Connect with us

Kerala

പാമ്പിന്‍ വിഷത്തിനുള്ള മരുന്ന് ഇനി പാലക്കാട്ട് നിന്നും

Published

|

Last Updated

പാലക്കാട്: പാമ്പ് വിഷബാധക്കുള്ള (ആന്റി വെനം) മരുന്ന് ഇനി പാലക്കാട്ട് നിന്നും. നിലവില്‍ അണലി, മൂര്‍ഖന്‍ പാമ്പുകളുടെ വിഷത്തിനുള്ള മരുന്നായ ആന്റിവെനം പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്, കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലാണ് നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജില്ലക്കുവേണ്ടി ആന്റിവെനം നിര്‍മിക്കുന്നത്. പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാമ്പ് കടിയേറ്റ് മരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ്ജില്ലയില്‍ ആന്റിവെനം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളില്‍ അണലിയുടെ കടി ഏല്‍ക്കാനും ഇതുവഴി മരിക്കാനുമുള്ള സാധ്യത കൂടുതലാണ്. അണലിയുടെ വിഷത്തിന്റെ വീര്യവും ഘടനയിലെ വ്യതിയാനവുമാണ് ഇതിനു കാരണം. നിലവില്‍ ഇന്ത്യയിലുള്ള ആന്റിവെനം (എ എസ് വി) പ്രധാനമായും തമിഴ്‌നാട്ടിലുള്ള ഇരുള ഗ്രാമത്തില്‍ നിന്നുള്ള അണലിയില്‍ നിന്നാണ് ഉണ്ടാക്കുന്നത്.
അണലിയുടെ വിഷത്തില്‍ പ്രാദേശികമായ വ്യതിയാനങ്ങള്‍ ഉള്ളതുകൊണ്ടു പലപ്പോഴും പാലക്കാട് ജില്ലയിലെ രോഗികള്‍ക്ക് ഇതു 100 ശതമാനം ഗുണപ്രദമാകാറില്ല. നിലവിലുള്ള ആന്റിവെനം കൊണ്ടും മറ്റു വിദഗ്ധ ചികിത്സകൊണ്ടും 70ശതമാനം രോഗികളെ മാത്രമേ രക്ഷിക്കാനാകൂ. ഏകദേശം 30ശതമാനം രോഗികള്‍ക്ക് എത്ര വിദഗ്ധ ചികിത്സ നല്‍കിയാലും രക്ഷപ്പെടുത്താനാകില്ല. ഇതിനുള്ള പരിഹാരമാര്‍ഗമാണ് പാലന ആശുപത്രിയിലുള്ള വിഷ ചികിത്സാ വിഭാഗം മേധാവി ഡോ. ജോബി പോള്‍, അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലില്‍ വിഷ ചികിത്സാ വിഭാഗം മേധാവി ഡോ. ജോസഫ് കെ ജോസഫ്, പ്രമുഖ ഹെര്‍പ്പറ്റോളജിസ്റ്റും കേരള സര്‍വകലാശാല ശാസ്ത്രജ്ഞനുമായ ഡോ. ദിലീപ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘവും ഇന്ത്യയിലെ പ്രമുഖ ആന്റിവെനം നിര്‍മാതാക്കളായ ഹൈദരാബാദിലെ വിന്‍സ് ബയോ പ്രൊഡക്ടിന്റെ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

അണലിയുടെ കടിയേറ്റ് കൂടുതല്‍ പേര്‍ എത്തുന്ന കോട്ടായി, വടവന്നൂര്‍, നെന്മാറ, കയറാടി, കോങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അണലിയുടെ വിഷമാണ് ആന്റിവെനം നിര്‍മിക്കാനായി ഉപയോഗിക്കുക. അണലിയുടെ വിഷം എടുക്കുന്നതിന് ലൈസന്‍സ് കിട്ടിയതായി ഡോ. ജോബി പോള്‍ അറിയിച്ചു.
ആന്റി വെനത്തിന്റെ നിര്‍മാണം
പാമ്പിന്‍ വിഷം ചെറിയ അളവില്‍ കുറെകാലം തുടര്‍ചയായി കുതിരയില്‍ കുത്തിവെക്കും. ദിവസം ചെല്ലുംതോറും വിഷത്തിന്റെ അളവ് ക്രമമായി വര്‍ധിച്ചുകൊണ്ടിരിക്കും. ഇങ്ങനെ കുത്തിവെക്കുന്നതിനാല്‍ കുതിരയുടെ ശരീരത്തില്‍ പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നിര്‍മിക്കപ്പെടുന്നു. അവസാനം ഒരു ബൂസ്റ്റ്ര്‍ ഡോസ് വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവന്ഥയിലെത്തുബോള്‍ കുതിരയുടെ രക്തം ശേഖരിച്ച് അതില്‍നിന്ന് പ്രതിവിഷം അടങ്ങിയ സിറം വേര്‍തിരിക്കുന്നു. ഈ സിറമാണ് ആന്റിവെനം.

 

Latest