Connect with us

Articles

ആര്‍ക്കും വേണ്ടാത്തവരുടെ രാഷ്ട്ര രാഹിത്യങ്ങള്‍

Published

|

Last Updated

സ്വന്തമായി രാഷ്ട്രമില്ലാത്തവര്‍ (സ്റ്റേറ്റ്‌ലെസ് പീപ്പിള്‍), സ്ഥലരഹിതജനം (നോവേര്‍ പീപ്പിള്‍), അനധികൃത കുടിയേറ്റക്കാര്‍ (ഇല്ലീഗല്‍ മൈഗ്രന്റ്‌സ്) എന്നിങ്ങനെയുള്ള സംജ്ഞകളിലൂടെയാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നതും അതിവേഗം വളര്‍ന്നു വരുന്നതുമായ അഭയാര്‍ഥിത്വ അടിയന്തരാവസ്ഥ എന്നാണ് ഐക്യരാഷ്ട്ര സഭ ഇവരുടെ പ്രശ്‌നത്തെ വിശേഷിപ്പിക്കുന്നത്. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മര്‍ (പഴയ ബര്‍മ്മ) ഭരണകൂടവും സൈന്യവും നടത്തുന്ന വംശഹത്യയുടെ ഫലമായാണ് റോഹിംഗ്യന്‍ മുസ് ലിംള്‍ അതികഠിനമായ ദുരിതം അനുഭവിക്കുന്നത്. ബംഗ്ലാദേശിനോട് തൊട്ടു കിടക്കുന്ന മ്യാന്‍മറിലെ റാഖിനെ സംസ്ഥാനത്താണ് ഈ വിഭാഗക്കാര്‍ അധിവസിച്ചിരുന്നത്. 1982ലെ മ്യാന്‍മര്‍ നാഷനാലിറ്റി നിയമം ഉദ്ധരിച്ചുകൊണ്ട്, ആ രാജ്യത്തെ സര്‍ക്കാര്‍ അവര്‍ക്ക് മ്യാന്‍മര്‍ രാഷ്ട്രത്തിന്റെ പൗരത്വം സ്ഥിരമായി നിഷേധിച്ചിരിക്കുകയാണ്.

മ്യാന്‍മറിലെ 135 അംഗീകൃത ഉപവംശങ്ങളിലൊന്നും ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ സംസാരിക്കുന്ന റോഹിംഗ്യ എന്ന ഭാഷക്കും ഔദ്യോഗികാംഗീകാരമില്ല. ഫലത്തില്‍, ലോകത്തെവിടെയും കാണാന്‍ കഴിയാത്ത വിധത്തില്‍ അതിഗുരുതരമായ ഒരു പ്രതിസന്ധിയാണ് അവര്‍ നേരിടുന്നത്. ബംഗ്ലാദേശും ഇന്ത്യയും പാക്കിസ്ഥാനും തായ്‌ലന്റും മലേഷ്യയും ഇന്തോനേഷ്യയും നേപ്പാളും സഊദിയും എന്തിന് അമേരിക്കയില്‍ വരെ അഭയം തേടി റോഹിംഗ്യകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, അവര്‍ക്കാര്‍ക്കും സ്വന്തമെന്ന് പറയാന്‍ ഒരു ഔപചാരിക രാജ്യം ഇല്ല എന്നത് എത്ര മാത്രം ഭയാനകമായ ഒരു യാഥാര്‍ഥ്യമാണ്? പാസ്‌പോര്‍ട്ട് തന്നെയില്ലാത്തവര്‍ക്ക് എത്തിച്ചേരുന്ന രാജ്യത്തെ വിസ എങ്ങനെ ലഭ്യമാവും?
ഏതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് രോഹിംഗ്യകളായി ഉള്ളത് എന്നാണ് അനുമാനം. 2016-17 പ്രതിസന്ധിക്കു ശേഷം, മ്യാന്‍മറില്‍ അഞ്ചു ലക്ഷം രോഹിംഗ്യകളാണ് അവശേഷിച്ചിട്ടുള്ളത്. ബംഗ്ലാദേശില്‍ ഒമ്പതു ലക്ഷവും സഊദിയില്‍ നാലു ലക്ഷവും പാക്കിസ്ഥാനില്‍ രണ്ടു ലക്ഷവും തായ്‌ലന്റില്‍ ഒരു ലക്ഷവും ഇന്ത്യയിലും മലേഷ്യയിലും നാല്‍പ്പതിനായിരം വീതവും അമേരിക്കയിലും ഇന്തോനേഷ്യയിലും പന്ത്രണ്ടായിരം വീതവും നേപ്പാളില്‍ ഇരുനൂറു പേരും ആണ് രോഹിംഗ്യകള്‍ എന്നാണ് ചില കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ നിന്ന് വലിയ വ്യത്യാസമുള്ള മറ്റു കണക്കുകളും പ്രചരിക്കുന്നുണ്ട്. മ്യാന്‍മറില്‍ ഇവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനോ വിദ്യാഭ്യാസം ചെയ്യുന്നതിനോ ആരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനോ സര്‍ക്കാര്‍ ജോലികള്‍ക്കപേക്ഷിക്കുന്നതിനോ അവകാശമില്ല. ആഫ്രിക്കയില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നിലനിന്നിരുന്നതും ലോകജനതയുടെ പിന്തുണയോടെ നടത്തിയ നീണ്ടു നിന്ന സമരങ്ങളിലൂടെ പരാജയപ്പെടുത്തിയതുമായ വര്‍ണവെറി (അപ്പാര്‍ത്തീഡ്)ക്ക് സമാനമായ സാഹചര്യമാണ് റോഹിംഗ്യകള്‍ നേരിടുന്നത്. 1978ലും തൊണ്ണൂറുകളിലും, അതിനുശേഷം 2010നു ശേഷമുള്ള ദശകത്തിലും പല തവണ, റോഹിംഗ്യകള്‍ക്കെതിരായ സൈനിക നടപടി മ്യാന്‍മറിലുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആഗസ്റ്റിനു തൊട്ടു മുമ്പായി ഏതാണ്ട് പത്തു ലക്ഷത്തോളം റോഹിംഗ്യകള്‍ മ്യാന്‍മറിലുണ്ടായിരുന്നു. അതില്‍ ഒരു ലക്ഷം പേര്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെയുള്ള തടവറക്കു സമാനമായ ക്യാമ്പുകളിലാണുള്ളത്. ആഗസ്റ്റില്‍ നടന്ന ഒരു പ്രത്യാക്രമണത്തില്‍ പന്ത്രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സൈന്യം രോഹിംഗ്യകള്‍ക്കെതിരായ ആക്രമണം രൂക്ഷമാക്കുകയും ഏതാണ്ട് മുവ്വായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ശാരീരികാക്രമണങ്ങള്‍ക്കും ബലാത്സംഗത്തിനും വിധേയരാവുകയും ചെയ്തു. പിഞ്ചുകുട്ടികളെ അവരുടെ ഉമ്മമാരുടെ മാറത്തു നിന്ന് പിടിച്ചു പറിച്ച് ഒഴുകുന്ന നദിയിലേക്കോ തീയിലേക്കോ എറിയാന്‍ വരെ തയ്യാറായിട്ടാണ് മ്യാന്‍മര്‍ സൈന്യം അതിന്റെ ആഭ്യന്തര അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിക്കുന്നത്. ഏതാണ്ട് നാലു ലക്ഷത്തിലധികം രോഹിംഗ്യകള്‍ ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. വേണ്ടത്ര വിഭവങ്ങളോ സ്ഥല സൗകര്യമോ സാമ്പത്തിക സൗകര്യമോ ഇല്ലാത്ത അവികസിത രാജ്യമായ ബംഗ്ലാദേശ് ഈ പ്രശ്‌നത്തെ തുടര്‍ന്ന് വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുകയാണ്. പലായനം ചെയ്യുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളുമടങ്ങുന്ന പതിനായിരങ്ങള്‍ ഭക്ഷണം കിട്ടാതെയും രോഗബാധിതരായും മരിച്ചുവീഴുന്നതും സാധാരണ കാര്യം. പലരും വഴിയിലുള്ള കാട്ടുകിഴങ്ങുകളും ഇലകളും പുഴുക്കളും ഒക്കെയാണ് ഭക്ഷണമാക്കുന്നത്. പട്ടിണി കിടന്നാലും വേണ്ടില്ല, കൊലക്കും പീഡനങ്ങള്‍ക്കും രാജ്യമില്ലായ്മക്കും വിധേയരാവാതെ കഴിയാമല്ലോ എന്ന ധാരണയില്‍ മ്യാന്‍മര്‍ വിട്ടോടുകയാണ് ബഹുഭൂരിപക്ഷവും.

ഇന്ത്യയിലേക്കും നല്ലൊരു പങ്ക് റോഹിംഗ്യകള്‍ എത്തുന്നുണ്ട്. ഇവരെ സ്വീകരിക്കാന്‍ തയ്യാറല്ല എന്ന സമീപനമാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്. ഇതു സംബന്ധമായി സുപ്രീം കോടതിയില്‍ കേസ് നടന്നു വരികയാണ്. ഇവരെല്ലാം മുസ്‌ലിംകളാണെന്നതും അവര്‍ ഭീകരവാദികളായവരോ ആകാന്‍ സാധ്യതയുള്ളവരോ ആണെന്നും ഒക്കെയുള്ള കാരണങ്ങളാണ് അവരെ സ്വീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും മറ്റുമുള്ള അഭയാര്‍ഥികളെ സ്വീകരിച്ചതിന്റെ കാരണം അവരിലധികവും ഹിന്ദുക്കളും ബുദ്ധമതസ്ഥരുമായിരുന്നുവെന്നും വിശദീകരിക്കപ്പെട്ടിരിക്കുന്നു. മതേതര രാഷ്ട്രമായ ഇന്ത്യ അങ്ങനെയല്ലാതായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒരു സൂചനയായിട്ടു കൂടി വേണം ഈ നിലപാടിനെ വായിച്ചെടുക്കാന്‍. അതായത്, രോഹിംഗ്യകളെ സ്വീകരിക്കുമോ ഇല്ലയോ എന്നതിലുപരി, ഇന്ത്യാരാജ്യം തന്നെ അതിന്റെ ജനതയെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണുന്നു എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണിവിടെ തെളിഞ്ഞു വന്നിരിക്കുന്നത്. ഇതുണ്ടാക്കാന്‍ പോകുന്ന അതിഗുരുതരമായ പ്രശ്‌നങ്ങള്‍ വരും നാളുകളില്‍ രൂക്ഷമാകാനാണ് സാധ്യത.
എട്ടാം നൂറ്റാണ്ടു മുതല്‍ക്കെങ്കിലും

അറാക്കന്‍ മേഖല എന്നുമറിയപ്പെടുന്ന റാഖിനെ പ്രദേശത്ത് താമസമാക്കിയവരാണ് രോഹിംഗ്യകള്‍. രണ്ടാം ലോകമഹായുദ്ധാനന്തരമാണ് ഇവര്‍ക്കെതിരായ നീക്കങ്ങള്‍ ബര്‍മീസ് സര്‍ക്കാര്‍ രൂക്ഷമാക്കിയത്. അവരെ റോഹിംഗ്യകള്‍ എന്ന് വിളിക്കുന്നതു പോലും മ്യാന്‍മറില്‍ നിരോധിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ മേല്‍ നേരിട്ടുള്ള നിയന്ത്രണമില്ലെങ്കിലും മ്യാന്‍മറിന്റെ പരമാധികാരിയായി ഭരണത്തിലുള്ള നൊബേല്‍ സമാധാന സമ്മാന ജേതാവായ ആംഗ് സാന്‍ സൂകി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ദുരൂഹമായ മൗനം അവരുടെ മനുഷ്യാവകാശ- സ്വാതന്ത്ര്യാനുകൂല മനോഭാവത്തെ തന്നെ സംശയാസ്പദമാക്കിയിരിക്കുകയാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു ബര്‍മ്മ. അക്കാലത്ത്, ബര്‍മ്മയിലെ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാരെ (അതില്‍ പിന്നീട് ബംഗ്ലാദേശിന്റെ ഭാഗമായുള്ളവരുമുണ്ട്) അവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. അവരില്‍ നല്ലൊരു ശതമാനം ആളുകളും ബര്‍മ്മയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ട്. അവരാണ് ഇവരെന്നും അതുകൊണ്ട് അവരെ ചുമക്കേണ്ട ബാധ്യത, ബുദ്ധിസ്റ്റ് മ്യാന്‍മറിനില്ലെന്നുമാണ് എണ്‍പതുകളോടെ രൂപപ്പെട്ടു വന്ന നയം. രോഹിംഗ്യകളെ ബംഗാളികള്‍ എന്നാണ് മ്യാന്‍മറിലെ ഭൂരിപക്ഷസമൂഹം വിളിക്കുന്നത്. ഭാഷയും മതവിശ്വാസവും സ്വന്തം ചരിത്രവും പൗരത്വവും യാത്രയും വിദ്യാഭ്യാസവും ജോലിയും എല്ലാം നിഷേധിക്കപ്പെട്ട ഈ മക്കളെ ആരാണേറ്റെടുക്കുക എന്ന നിസ്സഹായമായ ചോദ്യമാണ് ലോകത്തിനും ദൈവത്തിനും മാനവികതക്കും മുന്നില്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ദേശ രാഷ്ട്രങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ആധുനിക ലോകത്തിന്റെ എല്ലാ പരിഷ്‌കാര-സംസ്‌കാര നാട്യങ്ങള്‍ക്കും മുന്നില്‍ റോഹിംഗ്യകളുടെ ലക്ഷ്യവും ദിശാബോധവുമില്ലാത്ത അഭയാര്‍ഥിത്വങ്ങള്‍ ഏറ്റവും വലിയ വെല്ലുവിളിയാണുയര്‍ത്തിയിരിക്കുന്നത്.

Latest