Connect with us

Malappuram

തുവ്വൂര്‍ പഞ്ചായത്തില്‍ കിണര്‍ റീ ചാര്‍ജിംഗ് വ്യാപകമാക്കാന്‍ പദ്ധതി

Published

|

Last Updated

കാളികാവ്: ഇത്രകാലം കിണര്‍ നമുക്ക് വെള്ളം തന്നു, ഇനി നമുക്ക് കിണറിന് വെള്ളം കൊടുക്കാം എന്ന സന്ദേശത്തോടെ തുവ്വൂരില്‍ റീ ചാര്‍ജിംഗ് സംവിധാനം വ്യാപകമാകുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഒട്ടനവധി പദ്ധതികളുണ്ടെങ്കിലും ഒന്നും പരിഹാരം സാധ്യമാകുന്നില്ല. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദമായതുമായ പദ്ധതിയായിട്ടാണ് കിണര്‍ റീ ചാര്‍ജിംഗ് സംവിധാനം അറിയപ്പെടുന്നത്. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്ന് തന്നെയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.

കിണറിനോട് ചേര്‍ന്ന് ടാങ്ക് നിര്‍മിച്ച് വെള്ളം അതില്‍ നിറച്ച് ശുദ്ധീകരിച്ച വെള്ളം കിണറിലേക്ക് വിടുന്നതാണ് പദ്ധതി. വീടുകളുടെ മേല്‍കൂരകളില്‍ നിന്ന് പൈപ്പ് വഴിയാണ് ടാങ്കിലേക്ക് വെള്ളം നിറക്കുന്നത്. ടാങ്കിലെ വെള്ളം ശുദ്ധീകരിക്കാനായി പ്രത്യേക അനുപാതത്തില്‍ ടാങ്കില്‍ ചരക്കല്ല്, ചിരട്ടക്കരി, മണല്‍ എന്നിവ നിരത്തണം. ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കിയും തുവ്വൂര്‍ ഹയര്‍ സെക്കന്‍ഡറി എന്‍ എസ് എസ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് സര്‍വേ നടത്തിയും ബോധവത്കരണം നടത്തിയുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌തെറ്റത്ത് ബാലന്‍ പറഞ്ഞു.
പദ്ധതി വ്യാപകമായാല്‍ മഴക്കാലത്ത് പാഴാകുന്ന വെള്ളം വേനല്‍ കാലത്ത് ഉപയോഗിക്കാന്‍ കഴിയും. തുവ്വൂരില്‍ ഇപ്പോള്‍ തന്നെ ചിലയിടങ്ങളില്‍ കിണര്‍ റീ ചാര്‍ജിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പുതിയ വീടുകള്‍ക്ക് നമ്പര്‍ ലഭിക്കണമെങ്കില്‍ ഈ സംവിധാനം നടപ്പാക്കണമെന്ന വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പഞ്ചായത്തുകള്‍ സബ്‌സിഡി നല്‍കി തുവ്വൂര്‍ പഞ്ചായത്തിന്റെ മാതൃകയില്‍ പദ്ധതി വ്യാപകമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Latest