Connect with us

National

നിതീഷ്‌കുമാര്‍ രാജിവെച്ചു; ബീഹാര്‍ മഹാസഖ്യം തകര്‍ന്നു

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവെച്ചു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജി.

ഗവര്‍ണര്‍ കേശരി നാഥ് ത്രിപതിയെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് രൂപീകരിച്ച മഹാസഖ്യത്തിന്റെ തകര്‍ച്ച പൂര്‍ണമായി.

ബീഹാറിന്റെ താല്‍പര്യംകണക്കിലെടുത്താണ് രാജിയെന്ന് രാജ്ഭവന് പുറത്ത് നിതീഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിയോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.

ഇന്ന് ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ നിതീഷിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജെഡിയു അധ്യക്ഷനായിരുന്ന നിതീഷ് കുമാര്‍ ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആര്‍ജെഡിക്ക് എണ്‍പതും ജെഡിയുവിന് എഴുപത്തിയൊന്നും എംഎല്‍എമാരാണ് സഭയിലുള്ളത്.

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, മകന്‍ തേജസ്വി, മകളും രാജ്യസഭാ എം.പിയുമായ മിസ ഭാരതി എന്നിവരുടെ വസതികളില്‍ സിബിഐ റെയ്ഡു നടത്തിയതിനെത്തുടര്‍ന്നാണ് ബീഹാറിലെ മഹാസഖ്യത്ത് വിള്ളല്‍വീണ് തുടങ്ങിയത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജെഡിയു സഹായിച്ചത് പ്രശ്‌നം കൂടുതല്‍ വശളാക്കി. മഹാസഖ്യം തകരാതിരിക്കാന്‍ വേണ്ടി ജെഡിയു-ആര്‍ജെഡി പാര്‍ട്ടികള്‍ക്കിടയില്‍ കോണ്‍ഗ്രസ് മധ്യസ്ഥശ്രമം നടത്തിയെങ്കിലും ഇതൊന്നും മുഖ്വിലക്കെടുക്കാതെയാണ് നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.

അതേസമയം രാജിവെച്ച നിതീഷ്‌കുമാറിന്റെ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.
കാലം ആവശ്യപ്പെട്ട തീരുമാനമാണിതെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് അഭിനന്ദനമെന്നും മോദി ട്വീറ്റ്‌ചെയ്തു.