Connect with us

Malappuram

നിലമ്പൂരില്‍ വിമതരുടെ വിചിത്ര മുന്നണി

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ യു ഡി എഫ്, സി പിഎം വിമതരുടെ നേതൃത്വത്തില്‍ വിചിത്ര മുന്നണിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
സീറ്റ് വിഭജനത്തില്‍ അതൃപ്തിയുള്ള മുന്നണിയിലെ ചെറുകക്ഷികളും സീറ്റ് ലഭിക്കാത്ത കോണ്‍ഗ്രസിലെ ഒരു വിഭാഗവുമാണ് യു ഡി എഫില്‍ റിബലായി പത്രിക നല്‍കിയിരിക്കുന്നത്. പട്ടരാക്ക ഡിവിഷനില്‍ കേരളാ കോണ്‍ഗ്രസ് എം വനിതാ വിഭാഗം മണ്ഡലം സെക്രട്ടറി എലിയാമ്മാ കോശിയും കേരള കോണ്‍ഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡന്റ് ബിനോയിപാട്ടത്തില്‍ ചക്കാലക്കുത്ത് ഡിവിഷനിലും പത്രിക നല്‍കി. ജനകീയ കൂട്ടായ്മയുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചിട്ടുണ്ട്. ഇരുത്താംപൊയിലില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പി കെ ശഫീഖും ചന്തക്കുന്നില്‍ കോണ്‍ഗ്രസ് മുന്‍മണ്ഡലം സെക്രട്ടറി മുസ്തഫ കളത്തുംപടിക്കലും മത്സര രംഗത്തുണ്ട്.
മുന്നണി മര്യാദ പാലിക്കാത്തതിനാലാണ് മത്സരിക്കുന്നതെന്ന് സീറ്റ് വിഭജന ചര്‍ച്ചക്ക് പോലും ക്ഷണിച്ചില്ലെന്നും കേരളാ കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ജോര്‍ജ് എം തോമസ് പ്രതികരിച്ചു. പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളില്ലാത്ത ഡിവിഷനുകളില്‍ ജനകീയ കൂട്ടായ്മ സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
ഇരുത്താംപൊയിലില്‍ കോണ്‍ഗ്രസ് സീറ്റ് കുടുംബ സീറ്റായി മാറിയതിനാലാണ് നാമ നിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി പി കെ ശഫീഖ് പറഞ്ഞു. പത്ത് കൊല്ലമായി ഡിവിഷനില്‍ ചാലില്‍ ഉണ്ണികൃഷ്ണനും ഭാര്യ സതീദേവി ഉണ്ണികൃഷ്ണനും മാറിമാറി കൈയ്യടക്കിവെച്ചിരിക്കുകയാണെന്നും ശഫീഖ് പ്രതികരിച്ചു.

പൊന്നാനിയില്‍
ഇടതുപക്ഷം റിബലുകളെ നിര്‍ത്തി പരസ്പരം പോരിന്
മലപ്പുറം: പൊന്നാനി നഗരസഭയില്‍ സി പി ഐ – സി പി എം പാര്‍ട്ടികള്‍ പരസ്പരം റിബലുകളെ നിര്‍ത്തിയാണ് പോരിനിറങ്ങുന്നത്. ആകെയുളള 51 സീറ്റില്‍ 41 ഇടത്ത് സി പി എമ്മും എട്ട് സീറ്റില്‍ സിപി ഐ രണ്ടിടത്ത് എന്‍ സി പിയുമാണ് ധാരണയുള്ളത്. എന്നാല്‍ സി പി എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിടത്ത് സി പി ഐയും ഇവിടങ്ങളില്‍ തിരിച്ച് സി പി എമ്മും റിബലുകളെ നിര്‍ത്തിയിട്ടുണ്ട്. പുതുപൊന്നാനിയിലെ നാല്‍പത്തി രണ്ടാം വാര്‍ഡിലെ എന്‍ സി പിയുടെ ജില്ലാ പ്രസിഡന്റ് ഒ ഒ ശംസു മത്സരിക്കുന്ന വാര്‍ഡില്‍ സി പി ഐ റിബലും പത്രിക നല്‍കി. സി പി ഐ ബ്രാഞ്ച് സെക്രട്ടറിയാണ് ഇവിടെ പത്രിക നല്‍കിയിട്ടുള്ളത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലിന്റെ അവസാന ദിവസം വോട്ട് ചേര്‍ക്കലും വെട്ടലും സംബന്ധിച്ച് സി പി ഐയും സി പി എമ്മും തമ്മില്‍ കലഹിച്ചിരുന്നു. ചൊവ്വാഴ്ച എല്‍ ഡി എഫ് നാമനിര്‍ദേശ പത്രിക നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സി പി ഐ വിട്ടു നിന്നു. ഇതോടെ മുന്നണി ബന്ധത്തിലെ ഭിന്നത മറനീക്കി പുറത്തായി. സി പി എം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന 45, 47, 50, 51 വാര്‍ഡുകളില്‍ സി പി ഐ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സി പി എം റിബലുകളെ നിര്‍ത്തിയത്. ഇന്നലെ എല്‍ ഡി എഫ് കമ്മിറ്റി ചേരാന്‍ തീരുമാനിച്ചെങ്കിലും നടന്നിട്ടില്ല.

---- facebook comment plugin here -----

Latest