Connect with us

Gulf

ഷാര്‍ജയില്‍ സ്വകാര്യ പാര്‍കിംഗ് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ പാര്‍കിംഗുകള്‍ വ്യാപകമാവുന്നു. വ്യാപാര കേന്ദ്രങ്ങളില്‍ തുടക്കമിട്ട സ്വകാര്യ പാര്‍കിംഗ് ഇപ്പോള്‍ താമസകേന്ദ്രങ്ങളിലേക്കും വ്യാപിക്കുകയാണ്. മണിക്കൂറില്‍ മൂന്ന് മുതല്‍ എട്ട് ദിര്‍ഹം വരെ ഈടാക്കുന്ന ഇത്തരം പാര്‍കിംഗ് കേന്ദ്രങ്ങളില്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും പ്രത്യേക നിരക്കാണ് ഏര്‍പെടുത്തുന്നത്.

സ്വകാര്യ വ്യക്തികള്‍ പ്രത്യേകം സജ്ജമാക്കുന്നിടങ്ങളില്‍ പണമീടാക്കി വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന സംവിധാനം ഷാര്‍ജയില്‍ ഈയടുത്താണ് കൂടുതല്‍ വ്യാപകമായത്. റോള, അല്‍വഹ്ദ തുടങ്ങിയ വാണിജ്യകേന്ദ്രങ്ങളിലായിരുന്നു സ്വകാര്യ പാര്‍കിംഗ് കേന്ദ്രങ്ങള്‍ കാണപ്പെട്ടിരുന്നത്. എന്നാല്‍ ഈയടുത്താണ് താമസകേന്ദ്രങ്ങളില്‍ കൂടി ഇത്തരം പാര്‍കിംഗുകള്‍ വ്യാപകമായത്. അധികൃതരുടെ അനുമതി നേടിയാണ് ഇത്തരം കേന്ദ്രങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് ആരംഭിക്കുന്നത്.
നഗരസഭയുടെ പാര്‍കിംഗ് സ്ഥലത്തേക്കാള്‍ സ്വകാര്യ പാര്‍കിംഗ് കേന്ദ്രങ്ങളില്‍ മണിക്കൂറിലെ നിരക്ക് കൂടുതലാണ്. എന്നാല്‍ തിരക്കേറിയ ദിവസങ്ങളിലും കൂടുതല്‍ മണിക്കൂറുകളോ ദിവസങ്ങളോ തുടര്‍ച്ചയായി വാഹനം നിര്‍ത്തിയിടുന്നവര്‍ക്ക് ലാഭകരം സ്വകാര്യ പാര്‍കിംഗ് കേന്ദ്രങ്ങളാണ്. തിരിച്ചുവരാന്‍ വൈകിയാല്‍ പിഴയൊടുക്കേണ്ടിവരില്ലെന്നതും ഇതിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമാണ്.

നഗരസഭയുടെ പെയ്ഡ് പാര്‍കിംഗ് സംവിധാനം നിലവില്‍വരാത്ത പല താമസയിടങ്ങളിലും സ്വകാര്യ പാര്‍കിംഗുകള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. 50 ശതമാനംവരെ നിരക്കിളവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിപ്പിച്ചാണ് സ്വകാര്യ പാര്‍കിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
സൗജന്യമായി വാഹനം നിര്‍ത്തിയിടാവുന്ന സൗകര്യമാണ് ഇതിലൂടെ താമസക്കാര്‍ക്ക് ഇല്ലാതാവുന്നത്. എന്നാല്‍ പണമടച്ച് വാഹനം പാര്‍ക് ചെയ്താല്‍ വാഹനത്തിന്റെ ഭാഗങ്ങളില്‍ മറ്റു വാഹനങ്ങള്‍ ഉരസി കേടുപാടുകളുണ്ടാവുന്നത് ഒഴിവാക്കാനാവുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

 

Latest