Connect with us

Kerala

മൂന്നാര്‍ കൈയേറ്റം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ നിയമപോരാട്ടത്തിന്

Published

|

Last Updated

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി സിപിഐ നിയമപോരാട്ടത്തിന്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി പ്രസാദ് ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും റവന്യൂ, വനം വകുപ്പുകളുമാണ് എതിര്‍കക്ഷികള്‍.

നിവേദിത പി ഹരന്റെ റിപ്പോര്‍ട്ട് സഹിതമാണ് പരാതി. കൈയേറ്റം വ്യാപകമാണെന്നും രാഷ്ട്രീയസ്വാധീനമുള്ള കൈയേറ്റക്കാര്‍ ഒഴിപ്പിക്കലിന് തടസമാകുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നു. വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ല. രേഖകളിലും ക്രമക്കേടുകളുണ്ട്. നിഷിപ്ത വനമേഖലയെ റവന്യൂ രേഖകളില്‍ വനമായി കാണിച്ചിട്ടില്ല. പ്രശ്‌ന പരിഹാരത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും കൈയേറ്റം മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഹരിത ട്രൈബ്യൂണല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.

അതേസമയം, ഹരജി നല്‍കിയത് സിപിഐ തീരുമാനപ്രകാരമെന്ന് പി പ്രസാദ് പ്രതികരിച്ചു. ഹരിത െ്രെടബ്യൂണല്‍ പരിഗണിക്കുന്ന കേസില്‍ കക്ഷി ചേരുകയാണ് ലക്ഷ്യം. കേസില്‍ സിപിഐക്ക് പറയാനുളളത് ട്രൈബ്യൂണലിനെ അറിയിക്കും. മൂന്നാറില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കുറച്ചുകൂടി ഇടപെടല്‍ ആവശ്യമാണ്. പോരായ്മകള്‍ ട്രൈബ്യൂണലിന്റെ ഇടപെടലിലൂടെ പരിഹരിക്കാനാകുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.