Connect with us

National

തൊഴിലില്ലായ്മയുടെ ചരിത്രം സൃഷ്ടിച്ച് യു പി

Published

|

Last Updated

ലക്‌നൗ: രാജ്യത്ത് അനിയന്ത്രിതമായി വരുന്ന തൊഴിലില്ലായ്മയുടെ ഏറ്റവും പുതിയ പരിഛേദമാകുകയാണ് ഉത്തര്‍പ്രദേശ്. ഈയിടെ ക്ഷണിച്ച ഒരു പൊതുപരീക്ഷക്ക് അപേക്ഷിച്ചവരുടെ എണ്ണമാണ് ഈ ഭീകരതയുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ടത്. അതും പ്യൂണ്‍ തസ്തികയിലേക്ക്. 368 പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയത് 23 ലക്ഷം പേരാണ്. ഇത് ലക്‌നൗവിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുമെന്നാണ് കണക്ക്. 45 ലക്ഷമാണ് ലക്‌നൗവിലെ ജനസംഖ്യ.
അപേക്ഷകരില്‍ ബിരുദവും ബിരുദാനന്തരബിരുദവും പ്രൊഷനല്‍ വിദ്യാഭ്യാസവും നേടിയവരുമായി രണ്ടു ലക്ഷം പേരുണ്ട്. 255 പേര്‍ പി എച്ച്ഡി നേടിയവരാണ്. സചിവാലയ ഡിപ്പാര്‍ട്ട്‌മെന്റാണ് ഉദ്യോഗാര്‍ഥികളുടെ അപേക്ഷക്ഷണിച്ച്. ഓണ്‍ലൈനായാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷകരുടെ എണ്ണം കണ്ടപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി പ്രഭാത് മിത്തല്‍ വെളിപ്പെടുത്തുന്നു. നേരിട്ട് ഇന്റര്‍വ്യുവഴിയാണ് നിയമനം. പ്യൂണ്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയ അലോക് എന്ന പി എച്ച് ഡി ബിരുദധാരി വെളിപ്പെടുത്തുന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. തൊഴിലില്ലാതെ നട്ടംത്തിരിഞ്ഞ് നടക്കുന്നതിനേക്കാള്‍ ഭേദം ഒരു പ്യൂണ്‍ ജോലിയെങ്കിലും ലഭിക്കുകയെന്നതാണ്.
പ്യൂണ്‍പണിയെടുക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് പി ജി ബിരുദധാരി രഥന്‍യാദവ് പറയുന്നു. വീട്ടുകാരുടെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കി. എത്രകാലമാണ് അവരെ ആശ്രയിച്ച് കഴിയുക. ഓഫിസര്‍മാര്‍ക്ക് വെള്ളംകൊടുക്കുന്ന ജോലിയായാലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാമല്ലൊയെന്നാണ് മറ്റൊരു ഉദ്യോഗാര്‍ഥി രേഖ വര്‍മ്മ ചോദിക്കുന്നത്. യുവതലമുറയിലെ തൊഴിലില്ലായ്മയുടെ ഭീകരതവെളിപ്പെടുത്തുകയാണ് ഉത്തരപ്രദേശില്‍നിന്നുള്ള ഈ കണക്കുകള്‍.