Connect with us

International

നൈജീരിയയില്‍ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ അപകടാവസ്ഥയില്‍

Published

|

Last Updated

നൈജീരിയയിലെ അഭയാര്‍ഥി ക്യാമ്പിലെ കുട്ടികള്‍ (ഫയല്‍)

അബുജ: ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് നൈജീരിയയില്‍ അഞ്ച് ലക്ഷത്തോളം കുട്ടികളുടെ ഭാവി അപകടാവസ്ഥയില്‍. അടിയന്തര വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ ഇതില്‍ 49000 കുട്ടികള്‍ ഈ വര്‍ഷം മരിക്കുമെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കി. സായുധ തീവ്രവാദ സംഘടനയായ ബോകോ ഹറാമിന്റെ ശക്തികേന്ദ്രമായ നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലയിലാണ് കുട്ടികള്‍ ഗുരുതരമായ സാഹചര്യങ്ങളില്‍ മരണവുമായി മുഖാമുഖം ജീവിക്കുന്നത്.
ഏഴ് വര്‍ഷമായി സര്‍ക്കാര്‍ സൈന്യവും ബോകോ ഹറാം തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് അരക്ഷിതാവസ്ഥ തുടരുന്ന നൈജീരിയയില്‍ ഭൂരിപക്ഷം കുട്ടികളും പോഷകാഹാരക്കുറവിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. 2015ല്‍ വടക്കുകിഴക്കന്‍ ഭാഗത്തെ സുപ്രധാന മേഖലയുടെ ആധിപത്യം ബോകോ ഹറാം കൈക്കലാക്കിയിരുന്നു. നൈജീരിയ, ചാദ്, നൈജര്‍, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങള്‍ സഖ്യസേന രൂപവത്കരിച്ച് ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു.
എങ്കിലും നൈജീരിയയിലെ ലേക് ചാദ് മേഖലയിലെ വനാന്തര്‍ ഭാഗങ്ങളില്‍ സഖ്യസേനയുടെ ശക്തമായ സാന്നിധ്യമുണ്ട്. ബോകോ ഹറാമിന് ശക്തമായ സ്വാധീനമുള്ള ബോര്‍ണോ സ്റ്റേറ്റിലാണ് ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായി 49,000 കുട്ടികള്‍ കടുത്ത ദുരിതമനുഭവിക്കുന്നത്. നൈജീരിയയുടെ മിക്ക പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങളോ മതിയായ ഭക്ഷ്യവസ്തുക്കളോ ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ലേക് ചാദില്‍ കടുത്ത വരള്‍ച്ചയും ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. ബൊര്‍ണോ സ്റ്റേറ്റില്‍ മൂന്നില്‍ രണ്ടോളം ആശുപത്രികളും ക്ലിനിക്കുകളും ആക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്.
കുടിവെള്ള ദൗര്‍ലഭ്യവും ശക്തമാണ്. തീവ്രവാദികളുടെ അധീനതയിലുള്ള പ്രദേശം സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചെങ്കിലും 22 ലക്ഷം ജനങ്ങള്‍ ഇപ്പോഴും തീവ്രവാദികളുടെ അധീനതയില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം വീടികളിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ ഭീതിയുടെ നിഴലിലാണ് ഇവര്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 20,000 പേരാണ് നൈജീരിയയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. 26 ലക്ഷം പേര്‍ ഭവനരഹിതരായി. ഈ വര്‍ഷം കുട്ടികളെ ചാവേര്‍ ബോംബാക്രമണത്തിന് ഉപയോഗിച്ച 38 സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

Latest