Connect with us

Kerala

ഉദ്യോഗസ്ഥ രാഷ്ട്രീയം; ഫയല്‍ നീക്കത്തിന് തടസ്സം സൃഷ്ടിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ അമിത രാഷ്ട്രീയം സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കത്തിന് തടസം സൃഷ്ടിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയതിനെ തുടര്‍ന്ന് കൃത്യനിര്‍വഹണത്തില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. ചില ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ഫയല്‍ പൂഴ്ത്തിവെക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഫയല്‍ നീക്കത്തെ സംബന്ധിച്ച് വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഭരണ സിരാകേന്ദ്രത്തിലെ അമിത രാഷ്ട്രീയമാണ് പലപ്പോഴും ഫയല്‍ നീക്കത്തിന് തടസമാകുന്നതെന്നാണ് വിജിലന്‍സിന്റെ പ്രധാന കണ്ടെത്തല്‍. അപൂര്‍വമായി പിടിവീഴുമ്പോള്‍ രാഷട്രീയത്തിന്റെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുന്നു. പലപ്പോഴും ഫയല്‍ വൈകുന്നതിന്റെ കാരണം പോലും പരാതിക്കാരനെ രേഖാമൂലം ബോധ്യപ്പെടുത്താന്‍ തയാറാകുന്നില്ല.
ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമുള്ള ഫയലുകള്‍ ദിവസങ്ങള്‍ കൊണ്ടു തീരുമാനമാകുമ്പോള്‍ മറ്റുള്ളവ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചുവപ്പുനാടയില്‍ കുരുക്കിയിടുന്നു. മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണ ഉണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ നീക്കത്തിന് വിജിലന്‍സിന് ബലം നല്‍കുന്നത്. ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം വൈകുന്ന ഫയലുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് വകുപ്പു മേധാവികള്‍ അടക്കം 61ല്‍ പരം ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള ശിപാര്‍ശയില്‍ സര്‍ക്കാര്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.

Latest