Connect with us

Malappuram

വീണ്ടും തെരുവുനായ ആക്രമണം; 16 പേര്‍ക്ക് കടിയേറ്റു

Published

|

Last Updated

മഞ്ചേരി/തിരൂരങ്ങാടി: ജില്ലയില്‍ തെരുവുനായയുടെ ആക്രമണം തുടരുന്നു. ഇന്നലെ കടിയേറ്റത് നാല് വിദ്യാര്‍ഥികളടക്കം 16 പേര്‍ക്ക്. മലപ്പുറം നഗരത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റത്. എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ പഴമള്ളൂര്‍ പാലക്കോടന്‍ ഹുസ്‌ന(11), മേല്‍മുറി പേരത്തൊടി ഫര്‍സാന (17), ആകാശ്, എന്നിവര്‍ക്കും ഗവ. കോളജ് ഡിഗ്രി വിദ്യാര്‍ഥിനി കാളമ്പാടി വി രഞ്ജിത (21) യ്ക്കുമാണ് കടിയേറ്റത്. തൃശൂര്‍ ചേലക്കര സ്വദേശി ബാല സുബ്രഹ്മണ്യന്‍ (43), തുവ്വൂര്‍ സ്വദേശി ഗിരീഷ് (31) എന്നിവര്‍ക്കും നായയുടെ കടിയേറ്റു. പുത്തൂര്‍ പുതിയില്‍ മുഹമ്മദ് (55), ചെറുകുന്ന് മുനവ്വറലി (17), ചെറുകുന്ന് ഷഹര്‍ബാന്‍ (35) എന്നിവര്‍ക്ക് കുറുക്കന്റെ കടിയാണ് ഏറ്റത്. തെരുവ് നായയുടെയും കുറുക്കന്റെയും കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഒമ്പത് പേരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. രഞ്ജിത കോളജിലേക്ക് പോകുന്നതിനായി കാവുങ്ങല്‍ ബൈപ്പാസിന് സമീപം ബസ് കാത്തിരിക്കുമ്പോഴാണ് റോഡരികിലൂടെ പതുങ്ങി വന്ന തെരുവ് നായ ആക്രമിച്ചത്. വലതു കാലിനാണ് കടിയേറ്റത്. കടിയേറ്റ് നിലത്ത് വീണ രഞ്ജിതയുടെ നിലവിളികേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും തെരുവ് നായ രക്ഷപ്പെട്ടു.

കൂട്ടുക്കാരികളോടെപ്പം പെട്രോള്‍ പമ്പിന് സമീപം ബസിറങ്ങി സ്‌കൂളിലേക്ക് പോകുന്നതിനിടെ പിന്നാലെ ഓടി വന്നാണ് ഫര്‍ഹാനയെ നായ ആക്രമിച്ചത്. കടിയേറ്റ് വലത്തേ കാലിന് പരുക്കുണ്ട്. സ്‌കൂളിനോട് ചേര്‍ന്നുള്ള ജല അതോറിറ്റി ശുദ്ധീകരണ പ്ലാന്റിന് സമീപത്തു വെച്ച് ആകാശിനെ കടിച്ച നായ പിന്നീട് ഹുസ്‌നയെയും പിന്നാലെയോടി ആക്രമിക്കുകയായിരുന്നു. ഹുസ്‌നക്കും ആകാശിനും കാലിനും കൈയിലും പരുക്കുണ്ട്. നാല് പേരെയും കടിച്ചത് ഒരു നായയാണെന്നു നാട്ടുകാര്‍ പറയുന്നു. വീണു പോയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം മുറിവ് പറ്റിയിട്ടുണ്ട്. ഇവരെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നായയുടെയും കുറുക്കന്റെയും കടിയേറ്റവര്‍ക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നടത്തി. തെരുവ് നായയുടെ പരാക്രമണത്തില്‍ തിരൂരങ്ങാടിയില്‍ ഏഴ് പേര്‍ക്ക് കടിയേറ്റു. ഏ ആര്‍ നഗര്‍, വെട്ടത്ത് ബസാര്‍, മൂക്കമ്മല്‍, മമ്പുറം എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് തെരുവ് നായയുടെ പരാക്രമണമുണ്ടായത്. കണ്ണില്‍ കാണുന്നവരെയെല്ലാം നായ അക്രമിച്ചു. പലരും ഓടി രക്ഷപ്പെടുകയായിരുന്നു. കൊളപ്പുറം സ്വദേശികളായ ഷഫീഖ് നാറ്റിങ്ങല്‍ (22), പെരുവത്ത് തെയ്യന്‍ (65), വെട്ടത്ത് ബസാര്‍ കോരു (60), മമ്പുറത്ത് മൂന്ന് വയസുകാരി ശ്രേയ, റുഖിയ്യ മാളിയേക്കല്‍, മമ്പുറത്ത് കെട്ടിട നിര്‍മാണ തൊഴിലിലേര്‍പ്പെട്ട ഒലിപ്രം കടവ് സ്വദേശി ഷാജി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. നായയെ കണ്ട് ഓടിയ ഒലിപ്രം കടവ് സ്വദേശി ഷാജി വീണു കാലിന് പരുക്കേറ്റു. വീഴ്ചക്കിടെയാണ് ഷാജിക്ക് നായയുടെ കടിയേറ്റത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

Latest