Connect with us

Kerala

ആദിവാസികളും ഡിജിറ്റല്‍; നെടുങ്കയം ആദ്യ ഡിജിറ്റല്‍ ആദിവാസി കോളനി

Published

|

Last Updated

രാജ്യത്തെ ആദ്യ കറന്‍സിരഹിത ആദിവാസി വില്ലേജ് പ്രഖ്യാപനം കരുളായി ആദിവാസി കോളനിയില്‍ നടന്നതിന് ശേഷം മൊബൈല്‍ ഫോണുകളില്‍ പണമിടപാട് പരിശോധിക്കുന്ന ആദിവാസി സ്ത്രീകള്‍

മലപ്പുറം: നിലമ്പൂരിലെ നെടുങ്കയം ആദിവാസി കോളനി രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പട്ടികവര്‍ഗ കോളനിയായി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന “ഡിജിറ്റല്‍ മലപ്പുറം, കാഷ്‌ലെസ് മലപ്പുറം” പദ്ധതിയുടെ ഭാഗമായി കോളനിവാസികള്‍ക്ക് ഡിജിറ്റല്‍ ആന്‍ഡ് ക്യാഷ്‌ലെസ് പണമിടപാടുകളില്‍ പരിശീലനം നല്‍കി. നിലമ്പൂര്‍ വനമേഖലയില്‍പ്പെട്ട നെടുങ്കയം കോളനിയില്‍ നേരിട്ടെത്തിയാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആദിവാസികള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതയിലും പണരഹിത ഇടപാടുകളിലും പരിശീലനം നല്‍കിയത്. പി വി അബ്ദുല്‍ വഹാബ് എം പി, ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവര്‍ ചേര്‍ന്ന് നെടുങ്കയത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പട്ടികവര്‍ഗ കോളനിയായി പ്രഖ്യാപിച്ചു.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിപാടിയില്‍ ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് അഞ്ച് രൂപ അയച്ച ആദിവാസികള്‍ക്ക് 25 രൂപ കലക്ടര്‍ ഓണ്‍ലൈനായി നല്‍കി. സന്‍സദ് ആദര്‍ശ് ഗ്രാം യോജന (സാഗി) പദ്ധതിയില്‍ മാതൃകാ ഗ്രാമമായി വികസിപ്പിക്കുന്നതിന് തിരഞ്ഞെടുത്ത ഗ്രാമമാണ് കരുളായി. ഇവിടുത്തെ ആദിവാസി മേഖലയായ നെടുങ്കയത്തുകാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നേടുന്നതിനും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനും കമ്പ്യൂട്ടറും വൈഫൈ സൗകര്യങ്ങളും ഒരുക്കിയത് ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ (ജെ എസ് എസ്) ആണ്. കോളനിയിലെ കമ്മ്യൂണിറ്റി സെന്ററിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.

പരിശീലനത്തിന് കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി. കോളനിയിലെ ഓരോ വീട്ടിലും കയറിയിറങ്ങിയാണ് ഇവര്‍ പരിശീലനം നല്‍കുന്നത്. തുടര്‍ പരിശീലനത്തിനും പ്രോത്സാഹനം നല്‍കുന്നതിനുമായി ട്രൈബല്‍ വളണ്ടിയറെയും നിയമിച്ചിട്ടുണ്ട്. പരിപാടിയില്‍ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസൈനാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മാഈല്‍ മൂത്തേടം, സറീന മുഹമ്മദലി, “ഡിജിറ്റല്‍ മലപ്പുറം, ക്യാഷ്‌ലെസ് മലപ്പുറം” നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ വി ഉമര്‍കോയ തുടങ്ങിയവര്‍ സംസാരിച്ചു.

Latest