Connect with us

Kerala

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷം: സര്‍ക്കുലര്‍ അയച്ചത് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ദീന്‍ ദയാല്‍ ഉപാധ്യായ ജന്മദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. സ്‌കൂളുകളില്‍ വര്‍ഗീയ പ്രചാരണം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

യു പി, ഹൈസ്‌കൂള്‍തലങ്ങളില്‍ പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ഇതിന് പ്രധാനാധ്യാപകര്‍ മുന്‍കൈയെടുക്കണമെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഡി പി ഐ സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണ് ഡി പി ഐ സര്‍ക്കുലര്‍ നല്‍കിയിരുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ആഘോഷ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ കത്തുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചത്. ആഗസ്റ്റ് അവസാനം നല്‍കിയ സര്‍ക്കുലറില്‍ സെപ്തംബറില്‍ പരിപാടി സംഘടിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം പാലിക്കുക മാത്രമായിരുന്നെന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഇത്തരം പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വിശദീകരിച്ചു.

അതിനിടെ, വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ നന്ഗമായഉദാഹരണമാണ്‌ സര്‍ക്കുലറെന്നും ചെന്നിത്തല പറഞ്ഞു.

Latest