Connect with us

Articles

മോദിയിസവും സാമ്പത്തിക തകര്‍ച്ചയും

Published

|

Last Updated

“മോദിയിസ”മെന്നത് കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന ഫാസിസ്റ്റ് രാഷ്ട്രീയമാണ്. ആന്റോണിയോ ഗ്രാംഷിയെപ്പോലുള്ള ചിന്തകന്മാര്‍ ഭരണവര്‍ഗങ്ങളെ ഏകപക്ഷീയമായ സമഗ്രാധികാരത്തിലൂടെ സമന്വയത്തിലെത്തിക്കുകയും ശക്തിമത്തായ രാഷ്ട്രീയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ അധികാരം കൈയാളുകയും ചെയ്യുന്ന വ്യക്തിനേതൃത്വത്തെ സൂചിപ്പിക്കാനാണ് ഇറ്റലിയുടെ സവിശേഷ സാഹചര്യത്തില്‍ “സീസറിസം” എന്ന സംഞ്ജ ഉപയോഗിച്ചത്.

എല്ലാവിധത്തിലുമുള്ള ജനാധിപത്യപരമായ സംവിധാനങ്ങളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചും നിരാകരിച്ചുമാണ് ഇത്തരത്തിലുള്ള സമഗ്രാധികാരശക്തികള്‍ വളര്‍ന്നുവരുന്നത്. ഇറ്റലിയുടെയും ജര്‍മനിയുടേയുമൊക്കെ ചരിത്രം അതാണ് പഠിപ്പിക്കുന്നത്. വികാസ്പുരുഷനെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് അധികാരത്തിലെത്തിയ മോദി കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെക്കാലത്തെ ഭരണത്തിലൂടെ കോര്‍പറേറ്റ് താത്പര്യങ്ങളുടെ വിനീതനായ സേവകനും സംരക്ഷകനും മാത്രമാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിലേക്ക് 100 ശതമാനം വരെ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതും കറന്‍സിനിരോധനവും ചരക്ക്‌സേവനനികുതി അടിച്ചേല്‍പ്പിച്ചതും ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയിലേക്കാണ് എത്തിച്ചിരിക്കുന്നത്. എല്ലാ അധികാരവും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന ഏകാധിപത്യപരമായ സമീപനങ്ങളും പരിഷ്‌കാരങ്ങളുമാണ് രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനും പ്രതിസന്ധിക്കും കാരണമെന്നും ബി ജെ പി നേതാക്കള്‍ തന്നെ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. മോദയിസവും നവഉദാരവത്കരണ പരിഷ്‌കാരങ്ങളും എത്തിച്ചേര്‍ന്ന പ്രതിസന്ധിയുടെ പ്രതിഫലനങ്ങളാണ് ബി ജെ പി നേതൃത്വത്തിലെ ഈ പടലപിണക്കങ്ങള്‍.
കഴിഞ്ഞ ദിവസങ്ങളിലാണ് ദേശീയമാധ്യമങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയുന്ന വാര്‍ത്തകള്‍ വന്നത്. സമ്പദ്ഘടനയുടെ സമസ്ത മേഖലകളെയും മാന്ദ്യം പിടികൂടിയതായി പ്രധാനമന്ത്രിക്കു തന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. സാമ്പത്തികവളര്‍ച്ചാനിരക്ക് ഇടിയുന്നതിന്റെ പശ്ചാത്തലത്തിലാണല്ലോ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ബിജെ പിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷായും ധനമന്ത്രിയും അടിയന്തര കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബി ജെ പി നേതാവും മുന്‍ധനകാര്യമന്ത്രിയുമായ യശ്വന്ത്‌സിന്‍ഹയും മുന്‍കേന്ദ്രമന്ത്രിയും സംഘ്പരിവാര്‍ ബുദ്ധിജീവിയുമായ അരുണ്‍ഷൂരിയും പരസ്യമായിതന്നെ മോദിയുടെ പരിഷ്‌കാരങ്ങള്‍ വിമര്‍ശിച്ച് രംഗത്തുവരികയുണ്ടായി. മോദി ഭരണത്തിന്റെ ദയനീയപരാജയമാണ് സമ്പദ്ഘടനയുടെ തകര്‍ച്ചയെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. റിസര്‍വ്‌ബേങ്ക് സര്‍വേ റിപ്പോര്‍ട്ടും സമ്പദ്ഘടനയുടെ അതിദയനീയമായ തളര്‍ച്ച വരച്ചുകാട്ടുന്നു. നോട്ട് നിരോധനവും ചരക്ക് സേവനനികുതിയും സമ്പദ്ഘടനയെ തകര്‍ക്കുകയും ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നുവെന്ന് ബി ജെ പി നേതാക്കള്‍ തന്നെ വിമര്‍ശനമുന്നയിക്കുന്നു.

കറന്‍സി നിരോധനവും ചരക്ക് സേവന നികുതിയും അടിച്ചേല്‍പ്പിച്ചതുമൂലമുണ്ടായ ഗുരുതരമായ പ്രത്യാഘാതങ്ങളെ യശ്വന്ത്‌സിന്‍ഹ ഒരു ദേശീയപത്രത്തിനെഴുതിയ ലേഖനത്തില്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. നേരത്തെ പ്രതിപക്ഷമുന്നയിച്ച എല്ലാവിമര്‍ശനങ്ങളും വാദങ്ങളും ബി ജെ പി നേതാക്കള്‍ക്കുകൂടി അംഗീകരിക്കേണ്ടിവന്നിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിരവധി സാമ്പത്തിക വിദഗ്ധരും ഇടതുപക്ഷ ബുദ്ധിജീവികളും മോദിയിസത്തിനുകീഴില്‍ ഇന്ത്യ അനുഭവിക്കുന്ന സാമ്പത്തിക കുഴപ്പത്തെക്കുറിച്ച് തെളിവുകള്‍ സഹിതം മുന്നറിയിപ്പ് നല്‍കിയതാണ്.
കോര്‍പറേറ്റ് കൊള്ളക്കായി ജനജീവിതത്തെയാകെ ദുസ്സഹമാക്കിയ പരിഷ്‌കാരങ്ങളാണ് ഒന്നിനുപിറകെ ഒന്നായി മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. തുടര്‍ച്ചയായ എണ്ണവിലവര്‍ധന, സബ്‌സിഡി വെട്ടിക്കുറക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയും ഓഹരിവില്‍പനയും ഉള്‍പ്പെടെ ജനജീവിതം തകര്‍ക്കുന്ന നയങ്ങളാണ് അടിച്ചേല്‍പ്പിച്ചത്. രാഷ്ട്ര സമ്പത്തും രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തകകള്‍ക്ക് കവര്‍ന്നെടുക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
വളര്‍ച്ചയെക്കുറിച്ചും വികസനത്തെക്കുറിച്ചും വാചകമടിച്ചുകൊണ്ട് ഉത്പാദനമേഖലകളെയും സമ്പദ്ഘടനയെയും മുരടിപ്പിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്ന പരിഷ്‌കാരങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. അതിന്റെ ഫലമായി വ്യാവസായിക ഉത്പാദനനിരക്ക് താഴോട്ടുപോയി. കാര്‍ഷിക ഉത്പാദനം നല്ലനിലയില്‍ ഉണ്ടായിട്ടും കൃഷിക്കാരില്‍ നിന്നുള്ള സംഭരണം അട്ടിമറിച്ചതിന്റെ ഫലമായി കൃഷിയെ ആശ്രയിച്ചുജീവിക്കുന്ന ഗ്രാമീണ ജനസമൂഹങ്ങള്‍ പാപ്പരായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും കര്‍ഷകസംഘങ്ങള്‍ക്കും മുമ്പ് സ്വാധീനമില്ലാത്ത രാജസ്ഥാന്‍പോലുള്ള സംസ്ഥാനങ്ങളില്‍പോലും കര്‍ഷകസമരങ്ങള്‍ ഉയര്‍ന്നുവരുന്നത്.

2014-ല്‍ കര്‍ഷക ആത്മഹത്യാനിരക്ക് 26 ശതമാനം ആയിരുന്നുവെങ്കില്‍ 2016 അവസാനമാകുമ്പോഴേക്കും അത് 42 ശതമാനം ആയി വര്‍ധിച്ചിരിക്കുന്നു. ആത്മഹത്യയല്ല പോരാട്ടമാണ് വഴി എന്നുപ്രഖ്യാപിച്ചുകൊണ്ടാണ് രാജ്യമെമ്പാടും കര്‍ഷകസമരങ്ങള്‍ പുതിയ ദിശാബോധത്തോടെ ഉയര്‍ന്നുവരുന്നത്. വ്യാവസായിക ഉത്പാദന വളര്‍ച്ച 1.6 ശതമാനമായും കെട്ടിട നിര്‍മാണ വളര്‍ച്ച രണ്ട് ശതമാനമായും ഇടിഞ്ഞിരിക്കുന്നു. നോട്ടുനിരോധനം സമ്പദ്ഘടനയുടെ അനൗപചാരികമേഖലയെ തകര്‍ത്തിരിക്കുകയാണ്. ഇതുമൂലം പണിയില്ലാതെ തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടത് അനേകലക്ഷം സാധാരണ തൊഴിലാളികളാണ്. സി എം ഐ ഇയുടെ റിപ്പോര്‍ട്ടനുസരിച്ച് 2016 ജനുവരി-ഏപ്രിലിനും 2017 ജനുവരി-ഏപ്രിലിലും ഇടയില്‍ അനൗപചാരിക തൊഴിലവസരങ്ങള്‍ 930 ലക്ഷത്തില്‍ നിന്ന് 860 ലക്ഷമായി കുറഞ്ഞുവെന്നാണ് വെളിവാക്കുന്നത്. അതായത് 70 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി.

സേവനമേഖലയില്‍ പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഐ ടി വ്യവസായ തകര്‍ച്ചയിലാണ്. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍വന്ന മോദി തൊഴിലും വരുമാനവും ഇല്ലാതാക്കുന്ന കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. വര്‍ഷംതോറും 1.5 കോടി യുവാക്കളാണ് തൊഴില്‍ വിപണിയില്‍ എത്തുന്നത്.
പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ട സാഹചര്യത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വ ശക്തികള്‍ യുവമനസ്സുകളിലേക്ക് വര്‍ഗീയത കുത്തിക്കയറ്റുകയാണ്. രാജ്യത്ത് വളര്‍ന്നുവരുന്ന തീവ്രവര്‍ഗീയതയും അസഹിഷ്ണുതയും അക്രമോത്സുകതയും സമ്പദ്ഘടനയെ തകര്‍ക്കുന്ന കോര്‍പറേറ്റ് അനുകൂല നയങ്ങളെ മറച്ചുപിടിക്കാനും പ്രതിസന്ധിയെ അതിജീവിക്കാനുമുള്ള ഭരണവര്‍ഗതാത്പര്യങ്ങളില്‍ നിന്നാണെന്ന വസ്തുത പുരോഗമന ജനാധിപത്യശക്തികള്‍ തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയിലേക്ക് ഇക്കാര്യങ്ങളെല്ലാം എത്തിക്കേണ്ടതുണ്ട്. വര്‍ഗീയ ഫാസിസത്തെ പ്രതിരോധിക്കല്‍ നവലിബറല്‍ നയങ്ങള്‍മൂലം പ്രയാസമനുഭവിക്കുന്ന സാധാരണക്കാരുടെ ജീവനോപാധികള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലൂടെ മാത്രമെ സാധ്യമാകൂ.

 

---- facebook comment plugin here -----

Latest