Connect with us

International

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറ്റം പ്രഖ്യാപിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: ചരിത്രപരമായ 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്ക ഐക്യരാഷ്ട്രസഭയെ ഔദ്യോഗികമായി അറിയിച്ചു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി കരാറില്‍ നിന്ന് പിന്മാറുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സന്തുലിതമായ സമീപനമായിരിക്കും കാലാവസ്ഥാ നയത്തോട് അമേരിക്ക സ്വീകരിക്കുക. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ഊര്‍ജ സുരക്ഷക്കും മുന്‍ഗണന നല്‍കും”- പ്രസ്താവന വിശദമാക്കുന്നു. അതേസമയം, കരാറില്‍ തിരികെയെത്താനുള്ള വാതില്‍ തുറന്നിട്ട ശേഷമാണ് ഈ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കും വ്യാപാരത്തിനും തൊഴിലാളികള്‍ക്കും നികുതിദായകര്‍ക്കും അനുകൂലമായ മാറ്റം കരാറില്‍ കൊണ്ടുവരികയാണെങ്കില്‍ നിലപാടില്‍ മാറ്റം വരുത്തുമെന്ന സൂചന പ്രസ്താവനയില്‍ നല്‍കുന്നുണ്ട്.
പാരീസ് ഉടമ്പടിയിലെ 28ാം വകുപ്പ് പ്രകാരം, ഏതെങ്കിലും കക്ഷിക്ക് അതില്‍ നിന്ന് പിന്മാറണമെങ്കില്‍ കരാര്‍ നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ സാധ്യമാകുകയുള്ളൂ. 2016 സെപ്തംബര്‍ മൂന്നിനാണ് അമേരിക്ക ഈ ഉടമ്പടിയുടെ ഭാഗമായത്. യു എസില്‍ കരാര്‍ നിലവില്‍ വന്നതാകട്ടെ അതേ വര്‍ഷം നവംബര്‍ നാലിനാണ്. അതനുസരിച്ച് അമേരിക്ക 2019 അവസാനം വരെ പാരീസ് ഉടമ്പടിയില്‍ തുടരാന്‍ നിര്‍ബന്ധിതരാണ്.

പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കഴിഞ്ഞ ജൂണിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരാറുമായി മുന്നോട്ടുപോയാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരും വലിയ തൊഴില്‍ നഷ്ടം സംഭവിക്കും എണ്ണ, വാതക, കല്‍ക്കരി, ഉത്പാദന വ്യവസായ മേഖലകള്‍ക്ക് ക്ഷീണമുണ്ടാകും തുടങ്ങിയ ന്യായീകരണങ്ങളാണ് ട്രംപ് ഇതിനായി മുന്നോട്ടുവെച്ചത്. കഴിഞ്ഞ മാസം പാരീസില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. “പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് ചിലത് നടക്കും. കാത്തിരുന്ന് കാണൂ” എന്നായിരുന്നു അന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിന് യു എസ് സെനറ്റില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. ആഭ്യന്തര ഊര്‍ജോത്പാദനത്തിനും തൊഴില്‍ മേഖലക്കും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സര്‍ക്കാര്‍ വരുത്തിവെച്ച വലിയ ആഘാതത്തിനുള്ള തിരിച്ചടിയാണ് ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് സെനറ്റ് അംഗം മിച്ച് മക് കോണല്‍ അഭിപ്രായപ്പെട്ടു. അതേസമയം തന്നെ, ഈ തീരുമാനത്തിനെതിരെയുള്ള വിമര്‍ശവും ഉയര്‍ന്നുകഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകം കൈകോര്‍ക്കുമ്പോള്‍ അതിന്റെ കടക്കല്‍ കത്തിവെക്കുന്ന നിലപാടാണ് അമേരിക്കയുടേതെന്നാണ് പ്രധാന വിമര്‍ശം.

 

Latest