Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി തിരിച്ചു പിടിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. “ഏതോ ഒരു പിള്ളയല്ല പിഎസ് നടരാജ പിള്ള”, “സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍….?” എന്നീ തലക്കെട്ടുകളില്‍ രണ്ട് ലേഖനങ്ങളാണ് ഇന്ന് ജനയുഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിര്‍ധനരും പിന്നോക്കക്കാരുമായ കുട്ടികള്‍ക്ക് നിയമവിദ്യാഭ്യാസം ലഭ്യമാക്കാന്‍ ആരംഭിച്ച കലാലയം ഏകാധിപത്യത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും ജന്‍മിത്വ ദുഷ്പ്രഭുത്വത്തിന്റേയും കേന്ദ്രമായത് എങ്ങനെയെന്ന ചോദ്യമാണ് പൊതുസമൂഹം ചോദിക്കുന്നത് എന്ന് ലേഖനം പറയുന്നു. സിപി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ചരിത്രം പഠിക്കണമെന്ന് ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.

ഭൂമി പാട്ടത്തിന് നല്‍കുമ്പോഴുള്ള എല്ലാ വ്യവസ്ഥകളും ലംഘിച്ചിരിക്കുന്നുവെന്ന് വ്യക്തമായിട്ടും ഏതോ ഒരു പിള്ളി, സിപി രാമസ്വാമി അയ്യര്‍ എന്നൊക്കെ പറഞ്ഞ് അപഹാസ്യമാകുന്നതെന്തിനാണെന്നും ലേഖനം ചോദിക്കുന്നു. ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന കേസില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാനും അറസ്റ്റ് ചെയ്യാനും വൈകുന്നതിനേയും ലേഖനത്തില്‍ വിമര്‍ശിക്കും. കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിട്ടും പ്രിന്‍സിപ്പലിന്റെ രാജിക്ക് വേണ്ടി നിലകൊള്ളാതെ മുഖംമൂടിയണിഞ്ഞ് സമരത്തില്‍ നിന്ന് പിന്‍മാറി മാനേജ്‌മെന്റിന്റെ അഭിഭാഷകരായി വേഷം മാറിയവരെന്ന പരോക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്.

രണ്ടാമത്തെ ലേഖനത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയേയും നിശിതമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. താന്‍ വിളിച്ച യോഗത്തില്‍ നിന്ന് മന്ത്രി തന്നെ ഇറങ്ങിപ്പോയതിനെ അതിനിശിതമായി വിമര്‍ശിച്ച പന്ന്യന്‍ രവീന്ദ്രന് മറുപടി നല്‍കാതെ മിണ്ടാട്ടമില്ല, മൃതരോ ഇവരെന്നു തോന്നും എന്ന് നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാല്‍ വാണ്ടപ്പിണ്ടുപോലും പ്രതിഷേധിച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ലേഖനം പറയുന്നു. ഞാനും ഞാനും എന്റെ 40 പേരും എന്ന മാടമ്പി കുടുംബത്തിന്റെ പൂമപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്‍ക്കുക. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കായി ചരിത്രത്തിന്റെ തന്നെ ചവറ്റുകൊട്ടകള്‍ കാത്തിരിക്കുന്നുവെന്ന് ആരും മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

Latest