Connect with us

Gulf

ത്രിമാന സാങ്കേതിക വിദ്യയോടെ കൃത്രിമ കാലൊരുക്കി ഡി എച്ച് എ

Published

|

Last Updated

ദുബൈ: മേഖലയില്‍ ആദ്യമായി ത്രീ ഡി പ്രിന്റഡ് കൃത്രിമ കാല്‍ സംവിധാനവുമായി ദുബൈ ഹെല്‍ത് അതോറിറ്റി. നിലവിലെ കൃത്രിമ കാലുകളുടെ പകുതി വിലയാണ് ഈ അത്യാധുനിക രീതിയിലുള്ള കൃത്രിമ കാലിന് വില. 20 വര്‍ഷം മുന്‍പ് യു കെ സ്വദേശിനിയായ ബെലിന്‍ഡാ ഗെറ്റ്‌ലാന്റിന്റെ ഇടത് കാല്‍ ഒരു കുതിരയോട്ട മത്സരത്തില്‍ ഒടിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തന്റെ മുട്ടിനു താഴെയുള്ള എല്ലുകള്‍ക്ക് പൂര്‍ണമായും ക്ഷതം സംഭവിച്ചു. തുടര്‍ന്ന് മുട്ടിനു താഴെ കാല്‍ മുറിച്ചു മാറ്റപ്പെട്ടു. ഒമ്പതു വട്ടം കാലിന് ശാസ്ത്രകൃയ ചെയ്തുവെങ്കിലും നിരാശയായിരുന്നു ഫലം. കാല്‍ മുട്ടിന് താഴെയുള്ള മാംസ പേശികള്‍ ശോഷിക്കാന്‍ തുടങ്ങിയതോടെ കൃത്രിമ കാല്‍ ഉറപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതയാകുകയായിരുന്നു.എന്നാല്‍ സാധാരണ രീതിയിലുള്ള കൃത്രിമ കാലുകള്‍ അവര്‍ക്കെന്നും വേദനയാണ് സമ്മാനിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ദുബൈയില്‍ താമസക്കാരിയായ അവര്‍ ഡി എച് എയുടെ സഹായത്തോടെയാണ് അത്യാധുനിക രീതിയിലുള്ള കാല്‍ ഘടിപ്പിക്കുന്നത്. ഇന്‍ഫോര്‍മ മെഡിക്കല്‍ കമ്പനിയുടെ സഹകരണത്തോടെ ഡി എച് എ അധികൃതര്‍ അവര്‍ക്ക് ത്രിമാന സാങ്കേതിക വിദ്യയില്‍ ഒരുക്കിയ കൃത്രിമ കാല്‍ ഒരുക്കുകയായിരുന്നു. ജര്‍മനിയിലും ബള്‍ഗേറിയയിലും വിവിധ ഭാഗങ്ങള്‍ നിര്‍മിച്ച കൃത്രിമ കാല്‍ ത്രിമാന സാങ്കേതിക വിദ്യയോടെ കഴിഞ്ഞ ആഴ്ചയാണ് ദുബൈയില്‍ അവര്‍ക്ക് ഘടിപ്പിച്ചത്.

ദാന വര്‍ഷത്തിന്റെ ഭാഗമായി ഡി എച്ച് എ അധികൃതര്‍ കൃത്രിമ കാല്‍ തികച്ചും സൗജന്യമായി അവര്‍ക്ക് ഘടിപ്പിച്ചു നല്‍കുകയായിരുന്നു. ത്രിമാന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനിക രീതിയില്‍ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനാണ് ഡി എച് എയുടെ പ്രഥമ പരിഗണന.ഉന്നതമായ രീതിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ രോഗികള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷയാണ് നല്‍കുന്നതെന്ന് ഡി എച് എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹുമൈദ് അല്‍ ഖതാമി പറഞ്ഞു.

---- facebook comment plugin here -----

Latest