Kerala
ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇനി പെട്രോളില്ല

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. വിജയകരമാണെങ്കില്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
പെട്രോള്‍ കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കും. അപകടങ്ങള്‍ കുറക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് തച്ചങ്കരി പറഞ്ഞു. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ അപകടനിരക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് കൂടുതല്‍ കര്‍ക്കശമാക്കാനാണ് തീരുമാനിച്ചത്.
പമ്പുകളിലെല്ലാം ഇത് സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും. മാത്രമല്ല, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അംഗങ്ങള്‍ പമ്പുകളിലുണ്ടാകും. ഹെല്‍മെറ്റില്ലാത്ത കാരണത്താല്‍ ഇന്ധനം നിഷേധിച്ചത് ആരെങ്കിലും ചോദ്യം ചെയ്താല്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ അവരില്‍ നിന്ന് ഹെല്‍മെറ്റില്ലാത്തതിന് പിഴ ഈടാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.