Connect with us

Gulf

പാക് മുന്‍സൈനിക മേധാവി ഇസ്ലാമിക് സഖ്യസേനയുടെ തലവന്‍

Published

|

Last Updated

റിയാദ്: ഭീകരവിരുദ്ധ പോരാട്ടത്തിനായി റിയാദ് ആസ്ഥാനമായി നിലവില്‍ വന്ന ഇസ്ലാമിക് സഖ്യസേനയുടെ തലവനായി പാകിസ്താന്‍ മുന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിനെ നിയമിച്ചു. 39 ഇസ്ലാമിക രാജ്യങ്ങള്‍ അംഗമായ സേനക്ക് സൗദി അറേബ്യയാണ് നേതൃത്വം നല്‍കുന്നത്. ഒരു ടിവി ഷോക്കിടെ പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

2016 നവംബറിലാണ് റഹീല്‍ ഷരീഫ് പാകിസ്താന്‍ സൈനിക മേധാവി സ്ഥാനത്തു നിന്നും വിരമിച്ചത്. പ്രത്യേക പദവിയോ ചുമതലയോ അദ്ദേഹത്തിന് ഔദ്യോഗികമായി നല്‍കുന്നത് കരാര്‍ നടപടികള്‍ പൂര്‍ണമാകുന്നതോടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. 2015 ഡിസംബറിലാണ് ഭീകരര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ സൗദി ഉപകിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ഇബ്‌നു സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജകുമാരന്‍ സഖ്യസേന രൂപീകരണം പ്രഖ്യാപിച്ചത്. തുടക്കത്തില്‍ 34 രാജ്യങ്ങളാണ് സഖ്യത്തില്‍ ഉണ്ടായിരുന്നത്. തുര്‍ക്കി, യുഎഇ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, തുണീഷ്യ, സുഡാന്‍, മലേഷ്യ, ഈജിപ്ത്, യെമന്‍ ഉള്‍പ്പെടെയുള്ളവരാണ് അംഗരാജ്യങ്ങള്‍. ജിസിസി രാജ്യമായ ഒമാനാണ് ഏറ്റവും ഒടുവിലായി സഖ്യത്തില്‍ ചേര്‍ന്നത്. ഇറാന്‍ സഖ്യത്തില്‍ അംഗമല്ല.

Latest