Connect with us

Kerala

പാണക്കാട് തങ്ങന്മാർ മുജാഹിദ് സമ്മേളനത്തില്‍; നടപടി ആവശ്യം ശക്തം; അടുത്ത മുശാവറയില്‍ തീരുമാനമെന്ന് ചേളാരി സമസ്ത

Published

|

Last Updated

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പാണക്കാട് റഷീദലി തങ്ങൾ മുജാഹിദ് നേതാക്കൾക്ക് ഒപ്പം

മലപ്പുറം: ചേളാരി വിഭാഗം സമസ്തയുടെ വിലക്ക് മറികടന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവർ അലി ശിഹാബ് തങ്ങളും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദകൊടുങ്കാറ്റുയര്‍ത്തുന്നു. ഇരുവരുടെയും നിലപാടിനെതിരെ ചേളാരി വിഭാഗത്തിന് ഉള്ളിലും പുറത്തും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംഘടനാ ഭാരവാഹിത്വമുള്ള റഷീദലി തങ്ങള്‍ക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചേളാരി യുവജന വിഭാഗവും വിദ്യാര്‍ഥി സംഘടനയും ആവശ്യപ്പെട്ടതായാണ് സൂചന. മലപ്പുറം ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തങ്ങളെ നീക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. അടുത്ത മുശാവറ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് യുവനേതൃത്വത്തിന് ചേളാരി സമസ്ത നേതാക്കള്‍ ഉറപ്പ് നല്‍കിയതായും വിവരമുണ്ട്. അതുവരെ പരസ്യപ്രതികരണം നടത്തരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മലപ്പുറം കൂരിയാട്ട് നടക്കുന്ന മുജാഹിദ് ഒന്‍പതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹല്ല് സെമിനാറിലാണ് റഷീദലി തങ്ങള്‍ പങ്കെടുത്തത്. വെെകീട്ട് നടന്ന യുവജന സമ്മേളനത്തിൽ മുനവർ അലി ശിഹാബ് തങ്ങളും പങ്കെടുത്തുു. സെമിനാറിലേക്ക് ഇരുവരെയും ക്ഷണിച്ചത് മുതല്‍ വിവാദം ഉയര്‍ന്നിരുന്നു. ചേളാരി സമസ്ത നേതാക്കള്‍ യോഗം ചേര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് രണ്ട് പേരോടും ആവശ്യപ്പെട്ടിരുന്നു. മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണ വാദികളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും നിലവിലെ സാഹചര്യത്തില്‍ സലഫിസത്തെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുള്ള മുജാഹിദ് നീക്കത്തില്‍ വഞ്ചിതരാകരുതെന്നും ചേളാരി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവന നടത്തിയിരുന്നു. റഹ്മത്തുല്ല ഖാസിമി, എസ്‌കെ എസ് എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവരും ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പരസ്യവിമര്‍ശനവും നടത്തി. ഇതെല്ലാം തള്ളിക്കൊണ്ടാണ് റഷീദലി തങ്ങളും മുനവർ അലി തങ്ങളും ശനിയാഴ്ച മുജാഹിദ് വേദിയില്‍ എത്തിയത്.

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പ്രസ‌ംഗിക്കുന്നു.

മുസ്ലിം സംഘടനകളില്‍ നിന്ന് ഭിന്നിപ്പിന്റെ സ്വരങ്ങളല്ല ഉണ്ടാകേണ്ടതെന്നും ഐക്യത്തിന്റെ പാതയാണ് വെട്ടിത്തുറക്കേണ്ടതെന്നും റഷീദലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പറഞ്ഞു. സമസ്തയുടെ ആദര്‍ശത്തില്‍ അടിയുറച്ച് നിന്നാണ് താന്‍ ഇവിടെ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ യുവജന സംഘടനയുടെ ഉത്തരവാദിത്വം വഹിക്കുന്നതിനാല്‍ ധാര്‍മികപരമായ ഉത്തരവാദിത്വമുള്ളത് കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നായിരുന്നു മുനവ്വറലിയുടെ നിലപാട്. ആതിഥേയത്വം സ്വീകരിക്കണമെന്ന പ്രവാചക വചനവും അദ്ദേഹം ഉദ്ധരിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാത്ത ഏത് പ്രസ്ഥാനവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

Latest