Connect with us

Editorial

മുഗള്‍ കാലഘട്ടമില്ലാത്ത ഇന്ത്യാ ചരിത്രമോ?

Published

|

Last Updated

മുഗള്‍ രാജാക്കന്മാരുടെയും ബ്രിട്ടീഷ് ഇന്ത്യയുടെയും ചരിത്രം ഇനി കുട്ടികള്‍ പഠിക്കേണ്ടെന്നാണ് മഹാരാഷ്ട്ര സെക്കന്‍ഡറി ആന്‍ഡ് ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ തീരുമാനം. മഹാരാഷട്ര വിദ്യാഭ്യാസ വകുപ്പിനും ഹിസ്റ്ററി സബ്ജക്ട് കമ്മിറ്റിക്കും സമര്‍പ്പിച്ച ശിപാര്‍ശയിലാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും പാഠപുസ്തകങ്ങളില്‍ നിന്ന് ഈ ചരിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ബോര്‍ഡിന്റെ നിര്‍ദേശം. ഇതിന് പകരം മറാത്ത ചക്രവര്‍ത്തി ശിവജിയുടെയും 1960ന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുമാണ് പഠിപ്പിക്കേണ്ടതെന്നും ബോര്‍ഡ് അഭിപ്രായപ്പെടുന്നു. ഇതനുസരിച്ചു മുഗള്‍ രാജാക്കന്മാരുടെ ചരിത്രത്തിന് പുറമെ ഫ്രഞ്ച് വിപ്ലവം, ഗ്രീക്ക് തത്വചിന്ത, അമേരിക്കന്‍ സ്വാതന്ത്ര്യ സമരം എന്നിവ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യും.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി ബി ജെ പി ഭരണത്തിലുളള മറ്റു സംസ്ഥാനങ്ങളിലുമുണ്ട് പാഠപുസ്തകങ്ങളില്‍ മുഗള്‍ ഭരണ ചരിത്രത്തിന്റെയും മുസ്‌ലിംകള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളുടെയും തമസ്‌കരണം. ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പൊതു അവബോധം വിലയിരുത്തുന്നതിനായി ബി ജെ പി സര്‍ക്കാര്‍ തയ്യാറാക്കിയ ഒരു പ്രശ്‌നോത്തരി പുസ്തകത്തില്‍ ഇന്ത്യയിലെ മധ്യകാല ചരിത്രം പറയുന്ന ഭാഗത്ത് മുസ്‌ലിം ചരിത്രം സൂചിപ്പിക്കുന്നു പോലുമില്ല. അതേസമയം ഏതെങ്കിലും മുസ്‌ലിം രാജാവ് ഹിന്ദു രാജാവിനെ ആക്രമിക്കുകയോ യുദ്ധത്തില്‍ വധിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതുള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. സമകാലിക വിഷയങ്ങള്‍ എന്ന അധ്യായത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, ജി എസ് ടി, നോട്ട് നിരോധനം തുടങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച ഏതാനും പദ്ധതികളുടെ പട്ടികയാണ് പരിചയപ്പെടുത്തുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടനയെ കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത് കേന്ദ്രത്തില്‍ മോദി അധികാരത്തിലെത്തിയ 2014 മുതല്‍ മാത്രമാണ്. ഗുജറാത്തിലെ പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുന്ന എട്ട് പുസ്തകങ്ങള്‍ ആര്‍ എസ് എസ് ആചാര്യന്‍ ദീനീനാഥ് ബത്രയുടേതാണെന്നറിയുമ്പോള്‍ അവയിലെ ഉള്ളടക്കത്തെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തര്‍പ്രദേശിലെ ആര്‍ എസ് എസ് പോഷക സംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്തന്‍ നയാസ്, എന്‍ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു രംഗത്തു വന്നിട്ടുണ്ട്. . മിര്‍സ ഗാലിബിന്റെ കവിതാശകലവും എം എഫ് ഹുസൈന്റെ ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങളും രവീന്ദ്രനാഥ് ടാഗോറിന്റെ ചിന്തകളും എടുത്തു മാറ്റുക, മുഗള്‍ ഭരണാധികാരികള്‍ കാരുണ്യവാന്‍മാരായിരുന്നു എന്ന ഭാഗത്തിന്റെ സാധുത പരിശോധിക്കുക, ഗുജറാത്ത് കലാപത്തില്‍ 2000 മുസ്‌ലിംകള്‍ വധിക്കപ്പെട്ടുവെന്ന ഭാഗം ഒഴിവാക്കുക തുടങ്ങിയവാണ് അവര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍. ഇതിന്റെ ബാക്കി ഭാഗം തന്നെയാണ് ആര്‍ എസ് എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന മഹാരാഷ്ട്ര എജ്യുക്കേഷന്‍ ബോര്‍ഡിന്റെ ശിപാര്‍ശകളും.
മുഗള്‍ രാജാക്കന്മാരെ ഒഴിച്ചു നിര്‍ത്തിയുള്ള ഇന്ത്യന്‍ ചരിത്രം അപൂര്‍ണമാണ്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ വിശിഷ്യാ വൈജ്ഞാനിക, കലാസാംസ്‌കാരിക രംഗങ്ങളില്‍ മഹത്തായ സംഭാവനകളാണ് മുഗള്‍ ഭരണ കാലഘട്ടം രാജ്യത്തിന് അര്‍പ്പിച്ചത.് വൈജ്ഞാനിക മേഖലയില്‍ മുഗള്‍ ഭരണ കാലഘട്ടത്തില്‍ കൈവരിച്ച വളര്‍ച്ചയുടെ ജീവിച്ചിരിക്കുന്ന തെളിവാണ് അവര്‍ സ്ഥാപിച്ച വിലപിടിച്ച ഗ്രന്ഥസമാഹാരങ്ങള്‍ അടങ്ങിയ ലൈബ്രറികള്‍. അക്കാലത്ത് നിരവധി ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകന്‍ ദാരാഷുക്കോവിന്റെ സംഭാവനകള്‍ വളരെ വലുതാണ്. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റിയത് അദ്ദേഹമായിരുന്നു. കണ്ണഞ്ചിക്കുന്നതും ലോക സപ്താത്ഭുതങ്ങളില്‍ ഇടം നേടിയതുമായ താജ്മഹല്‍, ലോക പൈതൃകങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഡല്‍ഹി ജുമാ മസ്ജിദ്, ഡല്‍ഹി ചെങ്കോട്ട,. അക്ബര്‍ ചക്രവര്‍ത്തി നിര്‍മിച്ച ആഗ്രാ കോട്ട, ഖുതുബ് മിനാര്‍ എന്നിവ മുസ്‌ലിം ചക്രവര്‍ത്തിമാര്‍ സ്ഥാപിച്ച രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളും കലാസമ്പത്തുക്കളുമാണ്. വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായി മുഗളര്‍ പണി കഴിപ്പിച്ച വേറെയും ധാരാളം കോട്ടകളും കൊട്ടാരങ്ങളുമുണ്ട് രാജ്യത്ത്. ബ്രിട്ടീഷ് ഭരണകൂടവും രാജ്യത്തിന്റെ വളര്‍ച്ചയില്‍ ചെറുതല്ലാത്ത സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

വിശ്വഭാരതിയിലൂടെയും സരസ്വതി ശിശുമന്ദിരങ്ങളിലൂടെയും ദശാബ്ദങ്ങളായി ആര്‍ എസ് എസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ് വിദ്യാഭ്യാസ കാവിവത്കരണം. പൊതുവിദ്യാഭ്യാസ മേഖലയിലേക്കും അതിനെ വ്യാപിപ്പിക്കുകയാണ് തങ്ങള്‍ക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളിലെ സിലബസ് പരിഷ്‌കരണത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ജനാധിപത്യ മതേതര പാരമ്പര്യം നശിപ്പിച്ച് ഇന്ത്യയെ ഹൈന്ദവ രാജ്യമാക്കി ഉടച്ചു വാര്‍ക്കുന്നതിന് യുവജനങ്ങളുടെയും പുതുതലമുറയുടെയും ചിന്തകളെയും മനോഭാവങ്ങളെയും പുനഃസൃഷ്ടിക്കേണ്ടതുണ്ട്. പുരാതന ഇന്ത്യയുടെ ചരിത്രം ഹിന്ദു രാജാക്കന്മാരുടെയും വേദകാലഘട്ടത്തിന്റെ ചരിത്രത്തിലും ആധുനിക ഇന്ത്യയുടെ ചരിത്രം മോദി അധികാരത്തിലേറിയ ശേഷമുള്ള വര്‍ഷങ്ങളിലും പരിമിതപ്പെടുത്താനാണ് ഫാസിസ്റ്റുകളുടെ ശ്രമം. പാഠപുസ്തകങ്ങളിലൂടെ മുഗള്‍ ഭരണ കാലത്തെ തിളക്കമാര്‍ന്ന ചരിത്രങ്ങള്‍ വിദ്യാര്‍ഥി ലോകം അറിയാനിട വരുന്നത് തങ്ങളുടെ ലക്ഷ്യത്തില്‍ വിലങ്ങു തടിയായാണ് സംഘ്പരിവാര്‍ കാണുന്നത്. എന്നാല്‍ ഇന്ത്യാചരിത്രം സത്യസന്ധമായി വിലയിരുത്തുമ്പോള്‍ മുഗളരും ബ്രിട്ടീഷുകാരും നല്‍കിയ സംഭാവനകളും രാജ്യത്തിന്റെ വികസനത്തില്‍ അവര്‍ വഹിച്ച പങ്കും വിലയിരുത്തുകയും ചരിത്രാന്വേഷികളുടെയും വിദ്യാര്‍ഥി ലോകത്തിന്റെയും മുമ്പില്‍ അവ തുറന്നു വെക്കുകയും ചെയ്യേണ്ടതാണ്. അവ തമസ്‌കരിക്കാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്.

 

Latest