Articles
വിശുദ്ധ യാത്രക്ക് ഒരുങ്ങുമ്പോള്‍

2015 സെപ്തംബര്‍ രണ്ടിന് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍ക്കാര്‍ ഹാജിമാരെയും വഹിച്ച ആദ്യത്തെ വിമാനം പറന്നുയരുകയാണല്ലോ. ഭൂമിലോകത്തെ മനുഷ്യരും ആകാശലോകത്തെ മാലാഖമാരും അല്ലാഹുവിന്റെ വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഹജ്ജ് എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ യജമാനനായ റബ്ബിന്റെ പ്രീതി മാത്രം കാംക്ഷിച്ച് അവന്റെ വിനീതനായ അടിമ അല്ലാഹുവിന്റെ വീടായ കഅബാ ശരീഫിനെ ലക്ഷ്യമാക്കി നടത്തുന്ന വിശുദ്ധയാത്രയാണ്. വിശുദ്ധവും വിമലവുമായ ഒരു ഹൃദയത്തെയാണ് നമുക്ക് അവിടെ സമര്‍പ്പിക്കാനായി കൂടെ കൊണ്ടുപോകാനുള്ളത്. അറബി അക്ഷരങ്ങളുടെ നിര്‍ണിതമായ മൂല്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഹജ്ജ് എന്ന പദത്തില്‍ ഇസ്‌ലാമിന്റെ മുഖ്യമായ കര്‍മപരിപാടികള്‍ അഞ്ചും വിശ്വാസാദര്‍ശങ്ങള്‍ ആറും ഒത്തിണങ്ങിയതായിക്കാണാം. മാത്രമല്ല, കലിമതുത്തൗഹീദിന്റെ പ്രൗഢിയും നിസ്‌കാരത്തിന്റെ ഭയഭക്തിയും സകാത്തിന്റെ സാമ്പത്തിക ഭദ്രതയും നോമ്പിന്റെ സഹനവും ഹജ്ജില്‍ പ്രകടമായികാണാം. മനസ്സിന്റെ ധര്‍മവും ശരീരത്തിന്റെ കര്‍മവും സംഗമിക്കുന്ന മഹനീയമായ ഈ ആരാധന മുസ്‌ലിം സമൂഹത്തിന്റെ അതുല്യമായ കൂട്ടായ്മ ഉയര്‍ത്തിപ്പിടിക്കുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ലോകത്തിന്റെ വാര്‍ഷിക സമ്മേളനം എന്ന് ഹജ്ജിനെ വിശേഷിപ്പിക്കാം.
ഒരു ഹ്രസ്വകാല ട്രെയിനിംഗ് കോഴ്‌സാണിത്. പാപക്കറകള്‍ പുരണ്ട് മലീമസമായ മനുഷ്യമനസ്സുകളെ തുരുമ്പുപിടിച്ച ഇരുമ്പിനെ തീച്ചൂളയിലിട്ട് ഊതിക്കാച്ചി മിനുക്കിയെടുക്കും പോലെ തൗബയാകുന്ന മൂശയില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും തീച്ചൂളയിലിട്ട് സ്ഫുടം ചെയ്‌തെടുക്കാനുള്ള ഒരു പ്രക്രിയയാണ് ഹജ്ജ്. ഇതിലൂടെ വിശ്വാസികള്‍ കൂടുതല്‍ വിനീതരും സേവകരും പരോപകാരികളുമായിത്തീരുന്നു. പ്രപഞ്ചനാഥന്റെ കരുണക്കായി ഹൃദയം പൊട്ടിക്കരയുന്ന രാജാവിനെയും പ്രജയെയും മുതലാളിയെയും തൊഴിലാളിയെയും ഉടമയെയും അടിമയെയും കറുത്തവനെയും വെളുത്തവനെയും നഗ്നപാദരായി നമ്രശിരസ്‌കരായി ഒരേ വേദിയില്‍ അണിനിരത്തുന്ന ഒരു അത്യുല്‍കൃഷ്ട കര്‍മമാണ് ഹജ്ജ്.
വിശുദ്ധ ഹജ്ജ് കര്‍മം നമ്മെ പരലോകയാത്രയിലേക്ക് സജ്ജമാക്കുന്നത് കൂടിയാണ്. ഇഹ്‌റാമിന്റെ കുളി കുളിക്കുമ്പോള്‍ ഒരു ദിവസം തന്നെ കുളിപ്പിക്കപ്പെടുമെന്നും ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കുമ്പോള്‍ ഒരു ദിവസം മൂന്ന് കഷ്ണം വസ്ത്രം ധരിപ്പിക്കപ്പെടുമെന്നും ഇഹ്‌റാമിന്റെ നിസ്‌കാരം നിര്‍വഹിക്കുമ്പോള്‍ ഒരു ദിവസം എനിക്ക് വേണ്ടി നിസ്‌കരിക്കപ്പെടുമെന്നും സ്വയം യാത്ര പുറപ്പെടുമ്പോള്‍ ഒരു ദിവസം എന്നെ യാത്രയാക്കപ്പെടുമെന്നുമുള്ള ചിന്ത അവനെ കൂടുതല്‍ ഭക്തനാക്കി തീര്‍ക്കും.
ഒരു ഹാജിക്ക് കിട്ടുന്ന ഏറ്റവും വലിയ അസുലഭ സൗഭാഗ്യമാണ് മദീനാ സന്ദര്‍ശനം. വിശ്വത്തിന്റെ വിമോചകനും ലോകാനുഗ്രഹിയും മക്കാ മദീനയുടെ അധിപതിയുമായ ഹബീബ് (സ)യുടെ സാന്നിധ്യത്തിലേക്കെത്തുമ്പോള്‍ അണപൊട്ടി ഒഴുകുന്ന പ്രവാചക സ്‌നേഹത്തിന്റെ പ്രവാഹങ്ങളാണ് സത്യവിശ്വാസിയുടെ മനോമുകുരത്തിലുയര്‍ന്ന് വരേണ്ടത്. ചുണ്ടുകള്‍ സ്വലാത്തുകളും ദിക്‌റുകളും ദുആകളും കൊണ്ട് മുഖരിതമായിരിക്കണം. അദബും അടക്കവുമുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ വിനയാന്വിതരായി നാം നിലകൊള്ളണം. ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നതും അദബ് കേട് കാണിക്കുന്നതും നമ്മുടെ സര്‍വ അമലകളും പൊളിഞ്ഞുപോകാന്‍ കാരണമാകുമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഒരു പാമ്പ് മാളത്തിലേക്ക് മടങ്ങുംപോലെ ഈമാനുള്ള മനുഷ്യന്റെ മടക്കം എപ്പോഴും മദീനയിലേക്കായിരിക്കും എന്ന ഹദീസ് സ്മരിക്കണം. ഏറെ നാളത്തെ സ്വപ്‌നം പൂവണിഞ്ഞതിന്റെ സായൂജ്യം- അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്- അവിടുത്തേക്ക് സമര്‍പ്പിക്കുമ്പോള്‍ കണ്ണും ഖല്‍ബും തുളുമ്പണം.
യഥാര്‍ഥ ഹജ്ജ് മനുഷ്യജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ടാക്കുന്നു. ജീവിത നൈരാശ്യത്തിലകപ്പെട്ടു പോയവരെ മോചനത്തിന്റെയും ഇരുലോക സൗഭാഗ്യത്തിന്റെയും സുവര്‍ണ തുരുത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. വിവര്‍ണാതീതമായ ആത്മസംതൃപ്തിയും വിചാരതരളിതമായ അനുഭൂതിയും എന്നെന്നും അയവിറക്കാന്‍ ഒട്ടേറെ മധുരസ്മരണകളുമാണ് ശിഷ്ടജീവിതത്തില്‍ ഒരു ഹാജിക്ക് കൈവരാനുള്ളത്. അതിന് കഅ്ബയെ കണ്ട കണ്ണു കൊണ്ട് ഇനി ഹറാമായത് ഞാന്‍ കാണില്ല എന്നും ത്വവാഫ് ചെയ്ത കാലുകളെ കൊണ്ട് ഹറാമായത് ഞാന്‍ ചെയ്യില്ല എന്നും കല്ലെറിഞ്ഞ കൈകളെ കൊണ്ട് ഹറാമായത് ഒന്നും പ്രവൃത്തിക്കില്ല എന്നും മുത്ത് റസൂലിന് സലാം പറഞ്ഞ നാവുകൊണ്ട് അനാവശ്യമായതൊന്നും പറയില്ല എന്നും അവന്‍ പ്രതിജ്ഞ ചെയ്യണം.
പ്രത്യേകം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹജ്ജിന് പുറപ്പെടുന്നവര്‍ അവരുടെ വിമാനയാത്രയുടെ തലേദിവസം രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി വൈകുന്നേരം നാല് മണിയുടെയും ആറ് മണിയുടെയും ഇടയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ആറ് മണി കഴിഞ്ഞാല്‍ കൗണ്ടര്‍ അടക്കുന്നതാണ്. പുറപ്പെടുമ്പോള്‍ ഉച്ചഭക്ഷണം കൂടെ കരുതുന്നതാണ് നല്ലത്. ഹാജിമാരുടെ കൂടെയുള്ള സന്ദര്‍ശകരെ രജിസ്‌ട്രേഷന്‍ സമയം വരെ മാത്രമേ കൂടെ അനുവദിക്കുകയുള്ളൂ. ഹജ്ജ് ക്യാമ്പ് അതീവസുരക്ഷാ കേന്ദ്രത്തിലായതിനാലാണിത്. മരുന്ന് ഷീട്ട്, ഹാറ്റ് കാര്‍ഡ് പാസ്‌പോര്‍ട്ട്, മറ്റ് യാത്രാരേഖകള്‍ ഇഹ്‌റാമിന്റെ രണ്ട് സെറ്റ് വസ്ത്രങ്ങള്‍, ചെരിപ്പ് എന്നിവ ഹാന്‍ഡ് ബേഗില്‍ സൂക്ഷിക്കേണ്ടതാണ്. ഷുഗര്‍ കുറഞ്ഞുപോകുന്നവര്‍ അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ഹൃദയസംബന്ധമായ അസുഖമുള്ളവവര്‍ നാവിനടിയില്‍ വെക്കുന്ന ഗുളികയും കരുതണം. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍, ഗുരുതരമായ രോഗങ്ങളുള്ളവവര്‍ അവരുടെ മെഡിക്കല്‍ ഹിസ്റ്ററി, ലാബ് റിപ്പോര്‍ട്ട്, ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ സ്ലിപ്പ് എന്നിവയുടെ മൂന്ന് കോപ്പി കൂടെ കരുതണം. ഇരുപത് ദിവസത്തേക്കുള്ള മരുന്ന് വീതം മൂന്ന് പാക്കറ്റുകളിലാക്കി രണ്ടെണ്ണം ലഗേജിലും ഒന്ന് ഹാന്‍ഡ്‌ബേഗിലും വെക്കണം. മാനസികാസ്വാസ്ഥകള്‍ ഉള്ളവര്‍ ഉറക്കമൊഴിക്കാന്‍ പാടില്ല. ഹജ്ജിന്റെ കാലയളവില്‍ ആര്‍ത്തവമുണ്ടാകുമെന്ന് ഭയക്കുന്നവര്‍ പോകുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. എണ്ണകള്‍, അച്ചാര്‍ പോലോത്തത് ലഗേജിലും കത്തി, കത്രിക, സൂചി, ബ്ലേഡ്, നഖംവെട്ടി എന്നിവ ഹാന്‍ഡ് ബേഗിലും വെക്കരുത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ബാറ്ററി ഊരിവെക്കേണ്ടതാണ്. അല്‍പം അവില്‍, കുവ്വപ്പൊടി, ചായപ്പൊടി, പഞ്ചസാര, വറുത്തകായ, ഒരു ചെറിയ കെറ്റല്‍, ബിസ്‌കറ്റ് എന്നിവ ചെറിയ യാത്രകളിലെല്ലാം കൂടെ കരുതുന്നത് നല്ലതാണ്. ബേഗില്‍ നിറച്ച സാധനങ്ങള്‍ എന്തെല്ലാമാണെന്ന് ഹാജി അറിഞ്ഞിരിക്കണം. എയര്‍ കസ്റ്റംസ് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാനാണിത്. ചെക്കിംഗ് സമയത്ത് ബാഗേജ് ടാഗ് വാങ്ങി സൂക്ഷിക്കാന്‍ മറക്കരുത്. അഥവാ ലഗേജ് നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാന്‍ ഈ ടാഗ് ആവശ്യമാണ്. ലഗേഷ് നഷ്ടപ്പെട്ടാലോ വഴിതെറ്റിപ്പോയാലോ ഹജ്ജ് വളണ്ടിയറുമായോ ഹജ്ജ് മിഷന്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. വിമാനത്താവളത്തില്‍ നിന്ന് കയറ്റുമ്പോഴും ഇറക്കുമ്പോഴും നമ്മുടെ ലഗേജുകള്‍ നമുക്ക് ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. പണം അരക്കെട്ടിലെ ബെല്‍റ്റില്‍ സൂക്ഷിച്ച് അതിനുമുകളില്‍ വസ്ത്രം ധരിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. അല്ലെങ്കില്‍ മുതവ്വിഫിനെ ഏല്‍പ്പിച്ച് രസീത് വാങ്ങുകയുമാകാം. അത്യാവശ്യത്തിനുള്ള പണം മാത്രമേ പുറത്തെടുക്കാവൂ. കറുത്ത തസ്ബീഹ് മാല, ആയുധങ്ങള്‍, വെടിമരുന്ന്, ലൈറ്റര്‍, ലഹരി പദാര്‍ഥങ്ങള്‍, കളിത്തോക്ക് എന്നിവ പാടില്ല. സഊദിയില്‍ ആര്‍ക്കെങ്കിലും നല്‍കാനായി ബന്ധുക്കളോ സുഹൃത്തുക്കളോ തരുന്ന സാധനങ്ങള്‍ ഒരിക്കലും വാങ്ങിവെക്കരുത്. ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും വുളൂ എടുക്കുകയും വേണം. വിമാനത്തില്‍ വെള്ളം ഉപയോഗിക്കാനുള്ള സൗകര്യം പരിമിതമാണ്. അവിടെ എത്തിയാല്‍ ലൈസന്‍സുള്ള ടാക്‌സികളില്‍ മാത്രമേ സഞ്ചരിക്കാവൂ. അതും ഒറ്റക്കാകരുത്. സ്ത്രീകള്‍ കൂടെയുണ്ടെങ്കില്‍ ആദ്യം പുരുഷന്മാരും പിന്നീട് സ്ത്രീകളും കയറുക. ഇറങ്ങുമ്പോള്‍ വിപരീതമായും ചെയ്യുക.
ഫോണുകളില്‍ വരുന്ന വ്യാജ കോളുകള്‍, ഓഫറുകള്‍, സന്ദേശങ്ങള്‍ എന്നിവ ഒരിക്കലും ഗൗനിക്കരുത്. ഒരു കാരണവശാലും താമസസ്ഥലുത്തും തമ്പുകളിലും അപരിചിതരെ പാര്‍പ്പിക്കരുത്. നിലത്ത് വീണ് കിടക്കുന്ന സാധനങ്ങള്‍ കണ്ടാല്‍ എടുക്കരുത്. സി സി ടി വി ക്യാമറയില്‍ അത് പകര്‍ത്തപ്പെടുകയും നിങ്ങള്‍ മോഷ്ടാവായി കണക്കാക്കയും ചെയ്യും. മക്കയിലെത്തിയാല്‍ ആദ്യം റൂമില്‍ കയറി വിശ്രമിച്ച ശേഷമേ ഉംറക്ക് പോകാനാവൂ. ആദ്യമായി ഉംറക്ക് പുറപ്പെടുമ്പോള്‍ വഴിയിലെ അടയാളങ്ങള്‍ മനസ്സിലാക്കി വെക്കണം. ഹറമിലേക്ക് പുറപ്പെടുമ്പോള്‍ ചെരിപ്പ് സൂക്ഷിക്കാന്‍ ഒരു സഞ്ചിയും മുഖം തുടക്കാന്‍ ഒരു തൂവാലയും കരുതുന്നത് നല്ലതാണ്. തണുപ്പിക്കാത്ത സംസം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. മിനാ തമ്പില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ തീര്‍ച്ചയും ടെന്റ് കാര്‍ഡ് കൈവശം വെക്കണം. വലിയ കാലില്‍ മഞ്ഞ നിറത്തില്‍ രേഖപ്പെടുത്തിയ പോള്‍ നമ്പറും പ്രത്യേകം ഓര്‍ക്കണം. പൊള്ളലേല്‍ക്കാതിരിക്കാന്‍ പൈപ്പ് തുറക്കുമ്പോള്‍ ചൂടുവെള്ളമോ തണുത്തതാണോ എന്ന് ആദ്യം പരിശോധിച്ച് ഉറപ്പുവരുത്തണം. പൈപ്പുകള്‍ സാവകാശം തുറക്കുക. അല്ലാത്തപക്ഷം വസ്ത്രവും ശരീരവും മലിനപ്പെടാന്‍ സാധ്യതയുണ്ട്. മസ്ജിദുന്നബവിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കവാടങ്ങളാണുള്ളത്. സ്ത്രീകള്‍ അവരുടെ കവാടനമ്പര്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. മസ്ജിദുന്നബവിയുടെ മുറ്റത്ത് ചെറിയ ചെറിയ കെട്ടിടങ്ങള്‍ കാണാം. ഇവ അണ്ടര്‍ ഗ്രൗണ്ടിലേക്കുള്ള വഴിയാണ്. ഇവിടെ കോണിയും എക്‌സലേറ്ററും കാണാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ടോയ്‌ലെറ്റുകളും ബാത്ത് റൂമുകളും വുളൂഇനുള്ള സൗകര്യവും ഇതിനകത്തുണ്ട്. ഈ കെട്ടിടത്തിന്റെ നമ്പര്‍ ഓര്‍ക്കുന്നത് തിരിച്ചുവരാനും പോകാനും സൗകര്യമായിരിക്കും. യാത്രപോകാനൊരുങ്ങുമ്പോള്‍ ഫ്രൂട്ട്‌സുകള്‍ ധാരാളം കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. യാത്രക്ക് അത് തടസ്സമാകും. പരിശുദ്ധ സ്ഥലങ്ങളില്‍ വെച്ച് ഫോട്ടോ എടുക്കുന്നതില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം. മാടിക്കുത്തി നടക്കാനോ പുകവലിക്കാനോ ഒരിക്കലും പാടില്ല. സ്ത്രീകള്‍ തഹല്ലുലിന് വേണ്ടി മുടി വെട്ടുമ്പോള്‍ ആ മുടി ഔറത്തായതിനാല്‍ പുറത്തിടല്‍ നിശിദ്ധമാണ്. അഥവാ ആരെങ്കിലും സ്വര്‍ണം കൊണ്ടുവരികയാണെങ്കില്‍ ആ വിവരം അധികൃതരെ അറിയിക്കുകയും അതിന്റെ തീരുവ അടക്കുകയും വേണം.