National
ജിഎസ്ടി ബില്‍: തത്വത്തില്‍ അംഗീകരിക്കാന്‍ ധാരണ

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത ചരക്ക് സേവന നികുതി നടപ്പാക്കുന്ന ബില്ലിനെ പാര്‍ലിമെന്റില്‍ പിന്തുണക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റുന്നു. ചില വ്യവസ്ഥകളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ ബില്ലിനെ തത്വത്തില്‍ പിന്തുണക്കാനാണ് ധാരണ. എന്നാല്‍, അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് നിലപാടില്‍ കാര്യമായ മാറ്റം വന്നത്. കൂടിക്കാഴ്ചക്കു ശേഷം ബില്ലിനെ തത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണക്കുന്നതായി സോണിയാ ഗാന്ധി അറിയിച്ചതായി പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
ചരക്ക് സേവന നികുതി (ജി എസ് ടി) ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച ചെയ്യാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാക്കളെ ചായ സത്കാരമുള്‍പ്പെടെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. എന്നാല്‍, ബി ജെ പിക്കെതിരെ രൂക്ഷമായി രംഗത്തുള്ള രാഹുല്‍ ഗാന്ധിയെ മാറ്റിനിര്‍ത്തി ഉദാരവത്കരണ നയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കാറുള്ള മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചര്‍ച്ചക്ക് വിളിച്ചതിന് പിന്നില്‍ മോദിക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ചര്‍ച്ച മന്‍മോഹന്റെ സാന്നിധ്യത്തിലാകുമ്പോള്‍ കാര്യങ്ങള്‍ കുറേ കൂടി എളുപ്പമാകുമെന്ന് മോദിക്ക് വ്യക്തമായി അറിയാം. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റം അത് തെളിയിക്കുന്നുണ്ട്.
അതേസമയം, യു പി എ സര്‍ക്കാര്‍ തയ്യാറാക്കിയ ചരക്ക് സേവന നികുതി ബില്ലിനെ എതിര്‍ക്കുന്നത് വാണിജ്യ വ്യാവസായിക മേഖലയില്‍ പാര്‍ട്ടിക്കെതിരായ വികാരമുണ്ടാക്കുമെന്നാണ് നിലപാട് മാറ്റത്തിന് ന്യായീകരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യമൊഴിവാക്കാനാണ് ബില്ലിനെ തത്വത്തില്‍ പിന്തുണക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് ശേഷമാണ് അനുകൂല നിലപാട് സ്വീകരിച്ചതും ഇതിനെ ന്യായീകരിച്ചതും. അന്തിമ നിലപാട് സ്വീകരിക്കുന്നതിന് പാര്‍ട്ടിക്കുള്ളിലെ ആലോചനയുടെ ഭാഗമായി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന ഖാര്‍ഗെ, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുമായി ചര്‍ച്ച നടത്തി.
ജി എസ് ടിക്ക് കീഴില്‍ പരമാവധി നികുതി പതിനെട്ട് ശതമാനമായി നിജപ്പെടുത്തുന്നതടക്കം ഇപ്പോഴത്തെ ബില്ലില്‍ മൂന്ന് മാറ്റങ്ങളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഇത് പ്രായോഗികമല്ലെന്നും കുറഞ്ഞത് 22 മുതല്‍ 24 വരെ ശതമാനം നികുതി ഏര്‍പ്പെടുത്തേണ്ടി വരുമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അതിനിടെ, കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസ്സാക്കാനാണ് മോദി സര്‍ക്കാറിന്റെ ശ്രമമെന്നും വിഷയത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒത്തുകളിക്കുകയാണെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ജി എസ് ടിയുടെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച വേണമെന്നും സി പി എം ആവശ്യപ്പെട്ടിട്ടുണ്ട്.