Connect with us

Articles

ജലവിപണി വളരും, സൂക്ഷിക്കേണ്ടത് നമ്മളാണ്

Published

|

Last Updated

കുപ്പിവെള്ളം വാങ്ങാത്ത ആളുകള്‍ ഇന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഒറ്റ വാക്കില്‍ മറുപടി പറയാനാകും. കാറിലും ബസ്സിലും തീവണ്ടിയിലും എന്നുവേണ്ട യാത്രചെയ്യുമ്പോഴെല്ലാം നമ്മളില്‍ ഏറെപ്പേരുടെയും ആശ്രയം കുപ്പിവെള്ളം തന്നെയാണ്. അളവോ നിര്‍മ്മിക്കപ്പെട്ട തീയതിയോ കമ്പനിയോ ഗുണമേന്മയോ ഒന്നുമുറപ്പുവരുത്താതെ എളുപ്പം മിനറല്‍വാട്ടര്‍ വാങ്ങി ദാഹം തീര്‍ക്കാനാണ് എപ്പോഴും എല്ലാവരും മിനക്കെടാറുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്് തന്നെ കുപ്പിവെള്ളം സുരക്ഷിതമല്ലെന്ന് പലതവണ നല്‍കിയ മുന്നറിയിപ്പ് നമ്മുടെയെല്ലാം മനസ്സിലുണ്ടാകുമെങ്കിലും ദാഹം വരുമ്പോള്‍ അതൊന്നും ആരും ശ്രദ്ധിക്കാറേയില്ല.

കോളറ ക്കു വരെ കാരണമായേക്കാവുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടുത്തിടെ പോലും നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയതെന്ന് പറഞ്ഞാല്‍ അത് വിശ്വസിച്ചേ മതിയാകൂ. മഴക്കാലം കഴിഞ്ഞതോടെ കുപ്പിവെള്ള വിപണി ഇപ്പോള്‍ വളരെ സജീവമായിട്ടുണ്ട്. പേരുകേട്ട ചില ബ്രാന്‍ഡുകളുടെ കുപ്പിവെള്ളം പോലും കുടിക്കാന്‍ യോഗ്യമല്ലെന്ന് അധികൃതര്‍ പറയുമ്പോഴാണ് നാം ചെന്നുപെടുന്ന വലിയ അപകടങ്ങളെക്കുറിച്ച് ബോധ്യമാകുക. നമ്മുടെ തോട്ടിലും പുഴയിലുമൊക്കെ വലിയ ടാങ്കര്‍ നിര്‍ത്തിയിട്ട് വെള്ളം കയറ്റിക്കൊണ്ടു പോകുന്നതു തന്നെയായിരിക്കും മിക്കവാറും കുപ്പിയില്‍ നിറച്ച് നമ്മളെ കുടിപ്പിക്കുകയെന്ന് കുപ്പിവെള്ളത്തിലെ മലിനീകരണത്തിന്റെ തോത് വീണ്ടും വീണ്ടും നമ്മളെ ബോധ്യപ്പെടുത്തിയേക്കും. കുപ്പിവെള്ളം മാത്രമല്ല ചെറിയ ജാറുകളില്‍ വീട്ടിലും ഓഫീസിലും ഒക്കെ വെള്ളം എത്തിച്ചു തരുന്ന പരിപാടിയും വ്യാപകമാണ്. ഇതും എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിച്ച് നമ്മള്‍ തന്നെ കണ്ടെത്തേണ്ടി വരും.

അത്യാധുനിക യന്ത്രസംവിധാനങ്ങള്‍ ഉള്ള പ്ലാന്റ്, പരിശുദ്ധി പരിശോധിക്കാന്‍ ലാബ്, ഭക്ഷ്യസുരക്ഷാ വകുപ്പു മുതല്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പുവരെ നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയൊക്കെയുണ്ടെങ്കില്‍ മാത്രമേ കുപ്പിവെള്ളം വില്‍ക്കാവൂ എന്നതാണു ചട്ടം. എന്നാല്‍, ഇതെല്ലാം അംഗീകരിക്കാതെ നിയമാനുസൃതമല്ലാതെ എത്രയെത്ര കുപ്പിവെള്ള കമ്പനികള്‍ ഒരോ വേനല്‍ക്കാലത്തും മുളച്ചുപൊന്താറുണ്ടെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു പിടിയുമുണ്ടാകാറുമില്ല. ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അടുത്തിടെ നടത്തിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത കുപ്പിവെള്ള സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, ഒട്ടുമിക്ക സാംപിളുകളും ഉപയോഗ യോഗ്യമല്ലെന്നാണ് കണ്ടത്. മിക്ക കുപ്പികളിലും ബാക്ടീരിയയുടെ അളവ് നിശ്ചിത പരിധിയില്‍ കൂടുതലാണത്രെ. കുടിവെള്ളത്തില്‍ ഒരു യൂനിറ്റ് കോളിഫോം ബാക്ടീരിയ വരുന്നതു പോലും പല രോഗങ്ങള്‍ക്കു കാരണമാകും. ഒരു ലിറ്റര്‍ കുപ്പിവെള്ളം(ബോട്ടില്‍ഡ് വാട്ടര്‍) വിപണിയിലെത്തിക്കാന്‍ ഉത്പാദകന്‍ ചെലവഴിക്കുന്നത് 4. 75 രൂപയാണ്. എന്നാല്‍, ഉപഭോക്താവിനു ഇത് വില്‍ക്കുന്നത് 15 മുതല്‍ 20 വരെ രൂപക്കാണ്. കുപ്പിവെള്ള വിതരണ കമ്പനികള്‍ ഒരു ലിറ്റര്‍ വെള്ളത്തിന് 22 രൂപ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ കമ്പനികള്‍ 15 രൂപയും രണ്ട് ലിറ്ററിന് 20 രൂപയുമാണ് ഈടാക്കുന്നത്.

അതേസമയം, നിലവാരമില്ലാത്ത വെള്ളം നിറച്ച് വിതരണം ചെയ്യുന്ന നിരവധി കമ്പനികള്‍ ലൈസന്‍സ് ഇല്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഹോട്ടലുകളിലുമുള്‍െപ്പടെ നിലവാരം കുറഞ്ഞ കുടിവെള്ളം വിറ്റഴിക്കുന്നുണ്ട്. ധാതുലവണങ്ങളും മറ്റു 11 മൂലകങ്ങളും ചേര്‍ന്നതാകണം വില്‍ക്കപ്പെടുന്ന കുപ്പി വെള്ളം എന്നാണു വ്യവസ്ഥ. കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, ക്രോമിയം. കോപ്പര്‍, അയണ്‍, ക്ലോറിന്‍, മാംഗനീസ്, സെലീനിയം, ബോറോണ്‍ എന്നീ മൂലകങ്ങളാണ് നിശ്ചിത അനുപാതത്തില്‍ ഓരോ കുടിവെള്ള കുപ്പിയിലും ഉണ്ടാകേണ്ടത്. കോളിഫോം ബാക്ടീരിയ, ഇകോളി, വിബ്‌റോകൊളിറിയ, സ്യൂഡോമൊണാസ് തുടങ്ങിയ വസ്തുക്കള്‍ കുടിവെള്ളത്തില്‍ ഉണ്ടാകാനും പാടില്ല. എന്നാല്‍, പലപ്പോഴും കുപ്പിവെള്ള പരിശോധനയില്‍ ഇതിന് വിരുദ്ധമായാണ് കാര്യങ്ങള്‍ കാണാറുള്ളത്. പക്ഷേ, വില്‍ക്കപ്പെടുന്ന മിനറല്‍ വാട്ടര്‍ കുപ്പികളില്‍ ഇതൊക്കെയെത്രയാണെന്ന് ഉപഭോക്താക്കള്‍ക്ക് കണ്ടെത്താന്‍ കഴിയാറില്ല. പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജന്മാര്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നതിനാല്‍ പലപ്പോഴും ഇത്തരം വില്‍പ്പന അധികൃതരുടെ കണ്ണില്‍പ്പെടാറുമില്ല. ഡിസ്റ്റിലേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, അബ്‌സൊല്യൂട്ട് വണ്‍ മൈക്രോണ്‍ ഫില്‍ട്ടറേഷന്‍, ഓസോണേഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ചാണ് കുപ്പിജാര്‍ വെള്ളം ശുദ്ധീകരിക്കേണ്ടതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇതൊക്കെ എത്ര കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ആരും പരിശോധിച്ച് കണ്ടെത്താറില്ല.

രാജ്യത്ത് കാര്‍ബണേറ്റഡ് പാനീയങ്ങളെക്കാള്‍ അതിവേഗത്തില്‍ കുപ്പിവെള്ള വിപണി വളരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. പാക്കേജ്ഡ് വാട്ടറിന്റെ വിപണിയില്‍ ഒരോവര്‍ഷവും വലിയ വര്‍ധനവാണുണ്ടാകുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ മാധുര്യമുള്ള പാനീയങ്ങളോട് ഉപഭോക്താക്കളുടെ താത്പര്യം കുറയുന്ന ആഗോള പ്രവണതയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതെന്ന് പറയുമ്പോള്‍ കുപ്പിവെള്ളത്തിന് അത് എത്രത്തോളം ഗുണകരമാകുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മിനറല്‍ വാട്ടര്‍ എന്ന പേരില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്ന വെള്ളത്തില്‍ ധാതുക്കളാണോ മാരക രാസവസ്തുക്കളാണോ ഉള്ളതെന്നു കുപ്പി നോക്കി ആര്‍ക്കും വിലയിരുത്താനാകില്ല. കുപ്പിയുടെ പുറത്ത് പതിച്ച കടലാസിലും ഇതൊന്നും കാണാനാകില്ല. എന്നാല്‍, കുപ്പിവെള്ളത്തിലൂടെ കുഴപ്പങ്ങളുണ്ടായാല്‍ എങ്ങനെ തിരിച്ചറിയാനാകുമെന്നും കാലാകാലങ്ങളില്‍ ഇതിന് എന്ത് പരിശോധനകളാണ് നടത്തുകയെന്നും ദോഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്നുമെല്ലാമുള്ള അനവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉയര്‍ന്നു തന്നെ കിടക്കുന്നു.

 

.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest