Connect with us

Gulf

ജനങ്ങള്‍ക്കൊപ്പം രോഗവും പെരുകുന്നു; കൂടുതല്‍ ആശുപത്രി വേണമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ദോഹ: രാജ്യത്ത് വര്‍ധിച്ചു വരുന്ന ജനസംഖ്യക്കൊപ്പം അസുഖങ്ങളും പെരുകുമ്പോള്‍ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിന് കൂടുതല്‍ നിക്ഷേപം വേണ്ടി വരുമെന്നും ആശുപത്രികളുടെയും കിടക്കകളുടെയും എണ്ണം കൂട്ടേണ്ടി വരുമെന്നും റിപ്പോര്‍ട്ട്. അറബ് മേഖലയിലെ ആരോഗ്യ പരിചരണ രംഗത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍ 2020 ആകുമ്പോഴേക്കും ഖത്വറില്‍ ആരോഗ്യ മേഖലയിലെ ചെലവ് 8.8 ബില്യന്‍ ഡോളറായി ഉയരുമെന്ന് പ്രവചിക്കുന്നു.
ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നുണ്ടെങ്കിലും ചെലവേറിയ ചികിത്സകള്‍ വേണ്ട രോഗങ്ങള്‍ക്കു വിധേയരാകുന്നുണ്ട്. പ്രമേഹം, പൊണ്ണത്തടി എന്നിവ സമൂഹത്തിന്റെ പൊതു അവസ്ഥയായി മാറിയിരിക്കുന്നു. ഈ രോഗാവസ്ഥകള്‍ മറ്റു പല രോഗങ്ങളിലേക്കും മാറുന്നു. “ആല്‍ഫന്‍ കാപിറ്റല്‍” ആണ് 2016 ലെ ജി സി സി ഹെല്‍ത്ത് കെയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആരോഗ്യ മേഖലയില്‍ ആശുപത്രി സൗകര്യങ്ങള്‍ പ്രതിവര്‍ഷം 2.9 ശതമാനമെങ്കിലും ഉയരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ ഖത്വറില്‍ 3,300 ബെഡുകള്‍ വേണ്ടി വരും. നിലവില്‍ 2,862 ബെഡുകളാണുള്ളത്. 2.4 ദശലക്ഷം ആളുള്‍ അധിവസിക്കുമ്പോഴാണിത്. അഥവാ 10,000 പേര്‍ക്ക് 11.9 ബെഡ് വീതമാണുള്ളത്. ഇത് ലോക ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ലോക ശരാശരി 10,000 പേര്‍ക്ക് 27 ബെഡുകള്‍ എന്നതാണ്. വികസിത രാജ്യങ്ങളില്‍ ഇത് 54 ആണ്.
അതേസമയം, ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടു തന്നെ രാജ്യത്തെ ആരോഗ്യ മേഖലയില്‍ വികസനം നടന്നു കൊണ്ടിരിക്കുന്നുണ്ട്. വന്‍കിട പദ്ധതികളാണ് നിര്‍മാണത്തിലും ആസൂത്രണത്തിലുമുള്ളത്. പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലേക്കു നീങ്ങുന്ന സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ 400 ബെഡുകളാണുള്ളത്. 2.4 ബില്യന്‍ ഡോളറാണ് പദ്ധതിയുടെ ചെലവ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചെങ്കിലും സിദ്‌റ തുറക്കുന്ന തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജീവനക്കാരെ നേരത്തേ നിയോഗിച്ചിരുന്നു. 250 ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സമീപകാലത്ത് പിരിച്ചു വിട്ടു.
ഒരു ബില്യന്‍ ഡോളര്‍ പദ്ധതി അടങ്കല്‍ കണക്കാക്കുന്ന മെഡിക്കല്‍ സിറ്റി ആന്‍ഡ് ട്രോമ മാസ് കാഷ്വാലിറ്റി ഹോസ്പിറ്റല്‍ പദ്ധതിയും നിര്‍മാണത്തിലാണ്. ഖത്വര്‍ യൂനിവേഴ്‌സിറ്റിക്കു സമീപത്താണ് മെഡിക്കല്‍ സിറ്റി പദ്ധതി നിലവില്‍ വരുന്നത്. 2022ല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പുതിയ 1,100 ബെഡ് സൗകര്യമാണ് നിലവില്‍ വരികയെന്ന് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളുടെ സമയത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നടന്നു വരുന്ന വിവിധ പദ്ധതികളിലൂടെ 2018ല്‍ 1067 ആശുപത്രി കിടക്കകള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2033ല്‍ വീണ്ടും 1,582 ബെഡുകള്‍ കൂടി സൃഷ്ടിക്കപ്പെടും.
ആരോഗ്യ പരിചരണ രംഗത്ത് വേണ്ടി വരുന്ന ചെലവുകള്‍ വര്‍ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2008ല്‍ ആരോഗ്യ മേഖലയിലെ ചെലവ് 2.2 ബില്യന്‍ ഡോളറിന്റെതായിരുന്നുവെങ്കില്‍ 2013ല്‍ ഇത് 4.4 ബില്യന്റേതായി ഉയര്‍ന്നു. പ്രതിവര്‍ഷം 15.4 ശതമാനം വര്‍ധനവാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ഇത് ശ്രദ്ധേയമായ ഉയര്‍ച്ചയാണെന്നും ജി സി സി ശരാശരിക്കും മുകളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജി സി സി ശരാശരി 10.3 ശതമാനമാണ്. 2020ല്‍ എത്തുമ്പോള്‍ ചെലവ് ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ഉയരും. 12.7 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.
അതേസമയം റിപ്പോര്‍ട്ടില്‍ ഖത്വറിന്റെ സ്ഥാനം മധ്യത്തിലാണ്. കുവൈത്തില്‍ ആരോഗ്യ രംഗത്തെ ചെലവുവര്‍ധന 13 ശതമാനമാണ് പ്രവചിക്കുന്നത്. സഊദിയില്‍ 11 ശതമാനവും.

Latest