Connect with us

Kerala

കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. കണാതെപോകുന്ന കുട്ടികളില്‍ അധികവും പെണ്‍കുട്ടികളാണ് എന്നതും ഞെട്ടിക്കുന്ന വിവരമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് കാണാതായത് 5818 കുട്ടികളാണ്. 2010 മുതല്‍ 2015 മെയ് വരെ കാണാതായ കുട്ടികളില്‍ 3281 പേര്‍ പെണ്‍കുട്ടികളും 2537 പേര്‍ ആണ്‍കുട്ടികളുമാണ്. കാണാതായവരില്‍ 190 പെണ്‍കുട്ടികളും 171 ആണ്‍കുട്ടികളുമുള്‍പ്പെടെ 361 പേരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും കാണാതാകുന്നവരുടെ എണ്ണം കൂടിവരുന്നതായി വ്യക്തമാക്കുന്നു. 2010ല്‍ കാണാതായത് 829 കുട്ടികളാണ്. ഇവരില്‍ 456 പേര്‍ പെണ്‍കുട്ടികള്‍. 2011 ആയപ്പോള്‍ 942 കുട്ടികള്‍ കാണാതായവരുടെ പട്ടികയിലുണ്ട്. ഇതില്‍ 546 പേരും പെണ്‍കുട്ടികളാണ്. 2012ല്‍ കാണാതാ 1081 പേരില്‍ 605 പേരും പെണ്‍കുട്ടികളാണ്. 2013ല്‍ 686, 2014 ല്‍ 698 എന്നിങ്ങനെയാണ് കാണാതായ പെണ്‍കുട്ടികളുടെ കണക്ക്. ഈ വര്‍ഷം മെയ് വരെ 529 കുട്ടികളെയാണ് കാണാതായത്. ഇതില്‍ 290 പേരും പെണ്‍കുട്ടികളാണ് .
കാണാതാകുന്ന സംഭവങ്ങള്‍ മിക്കവരും പോലീസില്‍ അറിയിക്കാറില്ല. അതുകൊണ്ടുതന്നെ പോലീസിന്റെ പക്കലുള്ള കണക്കുകള്‍ കൃത്യമല്ല. പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമാകും. ചിലര്‍ കാണാതായി ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും പോലീസില്‍ അറിയിക്കുക. സ്വന്തം നിലയിലുള്ള അന്വേഷണങ്ങളെല്ലാം പൂര്‍ത്തിയായി ഫലമില്ലെന്ന് കാണുമ്പോഴാണ് പോലീസിനെ അറിയിക്കുന്നത്. 2010ല്‍ കാണാതായ 829 പേരില്‍ 28 പേരെക്കുറിച്ച് ഇനിയും വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. 2011ല്‍ കാണാതായവരില്‍ 46 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 2012ല്‍ കാണാതായതില്‍ 44 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 2013ല്‍ ഇതുപോലെ 87 പേരെ കണ്ടെത്താനുണ്ട്. 2014ല്‍ കാണാതായവരില്‍ 73 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഈ വര്‍ഷത്തെ കണക്കുകള്‍ ലഭ്യമല്ല.
അതെസമയം, ദേശീയശരാശരി കണക്കാക്കിയാല്‍ ഓരോ മണിക്കൂറിലും 11 കുട്ടികളെ കാണാതാവുന്നു. ഇതില്‍ നാലുപേരെ കണ്ടെത്താനാവുന്നില്ല. പ്രതിവര്‍ഷം എഴുപതിനായിരം കുട്ടികളെ രാജ്യത്ത് കാണാതാവുന്നുണ്ടെന്നാണ് ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്ക്. ചിലകുട്ടികള്‍ നിസാരകാരണങ്ങള്‍ക്ക് വീട് വിട്ടിറങ്ങുമ്പോള്‍, ചില കുട്ടികളെ തട്ടി കൊണ്ട് പോകുന്നതായാണ് വിവരം. എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോകുന്ന കേസുകള്‍ പലതും തെളിയിക്കപ്പെടാറുമില്ല.

Latest