Connect with us

Gulf

ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ ഭാവി പദ്ധതികള്‍ക്ക് ശൈഖ് ഹംദാന്റെ അംഗീകാരം

Published

|

Last Updated

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് യോഗം

ദുബൈ: ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ 2018 ഭാവി പദ്ധതികള്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ഫൗണ്ടേഷന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിലയിരുത്തി അംഗീകാരം നല്‍കി.
എമിറേറ്റ്‌സ് ടവറിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ശൈഖ് ഹംദാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

ദുബൈ സ്വന്തം ഭാവി രൂപപ്പെടുത്തിയെടുക്കുന്നതോടൊപ്പം ലോകമെങ്ങും അതിന്റെ പ്രതിഫലനം വ്യാപിപ്പിക്കുക കൂടി ചെയ്യുമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിനനുസൃതമായി ഗവണ്‍മെന്റ് തലത്തില്‍ നൂതന പദ്ധതികളിലൂടെയും സാങ്കേതിക വിദ്യകളിലൂടെയും നേട്ടങ്ങള്‍ കൊയ്‌തെടുക്കും. ശാസ്ത്ര-സാങ്കേതികതയുടെ ആഗോള ഹബ്ബായി ദുബൈയെ മാറ്റുകയാണ് ലക്ഷ്യമെന്നും ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
യോഗത്തില്‍ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ക്യാബിനറ്റ് അഫയേഴ്‌സ് ഫ്യൂചര്‍ മന്ത്രിയും ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ട്രസ്റ്റ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, നിര്‍മിത ബുദ്ധി സഹമന്ത്രിയും ഫ്യൂചര്‍ ഫൗണ്ടേഷന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലാമ, യു എ ഇ മന്ത്രിസഭാ സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ തൂഖ്, ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബസ്തി എന്നിവരും സംബന്ധിച്ചു.

 

Latest