Connect with us

International

ലൈംഗിക ആരോപണം: ഇസ്‌റാഈല്‍ ആഭ്യന്തര മന്ത്രി രാജിവെച്ചു

Published

|

Last Updated

ജറുസലേം: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ലികുഡ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഇസ്‌റാഈല്‍ ആഭ്യന്തര മന്ത്രിയുമായ സില്‍വന്‍ ഷാലോം രാജിവെച്ചു. ഷോലോം ലൈംഗികമായി തങ്ങളെ പീഡിപ്പിച്ചതായി ഒരു കൂട്ടം സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണത്തിന്‍മേല്‍ അറ്റോര്‍ണി ജനറല്‍ ഞായറാഴ്ച അന്വേഷണം പ്രഖ്യാപിച്ചതോടെ അദ്ദേഹം രാജിവെക്കുകയായിരുന്നു. മുമ്പ് വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം നിലവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ് വഹിക്കുന്നത്. ആരോപണത്തില്‍ ഭയമില്ലെന്നും മന്ത്രിസ്ഥാനവും നെസെറ്റ് സ്ഥാനവും രാജിവെക്കുന്നതായും ഷാലോം പ്രസ്താവനയിലൂടെ പറഞ്ഞു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജിവെക്കുന്ന രണ്ടാമത്തെ ഇസ്‌റാഈലി മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ഷാലോം. 1990ല്‍ ക്യാബിനറ്റ് മന്ത്രിയായിരിക്കെ ഓഫീസിലെ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ 2007ല്‍ പ്രസിഡന്റ് മോഷെ കാത്്‌സാവ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. കേസില്‍ അദ്ദേഹം ഏഴ് വര്‍ഷം തടവ് ശിക്ഷ അനുവഭിവക്കുകയും ചെയ്തിരുന്നു.