Connect with us

Kerala

വിശിഷ്ട സേവാ മെഡലിന്റെ ഓര്‍മയില്‍ ക്യാപ്റ്റന്‍ ചന്ദ്ര

Published

|

Last Updated

പട്ടാമ്പി:53 വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ സേവാമെഡലിന് അര്‍ഹയായ വ്യക്തിത്വമാണ് ക്യാപ്റ്റന്‍ ചന്ദ്രയുടേത്.
ദേശമംഗലം പഞ്ചായത്തിലെ പള്ളം കനാല്‍ റോഡ് വക്കിലെ തെക്കേ കരുമാന്‍കുഴി വീട്ടില്‍ കഴിയുന്ന ക്യാപ്റ്റന്‍ ചന്ദ്രയെ പുതിയ തലമുറക്ക് പരിചയം കാണില്ല.
1971ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പ്രശസ്ത സേവനമനുഷ്ഠിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ദേശമംഗലം കാരിയായ ഈ ധീരവനിത പുതിയ തലമുറക്കൊരു പാഠപുസ്തകമാണ്.
ദേശമംഗലം, ചെറുതുരുത്തി എന്നീ സ്‌കൂളുകളിലെ പഠനത്തിന് ശേഷം പത്രപരസ്യം കണ്ട് അപേക്ഷിച്ചാണ് ആന്ധ്രാപ്രദേശിലെ രാജമന്ദ്രിയില്‍ നാല് വര്‍ഷം നഴ്‌സിംഗ് പഠിച്ചത്. 1964ല്‍ മഹാരാഷ്ട്രയിലെ ദേവലാനി എന്ന സ്ഥലത്തെ മിലിട്ടറി ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ചേര്‍ന്നു. ലഫ്റ്റനന്റ് റാങ്കിലായിരുന്നു പ്രവേശനം. പിന്നീട് ഹിമാചല്‍ പ്രദേശിലെ പാലമ്പൂര്‍ എന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു.

അവിടെ നിന്നും കാണ്‍പൂരിലെ എയര്‍ ഫോഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റം ലഭിച്ചു. ഇവിടെ വെച്ചാണ് ക്യാപ്റ്റന്‍ ചന്ദ്ര പരുക്കേറ്റ ഇന്ത്യന്‍ ഭടന്മാരെ ചികിത്സിച്ചത്.
1971ല്‍ ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധം നടക്കുമ്പോള്‍ 500 ഓളം ധീര ജവാന്മാരെ പരിപാലിക്കേണ്ടി വന്നു ക്യാപ്റ്റന്‍ ചന്ദ്രക്ക്. ഇത് പരിഗണിച്ചാണ് ക്യാപ്റ്റന്‍ ചന്ദ്രക്ക് വിശിഷ്ട സേവാമെഡല്‍ ലഭിച്ചത്. അന്ന് രാഷ്ട്രപതിയായിരുന്നത് വി വി ഗിരിയായിരുന്നു. വിശിഷ്ട സേവാമെഡല്‍ സമ്മാനിച്ചത് അന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന മെഹ്‌റും.

കാണ്‍പൂരിലെ ഹോസ്പിറ്റലില്‍ അന്നൊക്കെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്തിരുന്നു ക്യാപ്റ്റന്‍ ചന്ദ്ര. ക്യാപ്റ്റന്‍ ചന്ദ്ര ആശുപത്രിയിലെത്തുമ്പോള്‍ ചികിത്സയിലുള്ള ഭടന്മാര്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്.
“സിസ്റ്റര്‍ജി ആപ് ഭഗവാന്‍ ഹേ” അത്രയേറെ പരിചരണവും, ശ്രദ്ധയും നല്‍കിയിരുന്നു പരുക്കേറ്റ ഭടന്മാര്‍ക്ക് ക്യാപ്റ്റന്‍ ചന്ദ്ര. 1973ല്‍ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചത് ആദ്യ മറിഞ്ഞത് ക്യാപ്റ്റന്‍ ചന്ദ്രയുടെ വീട്ടുകാരാണ്. 1989 ല്‍ വൊളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങി നാട്ടിലേക്ക് വന്ന ക്യാപ്റ്റന്‍ ചന്ദ്ര ഇപ്പോള്‍ സഹോദരി സരോജിനി ടീച്ചര്‍ക്കൊപ്പം ദേശമംഗലത്തെ വീട്ടില്‍ കഴിയുന്നു.

1971ല്‍ വിശിഷ്ട സേവാമെഡല്‍ ലഭിച്ചതിനെ തുടര്‍ന്ന് ദേശമംഗലത്തെ ശാരദാ സമാജവും നാട്ടുകാരും 1973 ല്‍ ഒരു സ്വീകരണം നല്‍കി ക്യാപ്റ്റന്‍ ചന്ദ്രക്ക്. അന്ന് അവര്‍ നല്‍കിയ അഭിനന്ദന പത്രത്തില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്.
ഭാരതീയ വനിതകളുടെ ഹൃദയശുദ്ധിയുടേയും, ത്യാഗസന്നദ്ധതയുടേയും മഹനീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച ക്യാപ്റ്റന്‍ ചന്ദ്ര കയ്യിലൊരു വിളക്കു മേന്തി ദു:ഖിതരുടെ കണ്ണീരൊപ്പാന്‍ ഇരുളില്‍ പ്രകാശം ചിതറി നടക്കുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗേ ലിനെ അനുസ്മരിക്കുന്നു.

---- facebook comment plugin here -----