Connect with us

Kerala

മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദ് എംപി അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എംപി (78) അന്തരിച്ചു. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.15നായിരുന്നു അന്ത്യം. ചൊവ്വാഴ്ച പാര്‍ലിമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ അഹമ്മദ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കോഴിക്കോട് ലീഗ്ഹൗസ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാളെ ജന്‍മനാട്ടില്‍ ഖബറടക്കും.

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഇ അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ഇരിപ്പിടത്തില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ സഹ എം.പിമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പ്രാഥമിക വൈദ്യ സഹായം നല്‍കിയ ശേഷം പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഹൃദയമിടിപ്പും രക്ത സമ്മര്‍ദവും നിലച്ച അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സ നല്‍കിയതോടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനായെങ്കിലും രക്തസമ്മര്‍ദ്ദത്തില്‍ മാറ്റമില്ലാതിരുന്നതിനാല്‍ ആരോഗ്യ നില ഗുരുതരമായി തുടര്‍ന്നു. ഉച്ചക്ക് രണ്ട് മണിയോടെ ട്രോമാ കെയര്‍ ഐസിയുവിലേക്ക് മാറ്റിയ അഹമ്മദിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. പിന്നീട് രാത്രി 2.15ഓടെ മരണവിവരം ഔദ്യോഗികമായി സ്ഥീരീകരിക്കുകയായിരുന്നു.

ഇതിനിടെ ഇ അഹമ്മദിനെ സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് ആശുപത്രി അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. അസുഖ വിവരം അറിഞ്ഞ് ഇ അഹമ്മദിന്റെ മക്കളും ഡല്‍ഹിയില്‍ എത്തിയിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ മക്കള്‍ക്ക് ആശുപത്രി അധികൃതര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കി. ഇതിനു തൊട്ടു പിന്നാലെയാണ് മരണ വിവരം സ്ഥിരീകരിച്ചത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വടക്കുകിഴക്കന്‍ സംസ്ഥനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍, രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പിജെ കുര്യന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി, സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരും വയലാര്‍ രവി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ് തുടങ്ങിയ കേരളത്തില്‍നിന്നുള്ള മുഴുവന്‍ എംപിമാരും ആശുപത്രിയിലെത്തിയിരുന്നു.

ഏഴ് തവണ എംപിയും അഞ്ച് തവണ എംഎല്‍എയുമായ ഇ അഹമ്മദ് മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യം, മാനവവിഭവശേഷി, റെയില്‍വേ വകുപ്പുകളില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 82 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ അഞ്ച് വര്‍ഷം വ്യവസായ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1938 എപ്രില്‍ 29ന് അബ്ദുള്‍ ഖാദര്‍ ഹാജി നഫീസ ബീവി ദമ്പതികളുടെ മകനായി കണ്ണൂരിലെ താണെയിലാണ് ഇ അഹമ്മദ് ജനിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ അഹമ്മദ് പിന്നീട് തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് അഭിഭാഷകബിരുദവും സ്വന്തമാക്കി. തലശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

എംഎസ്എഫ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പഠനകാലം മുതല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ട്. 1967 ലാണ് അദ്ദേഹം ആദ്യമായി എംഎല്‍എ ആയത്. പിന്നീട് 1977, 1980, 1982, 1987 വര്‍ഷങ്ങളിലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1991 ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി വേണുഗോപാലിനെ 90,000 വോട്ടുകള്‍ക്ക് തോല്‍പിച്ചായിരുന്നു അഹമ്മദിന്റെ ലോക്‌സഭാ അരങ്ങേറ്റം. 1996, 1998, 1999 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ വിജയം ആവര്‍ത്തിച്ചു.

2004ല്‍ മഞ്ചേരിയിലേക്ക് കളം മാറി. ലീഗിന്റെ ഉരുക്കു കോട്ടയായ മഞ്ചേരി അടക്കം മുഴുവന്‍ സീറ്റിലും യുഡിഎഫ് തോറ്റപ്പോഴും അഹമ്മദ് പിടിച്ചുനിന്നു.

പരേതയായ സുഹ്‌റ അഹമ്മദാണ് ഭാര്യ. മക്കള്‍: റയീസ് അഹമ്മദ്, നസീര്‍ അഹമ്മദ്, ഡോ. ഫൗസിയ.