട് പകവീട്ടും എന്നാണല്ലോ.
48-കാരനായ കുടിയേറ്റ തൊഴിലാളിയെ വെട്ടിവീഴ്ത്തി കത്തിച്ചത് മറ്റെല്ലാവര്‍ക്കും പാഠമാണെന്ന് കാണിക്കാനാണ് വീഡിയോയില്‍ പകര്‍ത്തി സംഘ്പരിവാര്‍ പ്രചരിപ്പിച്ചത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ ക്രൂരകൃത്യം ശംഭുലാലിന്റെ 14 വയസ്സുകാരനായ മരുമകന്‍ തന്നെയാണ് പോലും വീഡിയോയില്‍ പകര്‍ത്തി ലോകത്തെ കാണിക്കാനായി അപ്‌ലോഡ് ചെയ്തത്. വര്‍ഗീയത ക്രൂരതയെ ജീവിതമൂല്യമാക്കാനും ഹിംസയെ ജീവിതശൈലിയാക്കാനുമാണ് പഠിപ്പിക്കുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ദാഭോയിലെ ബി ജെ പി കൗണ്‍സിലര്‍ ശൈലേഷ് മെഹ്ത്ത മുസ്‌ലിം ജനസംഖ്യയെ കുറക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമായിരിക്കുമെന്നാണ് പ്രതികരിച്ചത്. അഫ്രസുല്ലാഖാന്റെ ഹീനമായ കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ടുചെയ്ത ദിവസം രാജസ്ഥാനിലെ മുഖ്യധാര മാധ്യമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞിരുന്നുപോലും! (തുടരും)

 

Latest