Connect with us

Kerala

സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ ചീഫ് സെക്രട്ടറിക്ക് അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന് അതൃപ്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ സമീപനത്തിലും അദ്ദേഹത്തിന് പരാതിയുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ചീഫ് സെക്രട്ടറിയുടെ അതൃപ്തിക്ക് പ്രധാന കാരണമായത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കല്‍ സമരത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ എസ്എം വിജയാനന്ദിനോട് പിണറായി രോഷാകുലനായിരുന്നു. “നിങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?” എന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനോട് ചോദിച്ചു. വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയാമെന്ന് യോഗശേഷം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കീഴ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ക്ഷുഭിതനായത് എല്ലാവരേയും അമ്പരിപ്പിച്ചു. സര്‍ക്കാര്‍ നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ സമരം സര്‍ക്കാരിനെതിരെയുള്ള ആയുധമായെന്നും ഈ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാതിയില്‍ ചീഫ് സെക്രട്ടറി കൊല്ലം ടികെഎം മാനേജ്‌മെന്റില്‍ അന്വേഷണം നടത്തിയതാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. സര്‍വീസിലിരിക്കെ ജേക്കബ് തോമസ് ടികെഎം കോളേജില്‍ അധ്യാപകനായി വേതനം കൈപറ്റിയെന്നാണ് കേസ്. എന്നാല്‍ ശമ്പളം തിരിച്ചടച്ചതിനാല്‍ കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മാനേജ്‌മെന്റില്‍ നിന്നും കടമില്ലെന്ന സര്‍ട്ടിഫിക്കറ്റാണ് ജേക്കബ് തോമസ് ഹാജരാക്കിയതെന്ന പരാതിയില്‍ നല്‍കേണ്ട സത്യവാങ്മൂലത്തിന്റ കൃത്യതയ്ക്കാണ് കേസ് നേരിട്ട് അന്വേഷിച്ചതെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി.

ചിലകാര്യങ്ങളില്‍ നടപടി സ്വീകരിച്ചശേഷം മാത്രം ജേക്കബ് തോമസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിലുള്ള അതൃപ്തിയും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍മന്ത്രി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയ ശേഷമാണ് വിവരമറിഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ തിങ്കളാഴ്ച്ച അവധിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയിരുന്നു.