Connect with us

Malappuram

വിജ്ഞാന വിരുന്നൊരുക്കി കോട്ടപ്പടി സുന്നി മസ്ജിദ്

Published

|

Last Updated

മലപ്പുറം: റമസാനിലെ 30 ദിവസവും വിശ്വാസികള്‍ക്ക് വിജ്ഞാന വിരുന്നൊരുക്കുകയാണ് കോട്ടപ്പടി സുന്നി മസ്ജിദ്. ളുഹര്‍ നമസ്‌കാര ശേഷം അബ്ദുര്‍ശീദ് സഖാഫി ഏലംകുളത്തിന്റെ പ്രഭാഷണമാണ് ഏറെ ആകര്‍ഷണം. ഇസ്‌ലാമിക വിജ്ഞാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ചര്‍ച്ച ചെയ്യുന്ന വേദിയില്‍ സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രം, വിശ്വാസം, ആദര്‍ശം, കുടുംബ ജീവിതം, ദിനചര്യകള്‍ തുടങ്ങിയ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ക്ലാസ് പുതിയ അറിവുകളാണ് സമ്മാനിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് പേരാണ് ക്ലാസില്‍ പങ്കെടുക്കാനെത്തുന്നത്. മലപ്പുറം നഗരത്തിലെ വ്യാപാരികളും ക്ലാസിലെ സ്ഥിരം പങ്കാളികളാണ്. രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ച ക്ലാസ് റമസാന്‍ പൂര്‍ത്തിയാകുന്നത് വരെയുണ്ടാകും. കൂടാതെ പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചകളില്‍ രാവിലെ ഫത്ഹുല്‍ മുഈന്‍ ദര്‍സ് പത്ത് വര്‍ഷമായി തുടരുകയാണ്. തിങ്കളാഴ്ച രാവിലെ നജീബ് അഹ്‌സനി വീമ്പൂരിന്റെ ദഅ്‌വാ പ്രഭാഷണവും നടക്കും.
വെള്ളിയാഴ്ച രാവിലെ അസ്‌ലം സഖാഫിയുടെ ഹിസ്ബ് ക്ലാസ്, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫിയുടെ നേതൃത്വത്തില്‍ എസ് വൈ എസ് സോണ്‍ കമ്മിറ്റിയുടെ സ്വഫ്‌വ ക്ലാസ് എന്നിവയും കോട്ടപ്പടി സുന്നി മസ്ജിദ് കേന്ദ്രീകരിച്ച് നടക്കുന്നു. വിജ്ഞാനം നിറക്കുന്ന ഈ വേദികളിലെല്ലാം വിശ്വാസികളുടെ വര്‍ധിച്ച സാന്നിധ്യമാണുള്ളത്. യാത്രക്കാര്‍ക്കും ടൗണിലെ വ്യാപാരികള്‍ക്കുമെല്ലാമായി നോമ്പ്തുറക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇബ്‌റാഹിം ബാഖവി മേല്‍മുറിയാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കുന്നത്.

Latest