Connect with us

National

ആ 'താങ്ക് യു' വിന്റെ ഉദ്ദേശ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ശേഷം ബി സി സി ഐ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് താങ്ക് യു എന്ന് രേഖപ്പെടുത്തിയ ഫലകം സമ്മാനിച്ചതിന്റെ രഹസ്യം എന്താണ് ? ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്നോടിയായി ഏകദിന, ടി20 ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് ധോണി വിരമിച്ചിരുന്നു. ക്യാപ്റ്റനായി ടീമിന് വേണ്ടി ഇക്കാലമത്രയും സേവനങ്ങള്‍ക്കാണോ ബി സി സി ഐ നന്ദി പറഞ്ഞിരിക്കുന്നത് ? ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ട്വിറ്ററില്‍ എഴുതിയിരിക്കുന്നത് പ്രചോദകന്‍, പ്രതിഭാധനനനായ നായകന്‍, നന്ദി എന്നാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ധോണിയുടെ കരിയര്‍ അധികം നീണ്ടു പോകില്ലെന്നാണോ? ഒരു പക്ഷേ, ഇന്ത്യന്‍ മണ്ണില്‍ ധോണിയുടെ അവസാന മത്സരമായിരിക്കും ഇംഗ്ലണ്ട് പരമ്പര.

2017 ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യക്ക് മത്സരമുള്ളത് ബംഗ്ലാദേശ്, ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരെയാണ്. അത് ടെസ്റ്റ് മത്സരങ്ങളാണ്.
ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതാണ്. ഇത് സൂചിപ്പിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ധോണിയുടെ അവസാന ചാമ്പ്യന്‍ഷിപ്പായിരിക്കുമെന്നാണ്. 2019 ലോകകപ്പ് കളിക്കാന്‍ ധോണി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കോഹ്ലിയുടെ നേതൃത്വത്തില്‍ യുവനിരയെ ലോകകപ്പിന് സജ്ജമാക്കുവാനുള്ള ബി സി സി ഐ നടപടിയുടെ ഭാഗമാണ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാന്യമായ വിരമിക്കലിന് ക്രിക്കറ്റ് ബോര്‍ഡ് ധോണിക്ക് ഒരുക്കുന്ന വേദിയായി ചാമ്പ്യന്‍സ് ട്രോഫി മാറിയേക്കുമെന്നാണ് സൂചന. പാര്‍ഥീവ് പട്ടേല്‍, വൃഥിമാന്‍സാഹ എന്നിങ്ങനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരം ആരംഭിച്ചു കഴിഞ്ഞു.
2007 ലോകകപ്പ് ടി20, 2009 ല്‍ ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2011 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെയാണ് ക്യാപ്റ്റന്‍ ധോണിയുടെ നേട്ടങ്ങള്‍.