Connect with us

Gulf

സര്‍ക്കാര്‍ മേഖലയില്‍ പിരിച്ചു വിടല്‍ തുടരുന്നു; സ്ഥാപനങ്ങള്‍ ചെലവു ചുരുക്കല്‍ ആരംഭിച്ചു

Published

|

Last Updated

ദോഹ : സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പുനഃക്രമീകരണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചു വിടല്‍ തുടരുന്നു. ധനകാര്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജോലിക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നോട്ടീസ് ലഭിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ ഈ മാസാവസാനത്തോട ജോലി അവസാനിക്കുമെന്നറിയിച്ച് നോട്ടീസ് ലഭിച്ചവരുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും പിരിച്ചു വിടല്‍ തുടരുന്നുണ്ട്.
വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നുണ്ട്. പ്രധാനമായും അവിധഗ്ധ ജോലിക്കാര്‍ക്കാണ് നോട്ടീസ് ലഭിച്ചതെന്ന് ധനമന്ത്രാലയത്തിനു കീഴില്‍ ഹൗസിംഗ് വിഭാഗത്തില്‍ ജോലി ചെയ്തുവന്നയാള്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരെയും പിരിച്ചുവിടുന്നുണ്ട്. ഒന്നാംഘട്ട പിരിച്ചുവിടല്‍ പൂര്‍ത്തിയായ സ്ഥാപനങ്ങളില്‍ അടുത്ത ഘട്ടത്തിലേക്കു കടക്കുമോ എന്ന ഭീതിയാലാണ് ജീവനക്കാര്‍. പിരിച്ചുവിടല്‍ കൂടാതെ ആനുകൂല്യങ്ങളും അലവന്‍സുകളും കുറച്ചും കൂടുതല്‍ ജോലി ചെയ്യിച്ചും ചെലവു ചുരുക്കുന്നതിനും സമ്പത്തിക നഷ്ടം നികത്തുന്നിതിനുമാണ് സ്ഥാനങ്ങള്‍ തയാറെടുക്കുന്നത്.
അതിനിടെ രാജ്യത്ത് സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളും പദ്ധതികളും പരമാവധി ചെലവു ചുരുക്കി സാമ്പത്തിക നിയയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു ശ്രമിക്കുകയാണ്. ബജറ്റ് കമ്മി സൃഷ്ടിക്കുന്ന സാഹചര്യം മറികടക്കാന്‍ ചെലവുകള്‍ നിയനന്ത്രിക്കണമെന്നും അമിതച്ചെലവുകള്‍ ഒഴിവാക്കണമെന്നുമുള്ള സര്‍ക്കര്‍ നിര്‍ദേശം പാലിച്ചു കൊണ്ടാണ് സ്ഥാപനങ്ങള്‍ നിന്ത്രണം കൊണ്ടുവരുന്നത്. ചെലവു ചുരുക്കല്‍ സന്ദേശം രാജ്യത്തെ ജനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ നിരീക്ഷിച്ച് ദോഹ ന്യൂസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവു ചുരുക്കന്നതിനുള്ള നിര്‍ദേശങ്ങള്‍ പലരും സാമൂഹികമാധ്യമങ്ങളില്‍ പങ്കു വെക്കുന്നു. പൊതുമേഖലയിലെ വേതന ഘടന താഴ്ത്തണമെന്ന് ചിലര്‍ നിര്‍ദേശിക്കുന്നു. വിദേശ തൊഴിലാളികളെ കുറക്കണമെന്നും സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്കും മറ്റു ചെലവിടുന്ന പണത്തില്‍ നിയന്ത്രണം വരുത്തണമെന്നും നിര്‍ദേശമുണ്ട്. 2022ലെ ലോകകപ്പ് ഉപേക്ഷിക്കണമെന്നു വരെ അഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒന്നര പതിറ്റാണ്ടിനിടെ ആദ്യമായി ഉണ്ടായ കമ്മി ബജറ്റിലെ നിര്‍ദേശം മാനിച്ച് സര്‍ക്കാര്‍ ധനസഹായത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാനപങ്ങളായ അല്‍ ജസീറ, ഖത്വര്‍ ഫൗണ്ടേഷന്‍, ഖത്വര്‍ മ്യൂസിയം എന്നീ സ്ഥാപനങ്ങള്‍ ചെലവു ചുരുക്കുന്നതിനുള്ള സമ്മര്‍ദത്തിലാണ്. പ്രോഗ്രാമുകള്‍ കുറച്ചും വിദേശ തൊഴിലാളികളെ ഒഴിവാക്കിയുമാണ് പുഃനക്രമീകരണം. ചെലവുകള്‍ കുറച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതികളാണ് ഈ വര്‍ഷം ആസൂത്രണം ചെയ്യുന്നതെന്ന് കതാറ കള്‍ചറല്‍ വില്ലേജ് അധികൃതര്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും സാമ്പത്തിക നിയന്ത്രണത്തിന്റെ ക്ലേശം വൈകാതെ നേരിടേണ്ടി വരുമെന്ന് അല്‍ ശര്‍ഖ് പത്രം നിരീക്ഷിച്ചു. വിവിധ വകുപ്പുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വന്ന മൊബൈല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അലവന്‍സുകള്‍ വെട്ടിച്ചുരുക്കുകയോ പാടേ ഒഴിവാക്കുകയോ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓവര്‍ടൈം പേയ്‌മെന്റും കുറക്കും. കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിയ ശമ്പള വര്‍ധന പിന്‍വലിക്കണമെന്ന നിര്‍ദേശമാണ് പൊതുജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ മുന്നോട്ടു വെക്കുന്നത്. സാമൂഹിക ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച് ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും പത്രങ്ങള്‍ പറയുന്നു. ഖത്വര്‍ ഫുട്‌ബോള്‍ ലീഗും മറ്റു സ്‌പോര്‍ട്‌സ് ഇവന്റുകളും വേണ്ടെന്നു വെച്ച് പണം ലാഭിക്കണമെന്ന് കൂടുതല്‍ പേര്‍ക്ക് അഭിപ്രായമുണ്ട്. വന്‍കിട നിര്‍മാണ പ്രവൃത്തികള്‍ക്ക് ചെലവിടേണ്ടി വരുന്ന തുക ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വേള്‍ഡ് കപ്പ് വേണ്ടെന്നു വെക്കാന്‍ നിര്‍ദേശിക്കുന്നത്.

Latest