Connect with us

Articles

റോഹിംഗ്യകള്‍ക്കുള്ള ഭക്ഷണപ്പൊതി തീവ്രവാദി ക്യാമ്പിലെത്തുമ്പോള്‍

Published

|

Last Updated

ആവര്‍ത്തനം ചില ദുരന്തങ്ങളെ വാര്‍ത്തയേ അല്ലാതാക്കി മാറ്റുന്നു. സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നായി അവ ലാഘവത്വം കൈവരിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ തീവ്രവാദികളും അവരെ തകര്‍ക്കാനെന്ന പേരില്‍ നടക്കുന്ന ഭീകരവിരുദ്ധ യുദ്ധങ്ങളും ആയിരങ്ങളെ കൊന്നു തള്ളുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അത് വലിയ വാര്‍ത്തയാകാതിരിക്കുകയും പാശ്ചാത്യ നാടുകളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ ഒന്നാം പേജില്‍ കറുപ്പും വെളുപ്പുമാകുകയും ചെയ്യുന്നത് അത്‌കൊണ്ടാണ്. മനുഷ്യജീവന് വിലയിടുന്നതിന്റെ പ്രശ്‌നം ഇതിലുണ്ട്. പാശ്ചാത്യന്റെ ജീവന്‍ അമൂല്യവും പൗരസ്ത്യന്റെ ജീവന്‍ അധമവുമാകുന്നു. ഈ രാഷ്ട്രീയം ഏറ്റവും ഭംഗിയായി അനുവര്‍ത്തിക്കപ്പെടുന്നതിന്റെ ഒരു കാരണം അസ്ഥിരമാക്കപ്പെട്ട രാജ്യങ്ങളില്‍ കൂട്ടക്കൊലകള്‍ നിത്യസംഭവമാകുന്നുവെന്നതാണ്. റോഹിംഗ്യാ മുസ്‌ലിംകളും ഈ ഗണത്തിലേക്ക് നീങ്ങുകയാണ്. ലോകത്തെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലിന് വിധേയമാകുന്ന ജനതയെന്നാണ് റോഹിംഗ്യാ മുസ്‌ലിംകളെ യു എന്‍ വിശേഷിപ്പിക്കുന്നത്. വംശഹത്യാപരമായ അതിക്രമങ്ങള്‍. പൗരത്വമില്ലായ്മയുടെ വേദന. ആട്ടിയോടിക്കലുകള്‍. ബലാത്സംഗങ്ങള്‍. പലായനം. കടലിലെ കൂട്ടമരണങ്ങള്‍. ചെല്ലുന്നിടത്തുള്ള തിരസ്‌കാരങ്ങള്‍. ഈ മനുഷ്യരുടെ ദുരിതത്തിന് അറുതിയില്ല. ബുദ്ധ തീവ്രവാദികളും സര്‍ക്കാര്‍ സൈന്യവും ഒരു പോലെ ആയുധവുമായി ഇറങ്ങി കൊന്നു തള്ളുന്നു. ഇവിടെ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ഈ മനുഷ്യരുടെ സങ്കടങ്ങള്‍ തട്ടിയെടുത്ത് നുഴഞ്ഞ് കയറുന്ന സലഫിസ്റ്റ് തീവ്രവാദി സംഘങ്ങളുടെ സാന്നിധ്യമാണ് ഒന്നാമത്തേത്. ജനാധിപത്യ വ്യവസ്ഥിതി ഭൂരിപക്ഷത്തിന് കീഴൊതുങ്ങുമെന്ന സത്യം മ്യാന്‍മറില്‍ സമ്പൂര്‍ണമായി പുലരുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം.

തൊണ്ണൂറുകളില്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ എന്ന പദം മാധ്യമങ്ങളില്‍ കടന്നു വന്നിരുന്നില്ല. അവര്‍ വാര്‍ത്തക്ക് പുറത്തായിരുന്നു. അന്നും ഇതേ വേദന ഇതിനേക്കാള്‍ തീവ്രമായി ഈ മനുഷ്യര്‍ അനുഭവിക്കുന്നുണ്ടായിരുന്നു. അന്ന് എല്ലാവരും മ്യാന്‍മറിന്റെ ജനാധിപത്യത്തെ കുറിച്ചാണ് വ്യാകുലപ്പെട്ടു കൊണ്ടിരുന്നത്. അന്ന് വംശശുദ്ധീകരണത്തിന്റെ ഉത്തരവാദിത്വം പട്ടാള ഭരണകൂടത്തില്‍ മാത്രം നിക്ഷിപ്തമാക്കുന്ന തരത്തിലായിരുന്നു വിശകലനങ്ങള്‍. ബുദ്ധ തീവ്രവാദികളുടെ ക്രൂരതകള്‍ മറച്ചു വെക്കപ്പെടുകയും ഭരണകൂട ഭീകരതയുടെ തലക്കെട്ടിന് താഴെ വരുന്ന ഏതാനും വരികളായി റോഹിംഗ്യാ മുസ്‌ലിംകള്‍ ഒതുങ്ങുകയും ചെയ്തു. നൊബേല്‍ സമ്മാന ജേതാവ് ആംഗ് സാന്‍ സൂക്കിയുടെ പാര്‍ട്ടി അധികാരത്തില്‍ വരികയും സമ്പൂര്‍ണ ജനാധിപത്യം സാധ്യമാകുകയും ചെയ്താല്‍ പത്ത് ലക്ഷത്തിലധികം വരുന്ന റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് നല്ല കാലം വരുമെന്നും അവരുടെ മതപരമായ അസ്തിത്വം അംഗീകരിക്കപ്പെടുമെന്നും മണ്ണും മാനവും സംരക്ഷിക്കപ്പെടുമെന്നും അവര്‍ പൗരന്‍മാരായി തീരുമെന്നും പ്രതീക്ഷിക്കപ്പെട്ടു.

1982ലെ പൗരത്വ നിയമം മാറ്റിയെഴുതുമെന്നും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് റോഹിംഗ്യകളെന്ന ചരിത്രവിരുദ്ധമായ വാദം ജനാധിപത്യ മ്യാന്‍മറില്‍ നിന്ന് ഉയരില്ലെന്നും പ്രചരിപ്പിക്കപ്പെട്ടു. അത്‌കൊണ്ട് മ്യാന്‍മറിലെ ജനാധിപത്യ പോരാട്ടത്തെ എല്ലാ മനുഷ്യ സ്‌നേഹികളും പിന്തുണച്ചു. പട്ടാള ഭരണത്തെ ഒറ്റക്ക് വെല്ലുവിളിച്ച ധീരനായ ജനറല്‍ ആംഗ് സാന്റെ മകള്‍ സൂക്കിയെ ജനാധിപത്യത്തിന്റെ പ്രതീകമായി വാഴ്ത്തി. അവരുടെ പാര്‍ട്ടി ഭൂരിപക്ഷം നേടിയിട്ടും അധികാരത്തില്‍ വരാതിരിക്കാന്‍ ചട്ടങ്ങള്‍ മുഴുവന്‍ മാറ്റിയെഴുതിയ പട്ടാള നേതൃത്വം എല്ലാ അന്താരാഷ്ട്ര വേദികളിലും വിമര്‍ശിക്കപ്പെട്ടു. അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും മ്യാന്‍മറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. പട്ടാളത്തിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്കെതിരെ പ്രസിഡന്റ് തീന്‍ സീന്റെ നേതൃത്വത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത് ഇതിന് പിറകേയാണ്. അതിനൊടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സൂക്കിയുടെ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടി.

മകന്റെ വിദേശ പൗരത്വം അയോഗ്യതയായപ്പോള്‍ സൂക്കിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചില്ലെങ്കിലും സര്‍ക്കാറിന്റെ മേധാവിയെന്ന സ്ഥാനത്ത് ഇരിക്കുന്ന സൂക്കി തന്നെയാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവരാണ് നയം രൂപവത്കരിക്കുന്നത്. പട്ടാളത്തിന്റെ സ്വാധീനം പൂര്‍ണമായി അവസാനിച്ചിട്ടില്ലെങ്കിലും മ്യാന്‍മര്‍ വല്ലാതെ മാറിയിട്ടുണ്ട്. അതിനാല്‍ ഉപരോധങ്ങള്‍ നീങ്ങിയിരിക്കുന്നു. ഈ രാജ്യവുമായി നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ എല്ലാവരും മത്സരിക്കുകയാണ്. ജനാധിപത്യത്തെ കുറിച്ചുള്ള ഉത്കണ്ഠകള്‍ ശമിച്ചിരിക്കുന്നു. പക്ഷേ, അഭിനവ മ്യാന്‍മര്‍ റോഹിംഗ്യന്‍ മുസ്‌ലിംകളോട് തുടരുന്ന ക്രൂരത ജനാധിപത്യം എന്ന വ്യവസ്ഥയുടെ ഫലശൂന്യത വെളിവാക്കുന്ന നിലയിലേക്ക് വളരുകയാണ്. ആ അര്‍ഥത്തില്‍, മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ ഉള്‍ക്കാഴ്ചയോടെയും കൃത്യതയോടെയും റോഹിംഗ്യന്‍ പ്രശ്‌നത്തെ സമീപിക്കേണ്ടതുണ്ട്.

ജനാധിപത്യം രാഖിനെ പ്രവിശ്യയിലെ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. അവര്‍ കൂടുതല്‍ തിരസ്‌കൃതരാകുകയാണ് ചെയ്തത്. ഭൂരിപക്ഷമാണ് പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആ സംവിധാനത്തിന് ഒന്നും ചെയ്യാനാകില്ലെന്ന പാഠമാണ് മ്യാന്‍മര്‍ നല്‍കുന്നത്. ആംഗ് സാന്‍ സൂക്കിക്ക് രാഖിനെയില്‍ നടക്കുന്നത് ഇരു പക്ഷവും പങ്കെടുക്കുന്ന ഏറ്റമുട്ടലായി മാറുന്നത് അത്‌കൊണ്ടാണ്. മുസ്‌ലിംകള്‍ പൊതു സമൂഹത്തില്‍ അലിഞ്ഞ് ചേരുന്നില്ലെന്ന് അവര്‍ പറയുന്നു. റോഹിംഗ്യ എന്ന പദം തന്നെ ഉപയോഗിക്കരുതെന്നാണ് മാധ്യമങ്ങള്‍ക്ക് അവര്‍ നിര്‍ദേശം നല്‍കിയത്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന് മാത്രമേ ഇവരെ വിശേഷിപ്പിക്കാവൂവെന്ന് യു എന്നില്‍ വാദിക്കുകയാണ് മ്യാന്‍മര്‍ പ്രതിനിധി. ഈ വിഷയത്തില്‍ സൂക്കിയുടെ പാര്‍ട്ടിയെ വ്യാകുലപ്പെടുത്തുന്നത് പ്രതിച്ഛായ മാത്രമാണ്. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ ശക്തമായ പ്രതികരണം നടത്തിയ പോപ്പ് മ്യാന്‍മര്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. അദ്ദേഹത്തെ നിജസ്ഥിതി “ബോധ്യപ്പെടുത്തി” അന്താരാഷ്ട്രതലത്തില്‍ നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാനുള്ള ശ്രമം സൂകി ഭരണകൂടം തുടങ്ങിക്കഴിഞ്ഞു. കാര്യങ്ങള്‍ പഠിച്ച് “കൊള്ളാവുന്ന” ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യു എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാനെ നിയോഗിച്ചതിന്റെ ക്ഷീണം ഇപ്പോഴും തീര്‍ന്നിട്ടില്ല. അന്നാന്‍ തുറന്നെഴുതി. പ്രശ്‌നം സൃഷ്ടിക്കുന്നത് സൈന്യവും ബുദ്ധ തീവ്രവാദികളും മാത്രമാണ്. മുസ്‌ലിംകളിലെ തീവ്രവാദമടക്കമുള്ളവ ഗൗരവമെങ്കിലും പ്രശ്‌നത്തിന്റെ കാതല്‍ സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം തന്നെയാണെന്ന് അന്നാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി.

മുമ്പൊരിക്കലും ഇല്ലാത്ത വിധം വംശഹത്യാപരമായ ആക്രമണങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. പലായനം ചെയ്യുന്നവരെ സ്വീകരിക്കാന്‍ അയല്‍ രാജ്യങ്ങളൊന്നും തയ്യാറാകുന്നില്ല. ഇന്ത്യയും ബംഗ്ലാദേശുമെല്ലാം വര്‍ഷങ്ങളായി തങ്ങളുടെ രാജ്യത്ത് കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുകയാണ്. വരുന്നവരെ അതിര്‍ത്തിയില്‍ വെച്ച് ആട്ടിയോടിക്കുന്നു. വന്ന കടലിലേക്ക് തന്നെ അവര്‍ തിരിച്ചിറങ്ങുന്നു. തോണികളില്‍ അലയുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളിലും അതിദേശീയതാ വാദത്തിന്റെ ആക്രോശങ്ങളിലും ന്യൂനപക്ഷ സമൂഹം കടുത്ത അരക്ഷിതാവസ്ഥയില്‍ നില്‍ക്കുകയും മ്യാന്‍മറിലെ ബുദ്ധ തീവ്രവാദികളും ഇന്ത്യയിലെ ഹിന്ദുത്വവാദികളും തുരങ്ക സൗഹൃദം പുലര്‍ത്തുകയും ചെയ്യുമ്പോള്‍ ഈ മനുഷ്യരെ ആട്ടിയോടിക്കുന്നതിന് മാതൃക കാട്ടുകയാണ് ഇന്ത്യ. ഈ ഘട്ടത്തില്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള വികാരനിര്‍ഭരമായ പ്രാര്‍ഥനകളോടെയാണ് മുസ്‌ലിം ലോകം ബലിപെരുന്നാള്‍ ആഘോഷിച്ചത്. മ്യാന്‍മറിലേക്ക് ഇവിടെ നിന്ന് എത്രയോ അകലമുണ്ടല്ലോ എന്നോര്‍ത്ത് പെരുന്നാള്‍ ദിനത്തില്‍ നിസ്സംഗരായില്ലെന്നത് എല്ലാതരം ഫാസിസ്റ്റ് പ്രവണതകളോടുമുള്ള വിസമ്മതത്തിന്റെ ആവിഷ്‌കാരമാണ്.

ലോകത്തിന്റെയാകെ ശ്രദ്ധ മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് തിരിയുമ്പോള്‍ തന്നെയാണ് മുസ്‌ലിംകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘങ്ങളുടെ പേര് ഉച്ചത്തില്‍ ഉയര്‍ന്നു വരുന്നത്. ഇത് ഗൗരവതരമായ കാര്യമാണ്. അറാകന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി (എ ആര്‍ എസ് എ)യെന്നാണ് ഇപ്പോള്‍ ഈ സംഘം അറിയപ്പെടുന്നത്. ഹറക്കത്തുല്‍ യഖീന്‍ എന്നായിരുന്നു പഴയ പേര്. റോഹിംഗ്യ വംശജരുടെ വിമോചനം ഉയര്‍ത്തി ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സലഫിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധ സംഘമാണ് ഇത്. പ്രത്യേക റോഹിംഗ്യാ രാഷ്ട്രമാണത്രേ ലക്ഷ്യം. താലിബാനില്‍ നിന്നും ലിബിയയിലെ സലഫിസ്റ്റ് തീവ്രവാദി സംഘടനകളില്‍ നിന്നും പരിശീലനം നേടിയ അതാഉല്ലയെന്ന പാക് പൗരനായ റോഹിംഗ്യന്‍ വംശജനാണ് സൈനിക സംഘത്തിന്റെ മേധാവിയായി അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഈ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്‌റ്റേഷന്‍ ആക്രമണമാണ് ഒരു ലക്ഷത്തോളം റോഹിംഗ്യകളുടെ കൂട്ടപ്പലായനത്തിന് കാരണമായ ആള്‍ക്കൂട്ട ആക്രമണത്തിന് വഴി മരുന്നിട്ടത്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഈ ആക്രമണങ്ങളെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് കോഫി അന്നാന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തുവിട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണവുമായി ഇതേ സംഘം രംഗത്തെത്തിയത്. ന്യായീകരണത്തിന് പഴുത് തേടി നടന്ന മ്യാന്മര്‍ സര്‍ക്കാറിന് കൃത്യ സമയത്ത് ലഭിച്ച ആയുധമായി മാറുകയാണ് ഈ തീവ്രവാദി വിഭാഗം. 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട മോംഗ്‌ഡോവിലെ ആക്രമണത്തിന്റെ പേര് പറഞ്ഞ് റാഖിനെയിലെ റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ സൈന്യം ചുട്ടുചാമ്പലാക്കി. നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഭയാര്‍ഥികള്‍ക്ക് സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന ബിസ്‌കറ്റുകളുടെ പാക്കറ്റ് സാല്‍വേഷന്‍ ക്യാമ്പില്‍ നിന്ന് കണ്ടെടുത്തത് പൊക്കിപ്പിടിച്ച് നടക്കുകയാണ് സൂക്കി സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി റോഹിംഗ്യകള്‍ക്കിടയില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ഭക്ഷ്യവിതരണവും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. സത്യത്തില്‍ ഈ സംഘടനകള്‍ക്ക് റോഹിംഗ്യന്‍ ജനസാമാന്യത്തിന്റെ ഒരു പിന്തുണയുമില്ല.

മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥയും അമര്‍ഷവും അഭിമാനക്ഷതവും സലഫിസ്റ്റ്, മതരാഷ്ട്രവാദ സായുധ ഗ്രൂപ്പുകളുടെ പിറവിക്കും വ്യാപനത്തിനും കാരണമായി മാറുന്നുവെന്നത് അത്യന്തം ഗൗരവപൂര്‍വം കാണേണ്ടതാണ്. മതമൂല്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് പടക്കിറങ്ങുന്ന ഇത്തരം ഒരു സംഘവും മുസ്‌ലിംകളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടില്ല. ഭരണകൂടത്തിന്റെയും പൊതു സമൂഹത്തിന്റെയും നിയമങ്ങളുടെയും പിന്‍ബലമുള്ള ഭൂരിപക്ഷത്തിന് അക്രമാസക്തരാകാന്‍ അവസരമൊരുക്കുക മാത്രമാണ് ഈ ഗ്രൂപ്പുകള്‍ ചെയ്യുന്നത്. ഗുജറാത്ത് വംശഹത്യയെ ഗോദ്രാനന്തര കലാപം എന്ന് വിളിക്കുന്നത് പോലെ, റോഹിംഗ്യന്‍ തീവ്രവാദി ആക്രമണത്തിന് പിന്നാലെ നടക്കുന്ന കലാപമായി ബുദ്ധ തീവ്രവാദികളുടെ അരുംകൊലകള്‍ വിശേഷിപ്പിക്കപ്പെടാന്‍ അവസരമൊരുക്കുകയാണ് സാല്‍വേഷന്‍ അടക്കമുള്ള അതിവൈകാരിക സംഘങ്ങള്‍. ഇവക്ക് യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ ശക്തി നല്‍കും മാധ്യമങ്ങള്‍. അന്താരാഷ്ട്ര ഗ്രൂപ്പുകളുമായി ഇവയെ ബന്ധിപ്പിക്കാനും ആളുണ്ടാകും. എവിടെ നിന്നൊക്കെയോ ആയുധങ്ങള്‍ ലഭിക്കും. ഇസില്‍ തീവ്രവാദികളുടെ കാര്യത്തില്‍ അതാണല്ലോ സംഭവിച്ചത്. അവിടെ ശിയാ ഭൂരിപക്ഷ സര്‍ക്കാറിനെതിരെ സുന്നികള്‍ക്കിടയിലുണ്ടായ അതൃപ്തിയാണ് അവര്‍ ഉപയോഗിച്ചത്.~ഒടുവില്‍ ഇറാഖും സിറിയയും ലിബിയയുമെല്ലാം ഛിന്ന ഭിന്നമായെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ഈ പ്രവണത ഒരു ദേശത്തിനോ ഒരു കാലത്തിനോ മാത്രം ബാധകമായ ഒന്നല്ല. മതത്തെ അതിന്റെ യാഥാര്‍ഥ്യത്തില്‍ നിന്ന് അടര്‍ത്തി പരിഷ്‌കരിക്കാന്‍ നടക്കുന്നവര്‍ എവിടെയും പ്രത്യക്ഷപ്പെടും. അവര്‍ ആത്യന്തികമായി തീവ്രവാദപരമായ എടുത്തുചാട്ടങ്ങളില്‍ ചെന്നെത്തും. അതാകട്ടെ യഥാര്‍ഥ മതവിശ്വാസികളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. മ്യാന്‍മറിലെ രാഖിനെയിലും ചൈനയിലെ സിന്‍ജിയാംഗിലുമൊക്കെ അത് നടക്കുന്നു. പോരാട്ടവീര്യത്തിന്റെ അപദാനങ്ങള്‍ ഏറ്റുവാങ്ങുന്ന ഹമാസിനെ പോലും ഈ ഗണത്തിലാണ് പെടുത്തേണ്ടത്. ഇസിലില്‍ ചേരാന്‍ പോകുന്ന മലയാളികളും കൈവെട്ട് സംഘങ്ങളുമെല്ലാം ഇതേ തലക്കെട്ടിന് താഴെ വരുന്നവരാണ്. ഇസ്‌ലാമിന്റെ തനതായ ക്ഷമയും യുക്തിയും നയവും തന്നെയാണ് യഥാര്‍ഥ പരിഹാരം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest