Connect with us

Kerala

ലോ അക്കാദമി: പ്രശ്‌ന പരിഹാരത്തിന് തടസം സിപിഎം എന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പാകാന്‍ തടസം സിപിഎം ഇടപെടലാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് സര്‍ക്കാറിനെ ചുമതലപ്പെടുത്തിയത്. ലോ അക്കാദമിയിലെ സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തിയത് സിപിഎം ആണ്. പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുന്നു. അതോടൊപ്പം വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയും ചെയ്യുന്നുവെന്ന് സുധീരന്‍ വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പില്‍ നിന്ന് സന്‍ഡിക്കേറ്റ് വിലക്കിയ ആളായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സുധീരന്‍ ചോദിച്ചു. സാങ്കേതികമായി പദവിയില്‍ ഇരിക്കാമെങ്കിലും ധാര്‍മികമായി ശരിയല്ല. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് ലക്ഷ്മി നായര്‍ രാജിവെക്കണം. രാജിവെക്കാത്തതിന് പിന്നില്‍ സിപിഎം ഇടപെടലാണ്. പ്രശ്‌ന പരിഹാരത്തിന് വിഘാതം സൃഷ്ടിക്കരുതെന്നും സുധീരന്‍ പറഞ്ഞു.

സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കണം. വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Latest